ന്യൂഡൽഹി: ബംഗ്ലാദേശിൽ ശൈഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭത്തിനിടെ ന്യൂനപക്ഷ സമുദായങ്ങൾക്കു നേരെ ആക്രമണം വർധിക്കുന്നതായി ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയാണെന്നും ബംഗ്ലാദേശിൽ നടക്കുന്നത് വംശഹത്യയാണെന്നും വരെ റിപ്പോർട്ടുകൾ പ്രചരിച്ചു.
റിപ്പോർട്ടുകളെ സാധൂകരിക്കുന്ന തരത്തിലുള്ള നിരവധി വിഡിയോകളും പ്രചരിക്കുകയുണ്ടായി. അതിലൊന്നായിരുന്നു ഒരു പെൺകുട്ടിയുടെ വായ മൂടിക്കെട്ടി കൈകാലുകൾ ബന്ധിച്ച നിലയിലുള്ള വിഡിയോ. ബംഗ്ലാദേശിൽ കലാപത്തിനിടെ ഹിന്ദുക്കളെ ലക്ഷ്യമിടുന്നു എന്ന തരത്തിൽ പലരും വിഡിയോ പങ്കുവെച്ചു. പ്രമുഖ മാധ്യമങ്ങളും ഈ പെൺകുട്ടി ഹിന്ദുവാണെന്നും ക്രൂരമായ അക്രമം നേരിട്ടുവെന്നും റിപ്പോർട്ട് ചെയ്തു. 'ഞെട്ടിപ്പിക്കുന്ന വിഡിയോ നോക്കൂ...ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് എന്താണ് സംഭവിക്കുന്നത് എന്നതിന്റെ നേർസാക്ഷ്യമാണിത്. മുസ്‍ലിം രാജ്യങ്ങളിൽ ന്യൂന പക്ഷവിഭാഗങ്ങളോട് നടക്കുന്ന കുറ്റകൃത്യമല്ലേ ഇത്? '-എന്ന കാപ്ഷനോടെയായിരുന്നു ഹിന്ദി ഭാഷയിലുള്ള ന്യൂസ് 18 വിഡിയോ പ്രസിദ്ധീകരിച്ചത്. പിന്നീട് ആ റിപ്പോർട്ട് അപ്രത്യക്ഷമായി. അതിനു ശേഷം ഗൂഗ്ൾ ആർകൈവിൽ നിന്ന് കണ്ടെടുത്ത വിഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ആൾട്ട് ന്യൂസ്. ബംഗ്ലാദേശിൽ ഹിന്ദുക്കൾ സുരക്ഷിതരെല്ലന്ന ഹാഷ് ടാഗിൽ ജിതേന്ദ്ര പ്രതാപ് സിങ്ങും ഈ വിഡിയോ പങ്കുവെച്ചിരുന്നു.
വിഡിയോയുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ആൾട്ട് ന്യൂസ് അന്വേഷണ വിധേയമാക്കിയത്. വിഡിയോ ശ്രദ്ധിച്ചു നോക്കിയപ്പോൾ അതിന്റെ ഫൂട്ടേജുകൾ വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ളതാണെന്ന് മനസിലാക്കാൻ സാധിച്ചു. മാത്രമല്ല, വിഡിയോയിൽ കാണുന്ന പെൺകുട്ടി ജഗന്നാഥ യൂനിവേഴ്സിറ്റിയിൽ നിന്നുള്ളതാണെന്നും മനസിലായി. വിഡിയോയിൽ കാണുന്ന സംഭവം ശൈഖ് ഹസീനയുടെ രാജിക്ക് കാരണമായ പ്രക്ഷോഭത്തിന് എത്രയോ മുമ്പ് നടന്നതാണെന്നും കണ്ടെത്തി. വൈറൽ വിഡിയോയുടെ പശ്ചാത്തലത്തിൽ ഒരു ബസ്സുമുണ്ട്. അതിൽ ബംഗ്ല ഭാഷയിൽ ജഗന്നാഥ യൂനിവേഴ്സിറ്റി എന്ന് എഴുതിയിട്ടുണ്ട്. ഗൂഗ്ൾ മാപ് വഴി പരിശോധിച്ചപ്പോൾ ചിത്രത്തിൽ കാണുന്ന സ്ഥലം ജഗന്നാഥ യൂനിവേഴ്സിറ്റിയാണെന്ന് സ്ഥിരീകരിച്ചു.
വൈകാതെ ഇത് ജഗന്നാഥ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയാണെന്നും സർവകലാശാലത്ത് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും തിരിച്ചറിഞ്ഞു. യൂനിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്ന ഫൈറൂസ് അബന്തികയുടെ ആത്മഹത്യക്കെതിരെ വിദ്യാർഥിനി പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. അസിസ്റ്റന്റ് പ്രൊട്ടക്റ്റർ ഡീനിന്റെ പീഡനം മൂലമാണ് അബന്തിക ഈ വർഷം മാർച്ചിൽ ജീവനൊടുക്കിയത്. ഡീനിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. നാടകങ്ങളും നിശ്ശബ്ദ മൈമുകളും അതിന്റെ ഭാഗമായുണ്ടായിരുന്നു. അതിലൊന്നാണ് കൈയും കാലും ബന്ധിച്ച് വായ മൂടിക്കെട്ടിയ നിലയിൽ നിലത്ത് കിടക്കുന്ന പെൺകുട്ടിയുടെ വിഡിയോ. ചുരുക്കിപ്പറഞ്ഞാൽ മാർച്ച് 17ന് എടുത്ത വിഡിയോ ആണ്ഇപ്പോൾ ബംഗ്ലാദേശിലെ കലാപവുമായി ബന്ധമുണ്ടെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ഇക്കാര്യം ബംഗ്ലാദേശിലെ ഫാക്ട് ചെക്കിങ് പ്രസിദ്ധീകരണമായ റൂമർ സ്കാനറും ശരിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.