ന്യൂഡൽഹി: ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു അത്. പണക്കാരന്‍റെ നേർക്കുള്ള വീട്ടുവേലക്കാരുടെ പ്രതിഷേധം. തങ്ങൾക്കൊപ്പമുള്ള ഒരുവളെ വീട്ടുടമസ്ഥൻ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ച് അവശയാക്കിയതിൽ പ്രതിഷേധിച്ചാണ് അവർ സമരത്തിന് ഇറങ്ങിത്തിരിച്ചത്.
ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക രാജ്യമായ ഇന്ത്യയുടെ തലസ്ഥാന നഗരിയിലാണ് ഇന്ന് രാവിലെ 150ഓളം വരുന്ന വീട്ടുവേലക്കാർ സമരത്തിനിരങ്ങിയത്. നോയിഡയിലെ മഹാഗൻ മോഡേൺ കോംപ്ളക്സിന് മുന്നിലാണ് പ്രതിഷേധ സമരം അരങ്ങേറിയത്. 150ഓളം വരുന്ന പ്രതിഷേധക്കാർ കോംപ്ളക്സിലെ വീടുകളുടെ ജനലുകളും മറ്റും എറിഞ്ഞുടച്ചു.
തന്‍റെ വീട്ടിൽ നിന്നും വിലയേറിയ സാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് മഹാഗൻ മോഡേണിലെ വീട്ടുടമസ്ഥ ജോഹ്റ ബീബി എന്ന ജോലിക്കാരിയെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ചുവെന്നാണ് പരാതി. രാത്രി മുഴുവൻ വീട്ടുകാർ ജോഹ്റ ബീബിയെ മർദിക്കുകയായിരുന്നു. എന്നാൽ രണ്ട് മാസത്തെ ശമ്പള കുടിശ്ശിക ചോദിച്ചതിനാണ് മർദിച്ചതെന്ന് ജോഹ്റ പറഞ്ഞു.
'ഇവിടെ നിന്നും ഓടിപ്പോകാൻ ശ്രമിച്ചാൽ നിന്നെ കൊന്ന് ചവറ്റു കുട്ടയിലെറിയും.' എന്ന് മാഡം പറഞ്ഞതായി തന്‍റെ കുടിലിൽ കിടന്നുകൊണ്ട് അവശയായ ജോഹ്റ പറഞ്ഞു.
സംഭവത്തിൽ ഇതുവരെ അറസ്റ്റൊന്നും നടന്നിട്ടില്ല. രണ്ട് വിഭാഗവും പരസ്പരം കുറ്റപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ നിജസ്ഥിതി തിരച്ചറിയാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
25 ഏക്കറിൽ സ്ഥിതി ചെയ്യുന്ന മഹാഗൻ മോഡേൺ കോംപ്ളക്സിൽ 2,000ത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. സ്വിമ്മിങ് പൂൾ, ടെന്നിസ് കോർട്ട് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഈ വില്ലയിലുണ്ട്. തകരം മേഞ്ഞ, മൺകുടിലുകളിൽ താമസിക്കുന്ന, പൊതുടാപ്പിൽ കുളിക്കുന്ന വീട്ടുവേലക്കാരിലധികവും പശ്ചിമ ബംഗാളിൽ നിന്ന് കുടിയേറിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.