ചെന്നൈ: എ.ഐ.എ.ഡി.എം.കെ എം.എൽ.എ എ. പ്രഭുവിനും ഭാര്യ സൗന്ദര്യക്കും ഒരുമിച്ച് കഴിയാമെന്ന് മദ്രാസ് ഹൈകോടതി. സൗന്ദര്യയെ തട്ടിക്കൊണ്ടുപോയതാണെന്ന പിതാവിന്‍റെ വാദം തള്ളിയാണ് കോടതി ഇരുവർക്കും അനുകൂലമായി വിധിച്ചത്. 19കാരിയായ സൗന്ദര്യക്ക് ആരെ വിവാഹം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
കല്ലക്കുറിച്ചി എം.എൽ.എയും ദലിതനുമായ പ്രഭുവിനെ ബ്രാഹ്മണ വിഭാഗത്തിൽപെട്ട സൗന്ദര്യ വിവാഹം ചെയ്തതിൽ സൗന്ദര്യയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. തുടർന്ന്, സൗന്ദര്യയെ പ്രഭു തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും പ്രഭുവിന്‍റെ ആളുകൾ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും കാട്ടി പിതാവ് സ്വാമിനാഥൻ പരാതി നൽകി. പ്രഭുവിന്‍റെ ജാതിയല്ല തനിക്ക് പ്രശ്നമെന്നും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് എതിർപ്പിന് കാരണമെന്നുമാണ് സ്വാമിനാഥൻ അവകാശപ്പെട്ടത്. സൗന്ദര്യക്ക് 19ഉം പ്രഭുവിന് 35മാണ് പ്രായം.
തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്നും സൗന്ദര്യ വെള്ളിയാഴ്ച കോടതിയിൽ മൊഴിനൽകുകയായിരുന്നു.
നേരത്തെ, പ്രഭുവിന്‍റെ വീട്ടിലെത്തിയ സ്വാമിനാഥൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പ്രദേശത്തെ ക്ഷേത്രത്തിലെ പൂജാരി കൂടിയായ ഇയാൾക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.