ന്യൂഡൽഹി: അധികാരം ഇരുമ്പുലക്ക പോലെ പ്രയോഗിച്ചുവരുന്നതിനിടയിൽ ഹാഥറസ് സംഭവത്തിൽ പതറി യു.പിയിലെ യോഗി സർക്കാർ. ദേശവ്യാപകമായി പടരുന്ന രോഷവും കോവിഡ് മറവിലുള്ള നിയന്ത്രണങ്ങൾ വകവെക്കാത്ത പ്രതിഷേധവും ബി.ജെ.പിക്ക് കനത്ത ആഘാതമായി.
ആരും ചോദിക്കാനും പറയാനുമില്ലെന്ന മട്ടിൽ കോവിഡ് കാലത്ത് ഒതുക്കാമെന്നു കരുതിയ ഹാഥറസ് സംഭവം കെട്ടടങ്ങാതെ ആളിക്കത്തിയതോടെ, ആറു വർഷത്തിനിടയിൽ നേരിടേണ്ടി വന്നിട്ടില്ലാത്ത ജനരോഷത്തിനു മുന്നിലാണ് ബി.ജെ.പി.
അംബേദ്കറുടെ ചിത്രമുയർത്തിപ്പിടിച്ച് ദലിതുകളെ പാട്ടിലാക്കുന്ന അടവുനയങ്ങൾ തുടരുന്നതിൽ നിർഭയ സംഭവത്തിന് സമാനമായി ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് പിന്നാക്ക വിഭാഗങ്ങളെ ബി.ജെ.പിക്കെതിരെ തിരിക്കാൻപോന്ന ദുരന്തസംഭവമാണ്. പ്രതികൾ യു.പിയിലെ സവർണ ഠാകുറുകളാണ്; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഠാകുറാണ്.
20കാരിയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കുകയോ, മാതാപിതാക്കളെ കാണാൻപോലും അനുവദിക്കുകയോ ചെയ്യാതെ പാതിരാത്രിയിൽ യു.പി പൊലീസ് ബലാൽക്കാരമായി കത്തിച്ചത് ബി.ജെ.പിയെയും സംസ്ഥാന സർക്കാറിനെയും പ്രതിക്കൂട്ടിലാക്കി. തെളിവുകൾ ഇല്ലാതാക്കി പ്രതികളെ രക്ഷപ്പെടുത്താനുള്ള ഭരണകൂട ശ്രമത്തിെൻറ പ്രകടമായ തെളിവായി അത് മാറി.
ഇരയുടെ കുടുംബത്തെ കണ്ട് വിവരങ്ങൾ ആരായാനും ആശ്വാസം പകരാനും പ്രതിപക്ഷ നേതാക്കൾക്കു പോലും അവസരം നിഷേധിച്ച 'ഇരുമ്പുമറ'യാണ് ഭരണകൂടം തീർത്തത്. ദലിത് രോഷത്തെയും ദേശവ്യാപക പ്രതിഷേധത്തെയും ബി.ജെ.പിയും കേന്ദ്ര- സംസ്ഥാന ഭരണകൂടവും ഭയക്കുന്നതു വഴി ഉണ്ടായ നടപടികൾ പലതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെ വിളിച്ച് ആശങ്ക പങ്കുവെച്ചു. പ്രതികളായ പൊലീസുകാരെ സസ്പെൻഡ് ചെയ്യേണ്ടിവന്നു.
പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. ഒടുവിൽ സി.ബി.ഐ അന്വേഷണവും. ഇതൊക്കെ പ്രതിഷേധം പടർന്ന ശേഷം മാത്രം ഉണ്ടായ നടപടികളാണ്. ദലിത് വിഭാഗത്തിെൻറ വോട്ടുവാങ്ങുന്ന ബി.എസ്.പി നേതാവ് മായാവതി, സമാജ്വാദി നേതാവ് അഖിലേഷ് യാദവ് എന്നിവരുടെ സമരമുറകൾ ട്വിറ്ററിൽ മാത്രം അരങ്ങേറുന്നതിനിടയിൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം രാഷ്ട്രീയമായി ഏറ്റെടുത്തത് ഒതുക്കാമെന്ന യോഗിസർക്കാറിെൻറ പ്രതീക്ഷ പാളി. എങ്ങനെയും പ്രതിഷേധ തീ അണക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഹാഥറസ് പ്രതിഫലിക്കുമെന്ന ആശങ്കയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.