ചണ്ഡിഗഢ്: ഹരിയാന മുൻ മന്ത്രി മനീഷ് ഗ്രോവറെയും മറ്റു നേതാക്കളെയും കർഷകർ ക്ഷേത്രത്തിൽ തടഞ്ഞുവെച്ച കർഷകർക്കെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി എം.പി അരവിന്ദ് ശർമ. മനീഷ് ഗ്രോവറെ ലക്ഷ്യംവെക്കുന്നവരുടെ കണ്ണുകൾ പിഴുതെടുക്കുകയും കൈകൾ വെട്ടുമെന്നുമാണ് ബി.ജെ.പി നേതാവിന്റെ ആക്രോശം. കോൺഗ്രസിനെതിരെ റോഹ്തകിൽ ബി.ജെ.പി സംഘടിപ്പിച്ച സമരത്തിലാണ് അരവിന്ദ് ശർമയുടെ ഭീഷണി.
കോൺഗ്രസിനെതിരെയും നേതാക്കളായ ഭൂപിന്ദർ സിങ് ഹൂഡ, മകൻ ദീപേന്ദർ സിങ് ഹൂഡ എന്നിവർക്കെതിരെയും അരവിന്ദ് ശർമ ആരോപണമുന്നയിച്ചു. ദീപേന്ദർ ഹൂഡ ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റത് മനീഷ് ഗ്രോവർ മൂലമാണ് എന്നതിനാലാണ് കോൺഗ്രസ് അദ്ദേഹത്തെ നോട്ടമിടുന്നതെന്നാണ് വിമർശനം.
കഴിഞ്ഞ ദിവസമാണ് മനീഷ് ഗ്രോവറെയടക്കം ബി.െജ.പി നേതാക്കളെ ഗ്രാമീണരും കർഷക സമരക്കാരും ക്ഷേത്രത്തിൽ തടഞ്ഞുവെച്ചത്. റോഹ്തകിലെ കിലോയിലെ ക്ഷേത്രത്തിൽ ഏഴു മണിക്കൂറോളം തടഞ്ഞുവെച്ചെന്നാണ് റിപ്പോർട്ട്. കർഷകർക്കെതിരെ ഗ്രോവർ മുമ്പ് നടത്തിയ പ്രസ്താവനയിൽ മാപ്പ് പറയണമെന്നായിരുന്നു ആവശ്യം.
പൊലീസെത്തിയെങ്കിലും പ്രസ്താവന പിൻവലിക്കാതെ പുറത്തുപോകാൻ സമ്മതിക്കില്ലെന്ന് കർഷകർ വ്യക്തമാക്കി. ഇതോടെ മനീഷ് ഗ്രോവർ ക്യാമറക്ക് മുന്നിലെത്തി കൈകൂപ്പി മാപ്പ് പറഞ്ഞു. എന്നാൽ, മാപ്പു പറഞ്ഞെന്ന വാർത്ത മനീഷ് ഗ്രോവർ തള്ളി. കൈ വീശി കാണിച്ചതാണെന്നും ആരോടും മാപ്പ് പറഞ്ഞിട്ടില്ലെന്നുമാണ് ബി.ജെ.പി നേതാവ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.