ബംഗളൂരു: വനാതിർത്തി ഗ്രാമങ്ങളിലും ആദിവാസി ഊരുകളിലും വന്യമൃഗങ്ങളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി വേഗത്തിലാക്കാൻ നിർദേശം. നാഗർഹോളെ കടുവ സങ്കേതത്തിൽനിന്നും 400 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് വനവത്കരണത്തിനായി അനുവദിച്ച ഫണ്ട് ഉപയോഗിച്ചായിരിക്കും മാറ്റി താമസിപ്പിക്കുക. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻ.ടി.സി.എ) സംസ്ഥാന സർക്കാറിന് നിർദേശം നൽകി.
ഓരോ കുടുംബത്തിനും 15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍ണാടക സംസ്ഥാന വന്യജീവി ബോര്‍ഡ് അംഗം സിദ്ധാര്‍ഥ് ഗോയെങ്ക കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവിന് നല്കിയ പരാതിയെ തുടര്‍ന്നാണ് മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനമായത്. നാഗർഹോളെ കടുവ സങ്കേതത്തിലെ ആദിവാസി കുടുംബങ്ങൾക്ക് സ്വയം പുനരധിവസിപ്പിക്കാനുള്ള പദ്ധതി 1998ൽ ആരംഭിച്ചതാണെങ്കിലും ഇതുവരെ 812 കുടുംബങ്ങൾ മാത്രമാണ് മാറിത്താമസിച്ചത്.
ഇവർക്ക് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളിൽ ഭൂരിഭാഗവും ലഭിച്ചിട്ടില്ല. കുടക്, മൈസൂരു ജില്ലകളിലെ സംരക്ഷിത വനമേഖലയിൽനിന്നും ഇതുവരെ 3,000ത്തിലധികം കുടുംബങ്ങൾ മാറി താമസിച്ചെങ്കിലും ഇവർക്കും വീടും കൃഷിസ്ഥലവും ഇതുവരെ നൽകിയിട്ടില്ല. സംസ്ഥാനത്തെ മറ്റു കടുവ സങ്കേതങ്ങളായ മലെ മഹാദേശ്വര, ബന്ദിപ്പുര്‍, ബിലിഗിരി രംഗസ്വാമി ടെമ്പിള്‍ (ബി.ആര്.ടി), ഭദ്ര, ദണ്ഡേലി എന്നിവിടങ്ങളില്‍ നിന്ന് 3,000 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നാലു വർഷത്തിനിടെ കർണാടകയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 153 പേരാണ് കൊല്ലപ്പെട്ടത്. 8581 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുടക്, ഹാസൻ ജില്ലകളിലാണ് വന്യജീവി ആക്രമണം കൂടുതലായുള്ളത്.
നാഗർഹോളെയോട് ചേർന്നുള്ള വനാതിർത്തി ഗ്രാമങ്ങളിലും വന്യജീവികളുടെ ആക്രമണം പതിവാണ്. ദിവസങ്ങൾക്ക് മുമ്പ് നാഗർഹോളെ കടുവ സങ്കേതത്തിന് കീഴിലെ വീരനഹൊസഹള്ളി വനമേഖലക്ക് സമീപത്തെ അയ്യനകെരെ ആദിവാസി ഊരിലെ 13 വയസ്സുകാരനായ ഗണേഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി വേഗത്തിലാക്കുമ്പോഴും അവർക്കുള്ള ആനുകൂല്യങ്ങൾ വൈകുന്നുവെന്ന ആരോപണം ശക്തമാണ്. ഇതിനു പുറമെ അനുയോജ്യമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കാതെ അവർ കൂടുതൽ ബുദ്ധിമുട്ടിലാകുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.