ന്യൂഡൽഹി: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ താഴെ വീണതോടെ ബി.ജെ.പിയെ പരിഹസിച്ച് മുൻ നേതാവ് യശ്വന്ത് സിൻഹ. 1999ലെ വാജ്പേയി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ ഒരു വോട്ടിന് പരാജയപ്പെട്ട സംഭവം ഓർമിപ്പിച്ചാണ് യശ്വന്ത് സിൻഹ ബി.ജെ.പിയെ പരിഹസിച്ചത്.
'മറ്റൊരു കോൺഗ്രസ് പാർട്ടി സർക്കാറിനെ ഭരണത്തിൽനിന്ന് ഇറക്കിയതിന് ബി.ജെ.പിയെ അഭിനന്ദിക്കുന്നു. പാർട്ടിയുടെ പുതിയ നൈതിക മാനദണ്ഡങ്ങളെ സംബന്ധിച്ച് വാജ്പേയി സ്വർഗത്തിലിരുന്നും അദ്വാനി ഇവിടെനിന്നും അഭിമാനിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. 1999ൽ ഒരു വോട്ടിന് വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട പാർട്ടി തന്നെയാണോ ഇത്? -യശ്വന്ത് സിൻഹ ട്വിറ്ററിൽ കുറിച്ചു.
തിങ്കളാഴ്ചയാണ് പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാർ രാജിവെച്ചത്. രാവിലെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുംമുേമ്പ മുഖ്യമന്ത്രി നാരായണസാമിയും ഭരണകക്ഷി അംഗങ്ങളും സഭയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് രാജ്നിവാസിൽ ചെന്ന് ലഫ്. ഗവർണർ തമിഴിൈസ സൗന്ദരരാജന് നാരായണസാമി രാജിക്കത്ത് നൽകി.
സഭയിൽ വിശ്വാസ വോട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനുശേഷം നാമനിർദേശം ചെയ്യപ്പെട്ട ബി.ജെ.പി അംഗങ്ങൾക്ക് വോട്ടവകാശമില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ വാദിച്ചു. ഇതിനെ പ്രതിപക്ഷം എതിർത്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നോമിനേറ്റഡ് എം.എൽ.എമാർക്ക് വോട്ടവകാശമുണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ, വോട്ടവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിെൻറ നിലപാട്.
ഇതേതുടർന്നുണ്ടായ ബഹളത്തിനിടെ സ്പീക്കർ വി.പി. ശിവകൊളുന്ത് സർക്കാറിന് ഭൂരിപക്ഷമില്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെ വിശ്വാസ വോെട്ടടുപ്പിന് കാത്തുനിൽക്കാതെ മുഖ്യമന്ത്രി നാരായണസാമിയും ഭരണകക്ഷി അംഗങ്ങളും ഇറങ്ങിപ്പോയി.
തുടർച്ചയായി എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്കിനെ തുടർന്നാണ് നാരായണസാമി സർക്കാർ പ്രതിസന്ധിയിലായത്. ഒരു മാസത്തിനിടെ അഞ്ച് കോൺഗ്രസ് എം.എൽ.എമാരും ഒരു ഡി.എം.കെ എം.എൽ.എയും രാജിവെച്ചതോടെ കോൺഗ്രസ്- ഡി.എം.കെ ഉൾപ്പെട്ട ഭരണപക്ഷത്തിന് 12 അംഗങ്ങളുടെ മാത്രം പിന്തുണയാണ് ഉണ്ടായിരുന്നത്.
അതേസമയം, എൻ.ആർ കോൺഗ്രസ്, അണ്ണാ ഡി.എം.കെ, ബി.ജെ.പി ഉൾപ്പെടെ പ്രതിപക്ഷത്തിന് 14 അംഗങ്ങളായി. നിലവിൽ സ്പീക്കർ ഉൾപ്പെടെ കോൺഗ്രസിന് ഒമ്പത് അംഗങ്ങളാണുള്ളത്. 26 അംഗ സഭയിൽ ഭരണപക്ഷത്തിന് ഭരണം നിർത്താൻ 14 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.