യോഗി ആദിത്യനാഥിനോട് തീർഥാടനം നടത്താനാവശ്യപ്പെട്ട് ജയ ബച്ചന്‍

ലഖ്നോ: ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് നടിയും സമാജ് വാദി പാർട്ടി എം.പിയുമായ ജയാ ബച്ചന്‍. സംസ്ഥാനത്തെ സ്ത്രീസുരക്ഷ സംബന്ധിച്ച് യോഗി ആദിത്യനാഥിന് ഒന്നും അറിയില്ലെന്നും ഇത് മനസ്സിലാക്കാന്‍ യോഗി ഒരു തീർഥാടനം നടത്തുന്നതാണ് നല്ലതെന്നും ജയ ബച്ചന്‍ അഭിപ്രായപ്പെട്ടു. മോദിയുടെയും യോഗിയുടെയും സർക്കാരുകൾ തങ്ങളുടെ ദൗർബല്യങ്ങൾ മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്നും ജയ ആരോപിച്ചു. ഉത്തർപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് യോഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ബി.ജെ.പിയുടെ ഒരു എം.പി പോലും ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചിട്ടില്ലെന്നും ജയ ബച്ചന്‍ കുറ്റപ്പെടുത്തി. ബി.ജെ.പി ഭരണത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചെന്ന് എൻ.സി.ആർ.ബി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ഡിംപിൾ യാദവും അഭിപ്രായപ്പെട്ടു. ഹത്രാസ്, ഉന്നാവോ സംഭവങ്ങളെക്കുറിച്ചും അവർ പരാമർശിച്ചു.

ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് ഡിംപിൾ യാദവ് പറഞ്ഞു. കൂടാതെ സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണവും ഒരു കോടി സ്ത്രീകൾക്ക് 18,000 രൂപ വീതം വാർഷിക പെൻഷനും പെൺകുട്ടികൾക്ക് പി.ജി തലം വരെ സൗജന്യ വിദ്യാഭ്യാസവും വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്പുകളും നൽകുമെന്ന് അവർ വാഗ്ദാനം ചെയ്തു. 

Tags:    
News Summary - Yogi should go on pilgrimage, says SP's Jaya Bachchan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.