മകൻ മരിച്ചിട്ടും മരുമകളെ കൈവിട്ടില്ല, പഠിപ്പിച്ച്​ അധ്യാപികയാക്കി വിവാഹവും കഴിപ്പിച്ചു; അമ്മായിഅമ്മക്ക്​ കയ്യടിച്ച്​ ലോകം

ഭർതൃവീട്ടിലെ പീഡനങ്ങളുടെ പ്രധാന പ്രതികൾ പലപ്പോഴും അയ്യായിഅമ്മമാരാണെന്നാണ്​ കണക്കുകൾ പറയുന്നത്​. ഇത്തരം നിരവധി വാർത്തകളും നിത്യവും വരാറുണ്ട്​. അതിൽനിന്ന്​ വ്യത്യസ്തമായൊരു സംഭവം റിപ്പോർട്ട്​ ചെയ്യപ്പെട്ടിരിക്കുന്നത്​ രാജസ്ഥാനിലെ ശികാറിൽ നിന്നാണ്​. മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ച മകന്റെ ഭാര്യയെ വീണ്ടും വിവാഹം ചെയ്തയച്ച്​ മാതൃകയായിരിക്കുകയാണ് ഒരു അമ്മ.

2016ലാണ് കമലാദേവിയുടെ ഇളയമകൻ ശുഭം സുനിതയെ വിവാഹം കഴിക്കുന്നത്. തുടർന്ന് എംബിബിഎസ് പഠനത്തിനായി ശുഭം കിർഗിസ്ഥാനിലേക്കു പോയി. 2016 നവംബറിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ശുഭം മരിച്ചു. വിവാഹം കഴിഞ്ഞ് ആറു മാസങ്ങൾക്കകമാണ്​ സുനിതയ്ക്ക് തന്റെ ഭർത്താവിനെ നഷ്ടമായത്​. സാധാരണഗതിയിൽ ഇതോടെ സ്വന്തംവീട്ടിലേക്ക്​ മരുമകൾ പോകേണ്ടതാണ്​. എന്നാൽ കമലാദേവിയെന്ന ആദർശവതിയായ മാതാവ്​ അതിനെ അനുകൂലിച്ചില്ല. സുനിതയെ വീണ്ടും പഠിപ്പിക്കാൻ സ്കൂൾ ടീച്ചർകൂടിയായ കമലാ ദേവി തീരുമാനിച്ചു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിരുദാനന്തര ബിരുദവും ബിഎഡും നേടാനും കമലാ ദേവി മരുമകൾ സുനിതയെ നിർബന്ധിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം സുനിതയ്ക്ക് സ്കൂളിൽ അധ്യാപികയായി ജോലിയും ലഭിച്ചു.


പിന്നീടുള്ള 5 വർഷം കമലാദേവിയും സുനിതയും ഒരുമിച്ചായിരുന്നു. തുടർന്നാണ്​ സുനിതയെ വിവാഹംകഴിപ്പിക്കണമെന്ന തീരുമാനം കമല എടുക്കുന്നത്​. ഭോപ്പാലിൽ സിഎജി ഓഡിറ്ററായ മുകേഷാണ് സുനിതയുടെ കഴുത്തിൽ വീണ്ടും താലി ചാർത്തിയത്. നിരവധിപേർ സുനിതയുടെ വിവാഹത്തിൽ പങ്കെടുത്തു.

കടുത്ത സ്ത്രീധന വിരോധി കൂടിയാണ് കമലാ ദേവി. അവരുടെ മകൻ സുനിതയെ വിവാഹം കഴിച്ചപ്പോഴും അവർ സ്ത്രീധനം വാങ്ങിയിരുന്നില്ല. സുനിതയെ മുകേഷിനു വിവാഹം കഴിച്ചു കൊടുത്തപ്പോഴും കമലാദേവി സ്ത്രീധനം വാഗ്ദാനം ചെയ്തില്ല. അമ്മായി അമ്മയുടേയും മരുമകളുടേയും വാർത്ത പ്രചരിച്ചതോടെ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പടെ ഇവരെ കാണാൻ എത്തുന്നുണ്ട്​.

Tags:    
News Summary - Widowed niece taught and made an officer; Remarried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.