ഷിംല: ഹിമാചൽപ്രദേശിലെ സുഖ്‍വീന്ദർ സിങ് സുഖുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ വീരഭദ്ര സിങ്. ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് അവർ അറിയിച്ചു.
നിയുക്ത ഹിമാചൽ മുഖ്യമന്ത്രി സുഖുവുമായി പ്രതിഭ വീരഭദ്ര സിങ്ങ് കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ പ്രാഥമിക ചുമതല സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുകയെന്നതാണെന്ന് പ്രതിഭ പറഞ്ഞു.താൻ എന്തിന് ചടങ്ങിൽ നിന്നും വിട്ടുനിൽക്കണമെന്ന് അവർ ചോദിച്ചു. തീർച്ചയായും ഞാൻ പോകും. അത് എന്റെ പ്രാഥമിക കർത്തവ്യമാണെന്ന് അവർ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുമായി തെരഞ്ഞെടുക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് സുഖ്‍വീന്ദർ സിങ് സുഖു പ്രതികരിച്ചു. ഗാന്ധി കുടുംബത്തോടും കോൺഗ്രസിനോടുമാണ് ഈ സമയത്ത് നന്ദിയറിയിക്കാനുള്ളത്. രാഷ്ട്രീയപ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ വിലക്കാതിരുന്ന തന്റെ അമ്മയോട് എപ്പോഴും കടപ്പാടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച ഉച്ചക്ക് ഒന്നരക്കാണ് ഹിമാചൽപ്രദേശിൽ സത്യപ്രതിജ്ഞ നടക്കുന്നത്. സുഖ്‍വീന്ദർ സിങ് സുഖുവിനൊപ്പം ഉപമുഖ്യമന്ത്രിയായി മുകേഷ് സിങ് അഗ്നിഹോത്രിയും ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.