ഭോപാൽ: പൊതുജനമധ്യത്തിൽ സ്ത്രീയെ പുരുഷന്മാർ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മധ്യപ്രദേശിലെ ഗോത്രവർഗ ആധിപത്യമുള്ള ധാർ ജില്ലയിലാണ് സംഭവം. നീർ സിങ് ഭുരിയ എന്നയാളാണ് പിടിയിലായത്. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് പ്രതികൾക്കെതിരെ കേസെടുക്കുകയായിരുന്നു.
ജൂൺ 20നായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചംഗ സംഘം യുവതിയെ പിടിച്ചുവെച്ച ശേഷം മരത്തിന്റെ വടികൊണ്ട് മർദിക്കുകയായിരുന്നു. കാഴ്ചക്കാരായി കൂടിനിൽക്കുന്ന ജനങ്ങളെയും വീഡിയോയിൽ കാണാം. മറ്റൊരാൾക്കൊപ്പം യുവതി ഒളിച്ചോടിയതിലുള്ള അമർഷമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാനത്തെ മോഹൻ യാദവ് നയിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിക്കുകയാണെന്നും, സ്ത്രീസുരക്ഷയെ കുറിച്ചുള്ള ഗുരുതര ചോദ്യങ്ങളാണ് ഇത്തരം സംഭവങ്ങൾ കൊണ്ട് ഉണ്ടാകുന്നതെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിതു പവാരി എക്സിൽ കുറിച്ചു.
"ധാർ ജില്ലയിൽ നടന്ന പ്രസ്തുത സംഭവത്തോടെ ബി.ജെ.പി സർക്കാരിന്റെ കീഴിലുള്ള സ്ത്രീസുരക്ഷയെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്. നിങ്ങൾക്ക് (മുഖ്യമന്ത്രിക്ക്) ഈ കേസിൽ അന്വേഷണം കാര്യക്ഷമമായും വിവേചനമില്ലാതെയും നടപ്പാക്കുമെന്ന് ഉറപ്പാക്കാൻ സാധിക്കുമോ? അവർക്ക് നീതി നൽകാൻ സാധിക്കുമോ? എന്തുകൊണ്ടാണ് മധ്യപ്രദേശിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നത്," മുഖ്യമന്ത്രി മോഹൻ യാദവിനെ പരാമർശിച്ചുകൊണ്ട് പവാരി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.