വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ ബി.ജെ.പിയിൽ; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

ന്യൂഡൽഹി: തമിഴ്നാട്ടിൽ ബിഹാറി കുടിയേറ്റക്കാർ ആക്രമിക്കപ്പെടുകയാണെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മനീഷ് കശ്യപ് ബി.ജെ.പിയിൽ. ഒൻപത് മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അമ്മയാണ് തന്നോട് ബി.ജെ.പിയിൽ ചേരാൻ പറഞ്ഞതെന്നും മോദിയോടൊപ്പം പ്രവർത്തിക്കാനുള്ള ആ​ഗ്രഹമാണ് ഇതിന് പിന്നിലെന്നും കശ്യപ് പറഞ്ഞു.

ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ തർക്കമുണ്ടായതോടെ 2023 മാർച്ചിലായിരുന്നു ബിഹാർ സർക്കാർ കശ്യപിനെ അറസ്റ്റ് ചെയ്തത്. ഏറെ കാലം ഒളിവിൽ കഴിഞ്ഞതിന് ശേഷമായിരുന്നു ഇയാളെ പിടികൂടിയത്.

ഏപ്രിൽ 25ന് ബി.ജെ.പി എം.പി മനോജ് തിവാരിയുടെ നേതൃത്തിലായിരുന്നു കശ്യപിന്റെ പാർട്ടി പ്രവേശം. ജയിലിൽ കഴിയുന്ന കാലത്ത് ബി.ജെ.പി മാത്രമാണ് തനിക്ക് പിന്തുണയ്ക്കെത്തിയതെന്ന് കശ്യപ് പറഞ്ഞു. ബിഹാർ രാഷ്ട്രീയത്തിൽ നിന്നും മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ നീക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

"ഞാൻ ബി.ജെ.പിയിൽ ചേർന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ പ്രവർത്തിക്കാനാണ്. ജയിലിൽ കഴിഞ്ഞ ഒൻപത് മാസക്കാലവും ധീരതയോടെ പോരാടിയ അമ്മയാണ് ബി.ജെ.പിയിൽ ചേരാൻ‍ എന്നെ പ്രേരിപ്പിച്ചത്," കശ്യപ് പറഞ്ഞു.

പ്രതിമ തകർക്കൽ, കശ്മീരി മുസ്ലിം കടയുടമകൾക്കെതിരായ ആക്രമണം, അനധികൃത പണപ്പിരിവ് തുടങ്ങിയ നിരവധി വിഷയങ്ങളിൽ വിവാദം സൃഷ്ടിച്ച വ്യക്തിയാണ് മനീഷ് കശ്യപ്. കശ്യപ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കശ്യപിനെ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എൺപത് ലക്ഷം സബ്സ്ക്രൈബേഴ്സാണ് കശ്യപിനുള്ളത്.

Tags:    
News Summary - YouTuber arrested for spreading fake video joined BJP; May contest in upcoming assembly elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.