ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ പരസ്യ നിലപാട് എടുത്ത് പാര്‍ട്ടിയില്‍ നിന്ന് വിമതസ്വരം ഉയര്‍ത്തുന്ന എംപിയാണ് രഘുരാമ കൃഷ്ണ രാമരാജു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച എം.പിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ് ആന്ധ്രപ്രദേശ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപാർട്മെന്റ് (സി.ഐ.ഡി).
നരസപുരത്തുനിന്നുള്ള എംപിയാണ് ഇദ്ദേഹം. സംസ്ഥാന സർക്കാറിന്‍റെ അന്തസ്സിന് കളങ്കം വരുത്തിയെന്ന് ആരോപിച്ചാണ് രാജുവിനെ ഹൈദരാബാദിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. രാജ്യദ്രോഹം, വ്യത്യസ്ഥ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് നടപടി.
ചില സമുദായങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിനും സർക്കാരിനെതിരെ അസംതൃപ്തി വളർത്തിയതിനുമാണ് രാജുവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പ്രസ്താവിച്ചു. 59കാരനായ രാമരാജു സർക്കാറിനെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിച്ചിരുന്നു.
2012ലെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 27നാണ് രാമരാജു സി.ബി.ഐ പ്രത്യേക കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി ജാമ്യവ്യവസ്ഥകൾ തെറ്റിച്ചെന്നായിരുന്നു ആരോപണം.
വെസ്റ്റ് ഗോദാവരി ജില്ലയിലെ പ്രമുഖ വ്യവസായിയായ രാമരാജു ആദ്യമായല്ല ജഗനെതിരെ തിരിയുന്നത്. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് കൂടുമാറിയിരുന്നു. 2018ൽ ബി.ജെ.പി വിട്ട് തെലുഗുദേശം പാർട്ടിയിലെത്തിയെങ്കിലും 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് വൈ.എസ്.ആർ.സി.പിയിൽ മടങ്ങിയെത്തി.
ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും രാമരാജുവും ജഗനും തമ്മിൽ സ്വരചേർച്ചയുണ്ടായില്ല. 2020ൽ പാർട്ടി രാമരാജുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തില്ലെങ്കിലും ഇയാളെ അയോഗ്യനാക്കണമെന്ന് പാർട്ടി കഴിഞ്ഞ ഒക്ടോബറിൽ സ്പീക്കർ ഓം ബിർലയോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.