യതി നരസിംഹാനന്ദ സരസ്വതി

'പ്രധാനമന്ത്രി മുസ്‍ലിമായാൽ..': യതി നരസിംഘാനന്ദിനെതിരെ വിദ്വേഷ പ്രസംഗത്തിന് വീണ്ടും കേസ്

ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിനെതിരെ ഹിന്ദുത്വ നേതാവ് യതി നരസിംഘാനന്ദിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. രാജ്യത്തിന്‍റെ പ്രധാനമന്ത്രി മുസ്ലിം മതവിശ്വാസിയായാൽ ഹിന്ദുക്കൾ മതം മാറ്റത്തിന് നിർബന്ധിതരാകുമെന്നും കൊലചെയ്യപ്പെടുമെന്നും യതി നരസിംഘാനന്ദ് പ്രസംഗിച്ചിരുന്നു. ഡൽഹിയിൽ ഞായറാഴ്ച നടന്ന ഹിന്ദു മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് നരസിംഘാനന്ദയുടെ വിദ്വേഷ പരാമർശം.

2039ഓടെ രാജ്യത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുസ്ലിം മതസ്ഥൻ നാമകരണം ചെയ്യപ്പെടും. അങ്ങനെ മുസ്ലിം മതസ്ഥനായ പ്രധാനമന്ത്രി അധികാരത്തിലെത്തിയാൽ രാജ്യത്തെ ഹിന്ദുക്കളിൽ 50 ശതമാനം പേരും മതം മാറ്റപ്പെടും. 40 ശതമാനം പേർ കൊല്ലപ്പെടും. അവശേഷിക്കുന്ന പത്ത് ശതമാനം നാടുകടത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമൂഹ മാധ്യമങ്ങളിൽ പ്രസംഗത്തിന്‍റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഡൽഹി പൊലീസ് യതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഞായറാഴ്ച നടന്ന ഹിന്ദു മഹാപഞ്ചായത്തിനെതിരെ ഇതുവരെ മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു.

'സേവ്​ ഇന്ത്യ ഫൗണ്ടേഷൻ' ബാനറിലാണ്​ ​പരിപാടി സംഘടിപ്പിച്ചത്. ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടും പരിപാടി നടത്തുകയായിരുന്നു. ഇത് റിപ്പോർട്ട് ചെയ്യാൻ പോയ ഏഴ് മാധ്യമപ്രവർത്തകരെയും സംഘം ആക്രമിച്ചിരുന്നു. ആക്രമിക്കപ്പെട്ടവരിൽ നാലുപേർ മുസ്ലിം മതസ്ഥരാണ്. മതത്തിന്റെ പോരിൽ ഇവരെ ആക്രമിച്ചെന്നണ് നിഗമനം.

'ആർട്ടിക്കിൾ 14'ന് വേണ്ടി റിപ്പോർട്ട് ചെയ്യാനെത്തിയ ഫ്രീലാൻസ്​ ജേണലിസ്​റ്റ് അർബാബ്​ അലി, ഹിന്ദുസ്ഥാൻ ഗസറ്റിലെ മാധ്യമപ്രവർത്തകൻ മീർ ഫൈസൽ, ഫോട്ടോ ജേണലിസ്റ്റ്​ മുഹമ്മദ്​ മെഹർബാൻ, ദി ക്വിന്‍റ്​ പ്രിൻസിപ്പൽ കറസ്​പോണ്ടന്‍റ് മേഘ്നാഥ്​ ബോസ്, ന്യൂസ്​ ലോൺഡ്രി പ്രൊഡ്യൂസർ റോണക്​ ഭട്ട്​, റിപ്പോർട്ടർ ശിവാംഗി സക്​സേന എന്നിവർക്കാണ് പരിപാടിക്കിടെ മർദനമേറ്റത്. ​'ദെ ക്വിന്റി'ന് വേണ്ടി റിപ്പോർട്ട് ചെയ്യാനെത്തിയ മുസ്​ലിം റിപ്പോർട്ടറുടെ പേര്​ വെളിപ്പെടുത്തിയിട്ടില്ല.

മുൻ പ്രധാനമന്ത്രി അബ്ദുൾ കലാം ജിഹാദിയായിരുന്നുവെന്ന് ആരോപിച്ചതിനെ തുടർന്ന് യതി നരസിംഘാനന്ദ് വാർത്തകൾ ഇടം നേടിയിരുന്നു. ഉന്നത പദവികളിലെത്തുന്ന ഒരു മുസ്​ലിമിനും രാജ്യസ്​​നേഹം ഉണ്ടാകില്ലെന്നും അതിനാൽ കലാം ജിഹാദിയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഡി.ആർ.ഡി.ഒയുടെ മേധാവിയായിരുന്ന കാലത്ത്​ അബ്​ദുൽകലാം അണുബോംബിന്‍റെ ഫോർമുല പാക്കിസ്ഥാന് വിറ്റതായും നരസിംഘാനന്ദ് ആരോപിച്ചിരുന്നു. 2021 ഡിസംബറിൽ ഹരിദ്വാറിൽ നടന്ന ധരം സൻസദിൽ മുസ്ലിംകൾക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് യതി നരസിംഘാനന്ദിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. 

Tags:    
News Summary - Yati Narsinghanand booked for hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.