രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പൊതുസ്ഥാനാർഥിയായി യശ്വന്ത് സിൻഹയെ തീരുമാനിച്ചശേഷം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, എൻ.സി.പി അധ്യക്ഷൻ ശരദ്പവാർ, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സമാജ്‍വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് എന്നിവർ ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ

പല പാർട്ടികൾ പിന്നിട്ട്, രാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി: പല പാർട്ടികൾ പരീക്ഷണശാലകളാക്കി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവാണ് യശ്വന്ത് സിൻഹ. തുടക്കം ജനതപാർട്ടിയിൽ. പിന്നീട് ജനതാദൾ; ബി.ജെ.പി. പിന്നെ ബി.ജെ.പിക്ക് അനഭിമതനായി തൃണമൂൽ കോൺഗ്രസിൽ. ആ രാഷ്ട്രീയ വേഷപ്പകർച്ചകൾക്കൊടുവിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിൽനിന്ന് രാജിവെച്ച് പ്രതിപക്ഷത്തിന്റെ പൊതുസമ്മത സ്ഥാനാർഥി.

ബി.ജെ.പിയിൽ പ്രവർത്തിക്കുമ്പോഴും കേന്ദ്രമന്ത്രിയായപ്പോഴും ബി.ജെ.പിയുടെ വർഗീയ വായ്ത്താരികളോട് മൗനം പാലിച്ചുനിന്ന നേതാക്കളുടെ കൂട്ടത്തിലായിരുന്നു യശ്വന്ത് സിൻഹ. വാജ്പേയിക്കൊപ്പം ഉദാര സമീപനക്കാരായി അറിയപ്പെട്ട സുഷമ സ്വരാജ്, വെങ്കയ്യ നായിഡു തുടങ്ങിയവർക്ക് ഇടയിലായിരുന്നു യശ്വന്ത് സിൻഹക്ക് സ്ഥാനം.

നരേന്ദ്ര മോദി-അമിത് ഷാമാരുടെ കാലമെത്തിയപ്പോൾ, അവർ അടുപ്പിക്കാതായ നേതൃഗണത്തിലായി യശ്വന്ത് സിൻഹ, അരുൺ ഷൂരി തുടങ്ങിയവർ. റഫാൽ പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് സുപ്രീംകോടതി കയറിയതടക്കം, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വൻവിവാദമായി ഉയർന്നു വന്നതിൽ സിൻഹയുടെയും ഷൂരിയുടെയും ശക്തമായ ഇടപെടലുണ്ടായിരുന്നു.

പട്നയിലെ കായസ്ത കുടുംബത്തിൽ ജനിച്ച യശ്വന്ത് സിൻഹ രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1960ൽ സിവിൽ സർവിസിൽ ചേർന്നു. ബിഹാർ സർക്കാറിലും കേന്ദ്ര സർവിസിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. 1984ൽ സിവിൽ സർവിസിൽനിന്ന് രാജിവെച്ചാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. '86ൽ ജനതപാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി.

1988ൽ ആദ്യമായി രാജ്യസഭാംഗമായ യശ്വന്ത് സിൻഹ, '89ൽ വി.പി. സിങ്ങിന്റെ നേതൃത്വത്തിൽ പിറന്ന ജനതാദളിന്റെ ഭാഗമായി. 1990-91ൽ ജനതാദൾ പിളർന്നുണ്ടായ സമാജ്‍വാദി ജനതാപാർട്ടിയെ നയിച്ച ചന്ദ്രശേഖറിന്റെ മന്ത്രിസഭയിൽ ധനമന്ത്രി. 1998 ജൂലൈ രണ്ടു വരെ, വാജ്പേയിയുടെ ആദ്യത്തെ 13 ദിന മന്ത്രിസഭയിലും ധനമന്ത്രി. വീണ്ടും വാജ്പേയി അധികാരത്തിൽ വന്നപ്പോൾ 2002 മുതൽ 2004 വരെ വിദേശകാര്യമന്ത്രി. അക്കാലത്തെ യു.ടി.ഐ ക്രമക്കേടിൽ സിൻഹക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

1998, 1999, 2009 വർഷങ്ങളിൽ ഹസാരിബാഗ് മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തിയ സിൻഹ, 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ പാർട്ടിയിലും ഭരണത്തിലും തഴയപ്പെട്ടവരുടെ പട്ടികയിലായി . 2014ൽ മകൻ ജയന്ത് സിൻഹക്കാണ് സീറ്റും മന്ത്രിസ്ഥാനവും ബി.ജെ.പി നൽകിയത്. തീർത്തും ഒതുക്കപ്പെട്ടതോടെ 2018 ഏപ്രിൽ 21ന് ബി.ജെ.പി വിട്ടു. സജീവ രാഷ്ട്രീയം വിടുന്നതായും പ്രഖ്യാപിച്ചു. മകനും പിന്നീട് പാർട്ടിയിൽ ഒതുക്കപ്പെട്ടത് മറ്റൊരു കഥ.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രവർത്തിച്ച യശ്വന്ത് സിൻഹ പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി, കഴിഞ്ഞ വർഷം മാർച്ച് 13നാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ശരദ് പവാറും ഫാറൂഖ് അബ്ദുല്ലയും ഗോപാൽകൃഷ്ണ ഗാന്ധിയും വിസമ്മതം അറിയിച്ചതോടെ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുമുഖം യശ്വന്ത് സിൻഹയായി. ഭാര്യ: നീലിമ. മക്കൾ: ജയന്ത്, സുമന്ത്, ശർമിള കാന്ത.  

Tags:    
News Summary - Yashwant Sinha is the opposition's presidential candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.