സാകിയ ജാഫ്രി സഞ്ജീവ് ഭട്ടിന്റെ പത്നി ശ്വേതാഭട്ടിനൊപ്പം
എത്ര നിരാശാഭരിതമായ വേളയിലും എത്രമാത്രം ഭയാനകത ചുറ്റിലും നിറയുേമ്പാഴും അതിനെ വകവെക്കാതെ മുന്നോട്ടുനീങ്ങുന്നവർ പകരുന്ന ഊർജം അഭൂതപൂർവമാണ്. 2002ലെ ഗുജറാത്ത് വംശഹത്യക്ക് പ്രത്യക്ഷമായും പരോക്ഷമായും ഉത്തരവാദികളായ ഓരോ രാഷ്ട്രീയ പ്രഭുവിനെയും തുറന്നുകാട്ടാൻ തീരുമാനിച്ചുറച്ച് ഇറങ്ങിപ്പുറപ്പെട്ട സകിയ ജാഫ്രി അക്ഷരാർഥത്തിൽ ഒരു പോരാളി തന്നെയാണ്. ഏകയായ, അതുല്യയായ പോരാളി.
അവർ ഒരു സാധാരണ വനിതയല്ല എന്നത് നേര്. ട്രേഡ് യൂനിയൻ പ്രസ്ഥാനങ്ങളുടെ അമരത്തുനിന്ന് കോൺഗ്രസ് നേതാവും പാർലമെന്റംഗവുമായി മാറിയ ജീവിതപങ്കാളി ഇഹ്സാൻ ജാഫ്രിയെ വംശഹത്യക്കിടെ ഹിന്ദുത്വ വർഗീയവാദികൾ വീട്ടിനുള്ളിലിട്ട് കൊലപ്പെടുത്തി ചുട്ടെരിക്കും വരെ സകിയ പൊതുരംഗത്ത് അത്ര സജീവമൊന്നുമായിരുന്നില്ല.
ഡൽഹിയിൽ രണ്ടു തവണ അവർ സംസാരിക്കുന്നത് കേൾക്കാൻ അവസരം ലഭിച്ചിരുന്നു. നഗരം കത്തിയെരിഞ്ഞതും ആക്രമികൾ ഗുൽബർഗ് സൊസൈറ്റിയെ ചാരമാക്കി മാറ്റിയതുമെല്ലാം അവരന്ന് തുറന്നുപറഞ്ഞത് ഇപ്പോഴുമോർക്കുന്നു- ‘കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലെ ബി.ജെ.പി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടതിനാൽ കോൺഗ്രസ് അടുത്ത തവണ അധികാരത്തിൽ തിരിച്ചെത്തുമെന്ന് 2002 ഫെബ്രുവരി 27ന് പോലും ജാഫ്രി വിശ്വസിച്ചിരുന്നു. ബി.ജെ.പിക്ക് അധികാരത്തിൽ പിടിച്ചുനിൽക്കാൻ ഒരേയൊരു മാർഗം മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിക്കലാണെന്നും ഗോധ്ര സംഭവത്തെ അവരതിനായി ഉപയോഗിച്ചേക്കുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു.
അതിന് തൊട്ടു പിറ്റേ ദിവസം അയൽക്കാർ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടംകൂട്ടമായി വന്നുതുടങ്ങി. ജാഫരി അവിടെയുണ്ട് എന്നറിഞ്ഞതോടെ അവർ വലിയ ആശ്വാസത്തിലുമായിരുന്നു. രാവിലെ ഒമ്പതു മണിയായതോടെ മേഖലയിൽ സംഘർഷ മേഘങ്ങൾ ഉരുണ്ടുകൂടി. ആദ്യം കടകളും വാഹനങ്ങളും കൊള്ളയടിക്കും കൊള്ളിവെപ്പിനുമിരയായി. പരിക്കേറ്റ ഒരു കുട്ടി ഞങ്ങളുടെ വീട്ടിൽ അഭയംതേടി. പിന്നീട് ഞങ്ങളുടെ വീട് തീവെച്ച ആക്രമികൾ അവനെയും കൊന്നുകളഞ്ഞു.
പ്രശ്നസങ്കീർണമായിട്ടും പൊലീസ് കമീഷണർ ഞങ്ങളുടെ പ്രദേശം സന്ദർശിക്കാൻ കൂട്ടാക്കിയില്ല. അതോടെ ജാഫരി സാബ് റോഡിലേക്ക് പോയി മേഖലയിൽ പൊലീസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു. ഒരു സഹായവുമുണ്ടായില്ല. ഞങ്ങൾക്കറിയാവുന്ന 69 മനുഷ്യരെ അവിടെയിട്ട് കൊലപ്പെടുത്തിയിട്ടും കുരുതി അവസാനിപ്പിക്കാൻ പിറ്റേന്ന് വൈകീട്ടുവരെ പൊലീസ് ആ വഴി വന്നതേയില്ല.
ആ കാഴ്ചകൾ മറക്കാനാവുന്നില്ല. സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചുകീറി അവർക്കുനേരെ സകല അതിക്രമങ്ങളും കാണിച്ചു. പിന്നീടാ സ്ത്രീകളുടെ ശരീരങ്ങൾ കത്തിച്ചാമ്പലായി കിടക്കുന്നത് കാണേണ്ടിവന്നു. ഈ അഴിഞ്ഞാട്ടങ്ങളുടെ കലാശവേളയിലാണ് പൊലീസ് എത്തിയത്. അപ്പോഴേക്ക് സർവം നശിച്ചിരുന്നു. ആളെ തിരിച്ചറിയാത്ത മൃതദേഹങ്ങളായിരുന്നു ചുറ്റിലും. യഥാസമയം എത്തിച്ചേരണമെന്ന് പൊലീസിന് തെല്ലും താൽപര്യവുമില്ലായിരുന്നു’.
2002ലെ വംശഹത്യക്ക് ഏറെ മുമ്പുതന്നെ സാകിയയുടെ കുടുംബത്തെ ആക്രമികൾ ഉന്നമിട്ടിരുന്നു. 700 പേർ കൊല്ലപ്പെട്ട 1969ലെ അഹ്മദാബാദ് കലാപകാലത്തും ജാഫ്രിയുടെ കുടുംബവീട് കൊള്ളയടിക്കും തീവെപ്പിനുമിരയായിരുന്നു. ഗുൽബർഗ് സൊസൈറ്റിക്ക് പിൻവശത്തുള്ള ഡോ. ഗാന്ധി ലെയിനിലായിരുന്നു അവരന്ന് പാർത്തിരുന്നത്. പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ സാകിയ-ഇഹ്സാൻ ദമ്പതികൾ ഓടിയെത്തി. അവരുടെ സകല സമ്പാദ്യങ്ങളും ഇഹ്സാൻ ജാഫ്രിയുടെ കവിതകളും ലേഖനങ്ങളും പുസ്തകങ്ങളുമടക്കം സകലതും നശിപ്പിക്കപ്പെട്ടു. നാലു മാസം ക്യാമ്പുകളിൽ കഴിഞ്ഞു. പിന്നീട് താമസമാക്കിയതാണ് ഗുൽബർഗ് സൊസൈറ്റിയിൽ. 69ലെ കലാപം തന്നെ ഈ കുടുംബത്തിന് സാമ്പത്തികവും മാനസികവും സാമൂഹികവുമായ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. മക്കളുടെ പഠനംപോലും കുഴപ്പത്തിലായി.
ഗുജറാത്ത് വംശഹത്യ ഒട്ടനവധി വിധവകളെ സൃഷ്ടിച്ചു. ആയിരക്കണക്കിന് അനാഥ മക്കളെയും. പരമോന്നത വ്യക്തികളാണ് അതിനുപിന്നിലെ ആസൂത്രകർ എന്നതിനാൽ നീതിയും നിയമവും ഏറെ അകലെയാണ്. എന്നിട്ടും ആ വിധവകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി കനൽപാടുകൾ താണ്ടി ഈ വയോധിക പോരാട്ടം തുടരുന്നു.
ഇത്രമാത്രം മാറിയ ഇന്ത്യയിൽ, എന്തും മാറ്റിത്തിരുത്താൻ കെൽപും ശേഷിയുമുള്ള ആളുകൾക്ക് മുന്നിൽ തലകുനിക്കാതെനിന്ന് ഇവർ സത്യം വിളിച്ചു പറയുന്നു. നീതിപീഠത്തോട് ന്യായത്തിനായി വാദിക്കുന്നു. ധീരതക്ക് ഒരു സമ്മാനമുണ്ടെങ്കിൽ സാകിയ ജാഫ്രി എന്ന വിധവയേക്കാളേറെ അത് ലഭിക്കാൻ അർഹത മറ്റാർക്കുണ്ട്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.