ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസുമായി സഹകരിക്കാൻ തയാറാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയതലത്തിൽ സഹകരണമാവാമെന്നാണ് യെച്ചൂരിയുടെ നിലപാട്. പശ്ചിമബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ ഇരു പാർട്ടികളും പരസ്പരം സഹകരിക്കില്ല. ദേശീയതലത്തിൽ ബി.ജെ.പിയെ എതിർക്കാനായി ഒരുമിച്ച് പോരാട്ടം നടത്താമെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.
പാർട്ടിയുടെ ബംഗാൾ ഘടകത്തിനും ദേശീയതലത്തിലെ സഹകരണത്തിനോട് എതിർപ്പില്ലെന്നാണ് സൂചന. ബി.ജെ.പിയെ എതിർക്കാൻ തൃണമൂലുമായി സഹകരണമാവാമെന്ന് സംസ്ഥാന സെക്രട്ടറി ബിമൻ ബോസ് നിലപാടെടുത്തു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ സി.പി.എം നേതൃത്വത്തെ കുറിച്ച് തൃണമൂലിന് നല്ല അഭിപ്രായമാണ് ഉള്ളത്. എന്നാൽ, നിയമസഭയിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിക്കാതിരുന്ന ബംഗാൾ നേതൃത്വത്തോട് തൃണമൂലിനും വലിയ താൽപര്യമില്ല.
നിലവിൽ മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട നീക്കങ്ങൾ സജീവമാക്കുന്നത് മുഖ്യമന്ത്രി മമത ബാനർജിയാണ്. ഇതിനായി സോണിയ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരുമായി അവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയതലത്തിൽ തൃണമൂലുമായി സഹകരിക്കാമെന്ന നിലപാടിലേക്ക് സി.പി.എമ്മും എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.