കാൺപുർ (യു.പി): മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡി.എൻ.എയെ പറ്റി സംസാരിക്കരുതെന്നും അദ്ദേഹം സ്വന്തം ഡി.എൻ.എ പരിശോധിക്കണമെന്ന് പറയേണ്ടി വരുമെന്നും മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. മുഖ്യമന്ത്രി ശാസ്ത്രവും ബയോളജിയും എത്രത്തോളം പഠിച്ചിട്ടുണ്ടെന്ന് തനിക്കറിയില്ല. ഈ സംസാരം അദ്ദേഹത്തിന് ചേരുന്നതല്ല. സന്ന്യാസി വേഷം ധരിച്ചയാൾ ഈ ഭാഷ ഉപയോഗിക്കരുതെന്ന് അഖിലേഷ് പറഞ്ഞു.
500 വർഷം മുമ്പ് മുഗൾ ചക്രവർത്തി ബാബറിന്റെ കമാൻഡർ അയോധ്യയിൽ ചെയ്തതും ഇപ്പോൾ സംഭലിൽ നടക്കുന്നതുമാണ് ബംഗ്ലാദേശിൽ സംഭവിക്കുന്നതെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. മൂന്ന് സംഭവത്തിന്റെയും ഡി.എൻ.എ ഒന്നാണ്. അങ്ങനെ അല്ല എന്ന് കരുതുന്നവർ തെറ്റിദ്ധാരണയിലാണ്. പ്രതിപക്ഷം സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും യോഗി പറഞ്ഞു.
ശ്രീരാമൻ സമൂഹത്തെ ഒന്നിപ്പിച്ചെന്നും വിദ്വേഷം സൃഷ്ടിക്കുന്ന രാഷ്ട്രശത്രുക്കളുടെ തന്ത്രത്തിനെതിരെ ഐക്യത്തിന് പ്രാധാന്യം നൽകിയിരുന്നെങ്കിൽ ഇന്ത്യ അധിനിവേശത്തിന് വിധേയമാകില്ലായിരുന്നുവെന്നും യോഗി പറഞ്ഞു. 43മത് രാമായണമേളയുടെ ഉദ്ഘാടനത്തിനായി അയോധ്യയിലെത്തിയതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.