മുംബൈ: നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ജോലി ലഭിക്കാനായി ജാതി സർട്ടിഫിക്കറ്റ് തിരുത്തിയെന്ന ആരോപണത്തിൽ പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെ. മറ്റൊരു മന്ത്രിയായ നവാബ് മാലിക്കാണ് വാങ്കഡക്കെതിരെ ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. വാങ്കഡെ മുസ്ലിമാണെന്നും പട്ടികജാതി വിഭാഗത്തിൽ സംവരണം ലഭിക്കാൻ ജാതി തിരുത്തുകയായിരുന്നുവെന്നുമായിരുന്നു ആരോപണം.
അതേസമയം, സംസ്ഥാന സർക്കാർ സമീർ വാങ്കഡെയെ ലക്ഷ്യമിടുകയാണെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് പ്രവീൺ ധരേക്കർ രംഗത്തെത്തി. ആരെങ്കിലും പരാതി ഉന്നയിക്കുകയാണെങ്കിൽ അന്വേഷണം നടത്താനുള്ള അധികാരം സാമൂഹിക നീതി വകുപ്പിനുണ്ട്. എന്നാൽ, വാങ്കഡെയെ ലക്ഷ്യമിടുക മാത്രമാണ് ഇപ്പോൾ സർക്കാറിന്‍റെ അജണ്ട. വാങ്കഡെ ബി.ജെ.പി പ്രവർത്തകനോ ഏതെങ്കിലും നേതാവിന്‍റെ ബന്ധുവോ ഒന്നുമല്ല. ലഹരിക്കച്ചവടക്കാർക്കെതിരെ നടപടിയെടുത്തതിന് ഒരു ഉദ്യോഗസ്ഥനെ ലക്ഷ്യമിടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രവീൺ ധരേക്കർ പറഞ്ഞു.
അതേസമയം ജാതിസർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് വാങ്കഡെക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ജോലി സംവരണം ലഭിക്കാൻ സമീർ വാങ്കഡെ ഹിന്ദു മത വിശ്വാസിയാണെന്ന വ്യാജ രേഖ ചമച്ചതായി അഭിഭാഷകനായ ജയേഷ് വാനിയാണ് മുംബൈ പൊലീസിന് വ്യാഴാഴ്ച പരാതി നൽകിയത്. ഇതോടെ കൈക്കൂലി കേസ് ഉൾപ്പെടെ വാങ്കഡെയ്‌ക്കെതിരെയുള്ള കേസുകളുടെ എണ്ണം അഞ്ചായി. സമീറിനെതിരെ നാല് മറ്റ് പരാതികളുള്ളതായി സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ നേരത്തെ ബോംബെ ഹൈകോടതിയെ അറിയിച്ചിരുന്നു.
വാങ്കഡെ നിയമവിരുദ്ധമായാണ് പട്ടികജാതി സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ നേടിയതെന്ന് മുംബൈയിലെ എം.ആർ.എ മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അഡ്വ. ജയേഷ് വാനി ആരോപിച്ചു. വാങ്കഡെക്കെതിരെ ഐ.പി.സി 406, 409, 420, 468, 120 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സമീർ ജനിക്കുന്നതിന് മുമ്പ് തന്നെ പിതാവ് ജ്ഞാനദേവ് ഇസ്ലാം സ്വീകരിച്ച് ദാവൂദ് എന്ന പേര് സ്വീകരിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ഇതിന് തെളിവായി സമീറിന്‍റെ ആദ്യവിവാഹത്തിന്‍റെ രേഖകളും പരാതിയോടൊപ്പം സമർപ്പിച്ചു.
മുംബൈ: ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ വിവാദ നായകനായി മാറിയ നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പശ്ചിമ മേഖല ഡയറക്ടർ സമീർ വാങ്കഡെ, ദേശീയ പട്ടിക ജാതി കമീഷൻ ഉപാധ്യക്ഷൻ അരുൺ ഹൽദറെ സന്ദർശിച്ചു. മുസ്ലിമായ സമീർ വാങ്കഡെ വ്യാജ പട്ടിക ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് െഎ.ആർ.എസ് നേടിയതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് പരസ്യമായി ആരോപിക്കുകയും അന്വേഷണം ആവശ്യപ്പെട്ട്കമീഷന് എഴുതുകയും ചെയ്തിരുന്നു. സമീർ വാങ്കഡെയും കമീഷനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് കമീഷൻ വെള്ളിയാഴ്ച മഹാരാഷ്ട്ര സർക്കാറിന് നോട്ടീസും അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമീർ-ഹൽദർ കൂടിക്കാഴ്ച.
സമീർ സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റ് പ്രഥമദൃഷ്ട്യാ യഥാർഥമാണെന്നും സമീർ മതം മാറിയിട്ടില്ലെന്ന് മനസ്സിലാകുന്നതായും അരുൺ ഹൽദർ പറഞ്ഞു. സമീർ ദാവൂദ് വാങ്കഡെ എന്ന പേരിലുള്ള, മുസ്ലിമെന്ന് അടയാളപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റും ആദ്യ വിവാഹത്തിെൻറ സർട്ടിഫിക്കറ്റും പുറത്തുവിട്ടാണ് നവാബ് മാലിക് സമീർ വാങ്കഡെക്കെതിരെ ആരോപണമുന്നയിച്ചത്. സമീറും കുടുംബവും മുസ്ലിംകളായിരുന്നുവെന്ന് ആദ്യ ഭാര്യയുടെ പിതാവും മുസ്ലിമായതിനാലാണ് നിക്കാഹ് ചെയ്തു കൊടുത്തതെന്ന് ഖാദിയും പറഞ്ഞിരുന്നു.
എന്നാൽ, മുസ്ലിമായ മാതാവിെൻറ ആഗ്രഹപ്രകാരമാണ് നിക്കാഹ് നടത്തിയതെന്നാണ് സമീറിെൻറ മറുപടി. ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ മാലിക് നിരന്തരം വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നതോടെ സമീർ വാങ്കഡെയും എൻ.സി.ബിയും പ്രതിരോധത്തിലാണ്. ആര്യനെ വിട്ടയക്കാൻ ഷാറൂഖിനോട് പണമാവശ്യപ്പെട്ടെന്ന കോഴക്കേസിൽ അന്വേഷണവും നേരിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.