ന്യൂഡൽഹി: ഗുരുഗ്രാമിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെ ഊബർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്, യാത്രക്കാരി ഡ്രൈവിങ് ഏറ്റെടുത്ത സംഭവം ശ്രദ്ധേയമാകുന്നു. മേക്കപ്പ് ആർട്ടിസ്റ്റായ ഹണി പിപ്പലാണ് തന്‍റെ മകളും അമ്മയും മുത്തശ്ശിയുമായി യാത്ര ചെയ്യുന്നതിനിടെയുണ്ടായ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഡ്രൈവർക്ക് വാഹനം ഓടിക്കാൻ കഴിയാത്ത വിധം ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ താൻ ഡ്രൈവിങ് സീറ്റ് ഏറ്റെടുക്കുകയായിരുന്നുവെന്നും ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാവരും ഡ്രൈവിങ് പഠിച്ചിരിക്കണമെന്നും അവർ പറയുന്നു.
“ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കാനായി എല്ലാവരും ഡ്രൈവിങ് പഠിച്ചിരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഡ്രൈവിങ് പഠിച്ചാൽ അടിയന്തര ഘട്ടത്തിൽ ആരെയെങ്കിലും സഹായിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും” -വിഡിയോയിൽ യുവതി പറയുന്നു. അൽപനേരത്തിനു ശേഷം ആശ്വാസം തോന്നിയ ഊബർ ഡ്രൈവറോട് തമാശരൂപേണ തന്റെ ഡ്രൈവിങ് സ്കിൽ എങ്ങനെയുണ്ടെന്ന് യുവതി ചോദിക്കുന്നതും വിഡിയോയിൽ കാണാം.
വിഡിയോക്ക് താഴെ യുവതിയെ അഭിനന്ദിച്ച് നിരവധി ഇൻസ്റ്റ ഉപയോക്താക്കൾ കമന്‍റിട്ടു. യുവതി പറയുംപോലെ എല്ലാവർക്കും ഡ്രൈവിങ് അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് ധാരാളംപേർ അഭിപ്രായപ്പെട്ടു. മനുഷ്യത്വമാണ് പ്രധാനമെന്നും യുവതിയുടെ പ്രവൃത്തി പ്രശംസനീയമാണെന്നും ചിലർ കുറിച്ചു. ഇത്തരം സാഹചര്യത്തിൽ ഡ്രൈവിങ് അറിയാത്തവർ എന്തുചെയ്യുമെന്നും സുരക്ഷക്കായി പകരം സംവിധാനം ഉണ്ടാകേണ്ടത് പ്രധാനമാണെന്നും മറ്റൊരാൾ കമന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.