ചെന്നൈ: ഡി.എം.കെ പ്രസിഡൻറായി എം.കെ. സ്റ്റാലിനെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച രാവിലെ പത്തിന് പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെ ‘കലൈജ്ഞർ അരങ്ക’ത്തിൽ ചേർന്ന ഡി.എം.കെ ജനറൽ കൗൺസിൽ യോഗത്തിൽ െഎകകണ്ഠ്യേനയായിരുന്നു തീരുമാനം. ട്രഷററായി എം. ദുരൈമുരുകനെയും തിരഞ്ഞെടുത്തു. സ്റ്റാലിനെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തുവെന്ന ജനറൽ സെക്രട്ടറി കെ. അൻപഴകെൻറ പ്രഖ്യാപനത്തെ നീണ്ട കരഘോഷങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രതിനിധികൾ എതിരേറ്റത്.
സ്റ്റാലിൻ വഹിച്ചിരുന്ന വർക്കിങ് പ്രസിഡൻറ് സ്ഥാനം ഇനി പാർട്ടിക്കുണ്ടാവില്ല. ഇതുമായി ബന്ധപ്പെട്ട് ഭരണഘടനയിൽ ഭേദഗതി വരുത്തി. കരുണാനിധിക്ക് ഭാരത്രത്ന നൽകണമെന്നതുൾപ്പെടെ മൊത്തം 23 പ്രമേയങ്ങൾ അവതരിപ്പിച്ചു. കേരളത്തിലെ മഴക്കെടുതികളിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. കരുണാനിധിയുടെ മരണത്തിൽ മനംനൊന്ത് മരിച്ച 248 പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകാനും തീരുമാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി, എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോ തുടങ്ങിയവർ സ്റ്റാലിന് ആശംസയറിയിച്ചു.
രാജ്യത്തെ കാവിപൂശാൻ ശ്രമിക്കുന്ന നരേന്ദ്ര മോദി സർക്കാറിനും അഴിമതിയിൽ മുങ്ങിക്കുളിച്ച അണ്ണാ ഡി.എം.കെ സർക്കാറിനുമെതിരെ പോരാട്ടം തുടരുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. പ്രാദേശിക ഭാഷകളെ ഉന്മൂലനം ചെയ്ത് രാജ്യത്തിെൻറ മതേതര സ്വഭാവവും സാമൂഹിക നീതിയും യുക്തിവാദ ചിന്തകളെയും തകർക്കുന്ന കേന്ദ്ര സർക്കാറിനെ പാഠംപഠിപ്പിക്കണം. മതവാദ ശക്തികളെ തുടർന്നും എതിർക്കുമെന്നും കൊള്ളസംഘത്തിെൻറ പിടിയിൽനിന്ന് തമിഴ്നാടിനെ മോചിപ്പിക്കുകയാണ് മറ്റൊരു പ്രധാന കടമയെന്നും സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.