സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ചു, തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഹിന്ദുത്വവാദികൾ ക്രിസ്മസിന് ഒരു ഡെലിവറി ബോയിയോട് ചെയ്തത്... VIDEO

ഭോപാൽ: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളിയെ തടഞ്ഞ് സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച് ഹിന്ദുത്വവാദികൾ. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് സംഭവം. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അക്രമം കാണിച്ചത്.

ഓർഡർ ലഭിച്ച ഭക്ഷണം വിതരണം ചെയ്യാനായി പോകവെ, ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ബൈക്ക് തടയുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. ക്രിസ്മസ് ആയതുകൊണ്ടാണോ ഈ വേഷം ധരിക്കുന്നത്? ഹിന്ദു ആഘോഷ വേളകളിൽ ഭക്ഷണം ഡെലിവറി ചെയ്യുമ്പോൾ നിങ്ങൾ എന്തുകൊണ്ട് ശ്രീരാമന്‍റെ വേഷമോ കാവി വസ്ത്രമോ ധരിക്കുന്നില്ല? -എന്നെല്ലാമായിരുന്നു ചോദ്യങ്ങൾ.

തുടർന്ന് സാന്‍റാക്ലോസ് വേഷം അഴിക്കാൻ ആവശ്യപ്പെട്ടു. ഇത് മാർക്കറ്റിങ്ങിനുവേണ്ടിയാണെന്നും ഡെലിവറി സമയത്ത് ഉപഭോക്താക്കൾക്കൊപ്പം ഈ വേഷത്തിൽ സെൽഫിയെടുക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ പ്രതിഫലം കിട്ടില്ലെന്നുമെല്ലാം യുവാവ് പറഞ്ഞു. പക്ഷേ അക്രമി സംഘം സമ്മതിച്ചില്ല. സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച ശേഷമാണ് സംഘം യുവാവിനെ വിട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 23ലും ക്രിസ്ത്യാനികൾക്കെതിരായ അക്രമവും വിവേചനവും വർദ്ധിച്ചുവരികയാണെന്ന് ഡൽഹി ആസ്ഥാനമായ സിവിൽ സൊസൈറ്റി സംഘടനയായ യു.സി.എഫിന്‍റെ റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഉത്തർപ്രദേശിലാണ്, 182 സംഭവങ്ങൾ. ഛത്തീസ്ഗഢിൽ 139 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശ്, ഝാർഖണ്ഡ്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Tags:    
News Summary - Zomato delivery man forced to remove Santa Claus attire in MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.