തെലങ്കാന: ലൈംഗിക അതിക്രമത്തിൽ നിന്നും രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിൽ നിന്നും ചാടിയ 23കാരിയായ യുവതിക്ക് ഗുരുതരമായ പരിക്കേറ്റു. സെക്കന്തരാബാദിൽ നിന്ന് മേഡ്ചലിലേക്കുള്ള എം.എം.ടി.എസ് ട്രെയിനിന്റെ വനിതാ കോച്ചിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
ഗുരുതര പരിക്കുകളോടെ രക്ഷപെട്ട യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. ട്രെയിൻ അൽവാൾ റെയിൽവേ സ്റ്റേഷനിയിലെത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ട് സ്ത്രീ യാത്രക്കാർ ഇറങ്ങി. ആ സമയം വനിതാ കോച്ചിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ യുവതിയുടെ അടുത്തേക്ക് 25 വയസ്സ് തോന്നിപ്പിക്കുന്ന അജ്ഞാതൻ വന്ന് ലൈംഗികമായി ബന്ധപ്പെടാൻ ആവിശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടർന്ന് അയാൾ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് ഗുണ്ട്ല പോച്ചാംപള്ളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ എത്തിയപ്പോൾ യുവതി ഓടുന്ന ട്രെയിനിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ചതായി പൊലീസിൽ മൊഴി നൽകി.
റെയിൽവേ പാളത്തിൽ നിന്നും ഗുരുതരമായ പരിക്കേറ്റ യുവതിയെ നാട്ടുകാർ പൊലീസിന്റെ സഹായത്തോടെ അടുത്തുള്ള ഗാന്ധി ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. തല, താടി, വലതു കൈ, അരക്കെട്ട് എന്നിവിടങ്ങളിൽ നിന്നും രക്തസ്രാവമുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ നില മെച്ചപ്പെട്ടിട്ടുണ്ട്. ഒരു സ്വകാര്യ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു യുവതി. മെഡ്ചലിലെ ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ആയിരുന്നു താമസം. മൊബൈൽ ഫോൺ നന്നാക്കാനായി ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും നേരത്തെ ഇറങ്ങി സെക്കന്തരാബാദിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്.
മെലിഞ്ഞ, കറുത്ത നിറമുള്ള ചെക്ക് ഷർട്ട് ധരിച്ച യുവാവാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. അക്രമിയെ വീണ്ടും കണ്ടാൽ തിരിച്ചറിയുമെന്നും യുവതി പറഞ്ഞു. സെക്കന്തരാബാദ് റെയിൽവേ പോലീസ്, ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 75 (ഒരു സ്ത്രീയെ ആക്രമിക്കുക അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം നടത്തുക), സെക്ഷൻ 131 (ക്രിമിനൽ ബലപ്രയോഗം) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുന്നുണ്ടെന്ന് സെക്കന്തരാബാദ് ജി.ആർ.പി ഇൻസ്പെക്ടർ സായ് ഈശ്വർ ഗൗഡ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.