ന്യൂഡൽഹി: ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി ജമ്മുകശ്മീരിൽ പുനസ്ഥാപിക്കില്ലെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ്. കശ്മീരിൻെറ റദ്ദാക്കിയ പ്രത്യേക ഭരണഘടന പദവി പുനസ്ഥാപിക്കണമെന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം
സംസ്ഥാന പതാക തിരികെ കൊണ്ടുവരുമെന്ന മുഫ്തിയുടെ അഭിപ്രായം ദേശീയ പതാകയെ നിന്ദിക്കുന്നതാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കൃത്യമായ ഭരണഘടനാപരമായ നടപടിയെത്തുടർന്നാണ് ജമ്മുകശ്മീരിൻെറ പ്രത്യേക പദവി കഴിഞ്ഞ വർഷം നീക്കം ചെയ്തത്. ഇത് പാർലമെൻറിൻെറ ഇരുസഭകളും അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പതാകയോട് കടുത്ത അനാദരവ് കാണിക്കുന്ന മുഫ്തിയോട് മറ്റ് പ്രതിപക്ഷ കക്ഷികൾ കടുത്ത നിശബ്ദത കാത്തുസൂക്ഷിക്കുകയാണ്. ഇത് കാപട്യവും ഇരട്ടത്താപ്പുമാണെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിനുണ്ടായ ഭരണഘടനാ മാറ്റങ്ങൾ പുനസ്ഥാപിക്കുന്നതുവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ദേശീയ പതാക കൈവശം വെക്കാനോ താൻ താൽപ്പര്യപ്പെടുന്നില്ലെന്ന് മെഹബൂബ മുഫ്തി വ്യക്തമാക്കിയിരുന്നു.
''കശ്മീരിൻെറ പദവി പുനസ്ഥാപിക്കുന്നതിനായി നേതാക്കൾ അവരുടെ രക്തം വീഴ്ത്തണമെന്നുണ്ടെങ്കിൽ ആദ്യം അതിന് തയാറാവുന്നത് മെഹബൂബ മുഫ്തിയായിരിക്കും. ഇന്നത്തെ ഇന്ത്യയിൽ ഞങ്ങൾ തൃപ്തരല്ല.'' -മുഫ്തി പറഞ്ഞിരുന്നു.
ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ചതിൻെറ ഭാഗമായി മെഹബൂബ മുഫ്തി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല തുടങ്ങിയ നേതാക്കൾ അറസ്റ്റിലായിരുന്നു. ഒരു വർഷത്തെ വീട്ടുതടങ്കലിനു ശേഷമാണ് മെഹബൂബ മുഫ്തി മോചിതയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.