ചണ്ഡീഗഢ്: ആശുപത്രിയിൽ പ്രവേശിക്കാൻ സഹായം ലഭിക്കാതെ പുറത്തെ കൊടുതണുപ്പിൽ പച്ചക്കറി വണ്ടിയിൽ യുവതിക്ക് പ്രസവം. ഹരിയാനയിലെ അംബാലയിലെ സർക്കാർ ജില്ല ആശുപത്രി വളപ്പിലാണ് സംഭവം.
പഞ്ചാബിലെ മൊഹാലി ജില്ലയിലെ ദാപ്പർ സ്വദേശിയായ യുവാവാണ് പ്രസവവേദന അനുഭവിക്കുന്ന ഭാര്യയുമായി ആശുപത്രിക്ക് മുന്നിലെത്തിയത്. സഹായത്തിനായി പരക്കം പാഞ്ഞെങ്കിലും ഗർഭിണിയെ കിടത്താൻ ഒരു സ്ട്രെച്ചർ പോലും അവർക്ക് ലഭിച്ചില്ല. ഇതോടെ ആശുപത്രിക്ക് പുറത്ത് ഗേറ്റിന് സമീപം തുറസ്സായ സ്ഥലത്ത് സ്ത്രീക്ക് പ്രസവിക്കേണ്ടി വന്നു.
സംഭവമറിഞ്ഞ് ആശുപത്രിയിൽ നിന്ന് സഹായമെത്തുകയും സ്ത്രീയെയും കുഞ്ഞിനെയും വാർഡിലേക്ക് മാറ്റുകയും ചെയ്തു.
ഇതിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു. ആംബുലൻസുകളും സൗജന്യ ചികിത്സയുമെല്ലാം സൗജന്യമാണ്. പിന്നെ എന്തു സംഭവിച്ചു എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദൈവമാണ് അവളെ രക്ഷിച്ചതെന്ന് യുവതിയുടെ ഭർത്താവ് പ്രതികരിച്ചു. ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ദൈവമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇന്നലെ രാത്രിയിലെ സംഭവങ്ങൾക്ക് ശേഷം ആ വിശ്വാസം നഷ്ടപ്പെട്ടുവെന്നും യുവാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.