ന്യൂഡൽഹി: ജോർജ് സോറോസ് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെങ്കിൽ നിയമ നടപടി സ്വീകരിക്കാനോ ഇന്ത്യയിലെ പ്രവർത്തനം തടയാനോ പിന്തുണയുള്ള ഫണ്ടുകൾ തിരസ്കരിക്കാനോ സർക്കാർ തയാറാവാത്തതെന്ന് കോൺഗ്രസ്.
എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റ്. സോറോസുമായി ബന്ധമുള്ളവർ പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടതെങ്ങനെയെന്ന് വ്യക്തമാക്കണമെന്നും ശ്രീനേറ്റ് പറഞ്ഞു. ലോകമെമ്പാടുമുള്ള 68 പദ്ധതികൾക്കായി സോറോസിന്റെ ഓപൺ സൊസൈറ്റി ഫൗണ്ടേഷന് യു.എൻ ഡെമോക്രസി ഫണ്ടിൽ നിന്ന് ധനസഹായമുണ്ട്. യു.എൻ ഡെമോക്രസി ഫണ്ടിലേക്ക് സംഭാവന നൽകുന്ന നാലാമത്തെ വലിയ രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ എട്ടുവർഷത്തിനിടെ 900,000 ഡോളറാണ് മോദി സർക്കാർ യു.എൻ ഡെമോക്രസി ഫണ്ടിലേക്ക് സംഭാവന നൽകിയത്.
വാജ്പേയി പ്രധാനമന്ത്രിയായിരുന്ന 1999ലാണ് സോറോസ് ആദ്യമായി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. 2014ൽ രാജ്യത്ത് ഗ്രാന്റുകൾ നൽകിത്തുടങ്ങി. മോദി നയങ്ങളുടെ ആരാധകരായ ഗൗരവ് ഹിന്ദുജയും ശശാങ്ക് ഋഷ്യശൃംഗയും സോറോസിന്റെ പിന്തുണയുള്ള അസ്പാഡയിൽ നിന്ന് ധനസഹായം സ്വീകരിച്ചാണ് നിലവിൽ ആക്സിയോ എന്നറിയപ്പെടുന്ന ക്യാപിറ്റൽ ഫ്ലോട്ട് സ്ഥാപിച്ചത്. 40,000 ചെറുകിട വ്യവസായങ്ങളിലും സ്റ്റാർട്ടപ്പുകളിലുമായി അവർ 300 ദശലക്ഷം ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ബി.ജെ.പി മുൻ ട്രഷററും പശ്ചിമ ബംഗാൾ ഗവർണറുമായിരുന്ന വീരേൻ ഷായുടെ ചെറുമകളെയാണ് ഋഷ്യശൃംഗ വിവാഹം ചെയ്തത്. ആ വിവാഹത്തിൽ എൽ.കെ. അദ്വാനിയും ദേവേന്ദ്ര ഫഡ്നാവിസും പങ്കെടുത്തിരുന്നു. സോറോസ് ഇന്ത്യാവിരുദ്ധ അജണ്ടയാണ് നടത്തുന്നതെങ്കിൽ, എങ്ങനെയാണ് അദ്ദേഹത്തിന്റെ പണം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കും ചെറുകിട സംരംഭങ്ങളിലേക്കും മറ്റ് ഫണ്ടുകളിലേക്കും ഒഴുകുന്നതെന്നും ശ്രീനേറ്റ് ചോദിച്ചു.
അദാനി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ സംയുക്ത പാർലമെൻററി കമ്മിറ്റി (ജെ.പി.സി) രൂപവത്കരിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഗൗതം അദാനിയെ സംരക്ഷിക്കാൻ രാജ്യത്തിന്റെ താൽപര്യങ്ങൾ അപകടത്തിലാക്കുകയാണ് ബി.ജെ.പിയും പ്രധാനമന്ത്രിയും. അദാനി വിഷയം മൂടിവെക്കാൻ സർക്കാറും ബി.ജെ.പിയും പാർലമെൻറിനെ തടസ്സപ്പെടുത്തുന്നു.
‘ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്’ വിപണിയിൽ അദാനി കമ്പനികളുടെ 13 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നത് വിനോദ് അദാനിയുടെ സഹായികളായ നാസർ അലി ഷബാൻ അഹ്ലിയും ചാങ് ചുങ്-ലിംഗുമാണെന്ന് വെളിപ്പെടുത്തിയതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. എങ്ങനെയാണ് രണ്ടുപേർ ചേർന്ന് കൽക്കരി വില പെരുപ്പിച്ചുകാണിച്ച് വൈദ്യുതി നിരക്ക് വർധിപ്പിച്ചതെന്ന് ഒ.സി.സി.ആർ.പി വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഫ്രഞ്ച് വാർത്താ സ്ഥാപനമായ മീഡിയ പാർട്ട് അടുത്തിടെ പ്രസ്താവന ഇറക്കിയിരുന്നു. എന്നിട്ടും ഇപ്പോഴും മീഡിയ പാർട്ടിനെ ഉദ്ധരിച്ച് വ്യാജ വിവരം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പിയെന്നും ശ്രീനേറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.