ബംഗളൂരു: മഹാത്മ ഗാന്ധി അധ്യക്ഷനായി ബെലഗാവില്‍ നടന്ന എ.ഐ.സി.സിയുടെ 39-ാം സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഡിസംബര്‍ 26ന് ബെലഗാവിയില്‍ ചേരും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയാണ് ഇക്കാര്യം അറിയിച്ചത്.
മഹാത്മ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ മുന്നൊരുക്കങ്ങള്‍ കെ.സി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ വിലയിരുത്തി. കര്‍ണ്ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, ട്രഷറര്‍ അജയ് മാക്കന്‍, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകുന്നേരം 3ന് ചേരുന്ന യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍, സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, നിയമസഭ കക്ഷി നേതാക്കള്‍, പാര്‍ലമെന്ററി പാർട്ടി ഭാരവാഹികൾ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. ദേശീയ രാഷ്ട്രീയത്തിനും കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങള്‍ക്കും പുതിയ വഴിത്തിരിവ് നല്‍കുന്ന യോഗമായിരിക്കുമിതെന്നും വേണുഗോപാല്‍ അറിയിച്ചു.
മഹാത്മ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായതിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുന്നത് ഓരോ കോണ്‍ഗ്രസുകാരനും അഭിമാനകരമാണ്. അതിന്റെ ഭാഗമായി 27ന് ലക്ഷകണക്കിന് പേര്‍ പങ്കെടുക്കുന്ന മഹാറാലിയും സംഘടിപ്പിക്കും.
അഹിംസാ മാര്‍ഗത്തിലൂടെ ഗാന്ധി നേടിത്തന്ന സ്വാതന്ത്ര്യം ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ നശിപ്പിക്കപ്പെടുകയാണ്. ഇപ്പോള്‍ രാജ്യത്ത് സമത്വമില്ല. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആയിത്തീരുന്നു. ഒരു വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്ക് മാത്രമാണ് മുന്‍ഗണന നല്‍കുന്നത്. പട്ടികജാതി, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായാണ് കോണ്‍ഗ്രസ് ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
കര്‍ണ്ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, ട്രഷറര്‍ അജയ് മാക്കന്‍, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ മന്ത്രിമാരായ എച്ച്.കെ പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മറ്റ് നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.