സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയായിരിക്കുമ്പോഴാണ് രാഷ്‌ട്രീയത്തിന്റെ ഭാഗമാകുന്നത്. പ്രകാശ് കാരാട്ടിനായി വോട്ടുപിടിക്കാനായിരുന്നു യെച്ചൂരിയുടെ ആദ്യ രാഷ്‌ട്രീയ പ്രസംഗം. കാരാട്ടിനെ ജെ.എൻ.യു സർവകലാശാലാ യൂണിയൻ അധ്യക്ഷനായി ജയിപ്പിച്ചശേഷമാണു യെച്ചൂരി എസ്.എഫ്.ഐയിൽ ചേർന്നത്.
സി.പി.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിക്ക് മൂന്നാമതും എത്തിയത് അദ്ദേഹത്തിന് പാർട്ടിക്കകത്തുള്ള സ്വീകാര്യതയുടെ തെളിവാണ്. കണ്ണൂരിലെ പാർട്ടി കോൺഗ്രസിലാണു െയച്ചൂരിയെ മൂന്നാമതായി തിരഞ്ഞെടുത്തത്. ബി.ജെ.പിയെ ചെറുക്കാൻ ദേശീയ തലത്തിൽ ഇടതുപക്ഷത്തെ ശക്തമാക്കാനും മതേതര പാർട്ടികളുടെ സഖ്യം രൂപവൽകരിക്കാനും പാർട്ടി ലക്ഷ്യമിടുമ്പോൾ െയച്ചൂരിയുടെ പേരിനായിരുന്നു നേതൃസ്ഥാനത്തേക്കുള്ള പ്രഥമ പരിഗണന. പാർട്ടി ദേശീയ തലത്തിൽ ദുർബലപ്പെടുമ്പോൾ, പഴയ പ്രതാപത്തിലേക്കു പാർട്ടിയെ കൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യമാണ് യെച്ചൂരിയുടെ മുന്നിലുണ്ടായിരുന്നത്.
ആന്ധ്ര ബ്രാഹ്മണദമ്പതികളായ സർവേശ്വര സോമയാജലു െയച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ആഗസ്‌റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത്, സുന്ദര രാമ റെഡ്‌ഡിയിൽനിന്നു പി.സുന്ദരയ്യയായി മാറിയ സി.പി.എമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയെ മാതൃകയാക്കിയാണ്. ആന്ധ്ര റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്ന പിതാവിന്റെ സ്‌ഥലംമാറ്റങ്ങൾക്കൊപ്പം യെച്ചൂരിയുടെ സ്‌കൂളുകളും മാറി. പഠനത്തിൽ മിടുക്കനായിരുന്ന യെച്ചൂരി, പതിനൊന്നാം ക്ലാസിലെ ബോർഡ് പരീക്ഷയിൽ രാജ്യത്ത് തന്നെ ഒന്നാമനായി.
െയച്ചൂരി ഹൈദരാബാദിലെ നൈസാം കോളജിൽ ഒന്നാം വർഷ പി.യു.സിക്ക് പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്, 1967–68ൽ. ഒരു വർഷത്തെ പഠനം പ്രക്ഷോഭത്തിൽ മുങ്ങി. പിന്നാലെ പിതാവിനു ഡൽഹിയിലേക്ക് സ്‌ഥലംമാറ്റം. ഡൽഹി സെന്റ് സ്‌റ്റീഫൻസ് കോളജിൽ നിന്ന് ബി.എ ഇക്കണോമിക്‌സിൽ ഒന്നാം ക്ലാസുമായാണ് െയച്ചൂരി ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലേക്കു പോകുന്നത്. അമർത്യ സെന്നിന്റെയും കെ.എൻ.രാജിന്റെയുമൊക്കെ കേന്ദ്രത്തിലേക്ക്.
അവിടുത്തെ പഠനം മടുത്തപ്പോഴാണ് ജെ.എൻ.യുവിൽ അപേക്ഷിക്കുന്നത്. കാരാട്ടിനെ ജെ.എൻ.യു സർവകലാശാലാ യൂണിയൻ അധ്യക്ഷനായി ജയിപ്പിച്ചശേഷമാണു െയച്ചൂരി എസ്.എഫ്.ഐയിൽ ചേർന്നത്. എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റാവുന്നത് 1984ൽ. മൂന്നു തവണ ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അടിയന്തരാവസ്‌ഥക്കാലത്ത് ജയിലിലും കഴിഞ്ഞു.
പിന്നീട് 1988ൽ തിരുവനന്തപുരത്തെ പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തി. െയച്ചൂരിക്ക് ഒപ്പം അന്ന് എസ്.രാമചന്ദ്രൻപിള്ളയും അനിൽ ബിശ്വാസും സിസിയിലെത്തി. 1992ൽ കാരാട്ടിനും എസ്.രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം പൊളിറ്റ്‌ബ്യൂറോയിൽ യെച്ചൂരി അംഗമാകുമ്പോൾ വയസ്സ് 38. പി.ബിയിലെ ഏറ്റവും കുറഞ്ഞ പ്രായം. 2004ൽ ഒന്നാം യുപിഎ സർക്കാരിന്റെ രൂപീകരണത്തിലും സുർജിത്തിനൊപ്പം പ്രധാന പങ്കുവഹിച്ചു. യു.പി.എ സർക്കാരിന്റെ പൊതുമിനിമം പരിപാടിക്കു രൂപംനൽകിയ സമിതിയിലെ സി.പി.എം പ്രതിനിധിയായിരുന്നു.
ഡൽഹി സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി.1974ല്‍ എസ്.എഫ്.ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂനിയന്‍ പ്രസിഡന്‍റായി. ജെ.എൻ.യുവില്‍ പി.എച്ച്.ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല. അടിയന്തിരാവസ്ഥ കാലത്ത് 1975ല്‍ അദ്ദേഹം അറസ്റ്റിലായി. 1978ല്‍ എസ്.എഫ്.ഐയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.