ആഗോള വ്യാപകമായി രാഷ്ട്രീയ പ്രചാരണം ഇപ്പോൾ പ്രഫഷനലുകളുടെ നിയന്ത്രണത്തിലാണ്. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾക്കു വിജയമന്ത്രം ഒരുക്കുന്ന പ്രശാന്ത് കിഷോർമാരുടെ കാലമാണിത്. രാഷ്ട്രീയ തന്ത്രജ്ഞരുടെ വിജയഗാഥകളിൽ മലയാളിത്തിളക്കങ്ങൾ അധികം പറഞ്ഞുകേൾക്കാനില്ലാത്തപ്പോൾ അമേരിക്കയിൽനിന്നൊരു പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റിന്‍റെ അനുഭവപാഠങ്ങൾ വിവരിക്കുകയാണ് സ്റ്റാൻലി ജോർജ്. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് സ്വദേശിയായ സ്റ്റാൻലി അമേരിക്കയിലെ ഏറ്റവും പ്രബല കക്ഷികളിലൊന്നായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉപദേശക സമിതി അംഗമായി പ്രവർത്തിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രചാരണത്തിനു ചുക്കാൻ പിടിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ സ്റ്റാൻലി ജോർജ് ആയിരുന്നു. മുൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും സ്റ്റാൻലിയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണ സംഘത്തിലെ ഏക ഇന്ത്യൻ വംശജനായ സ്റ്റാൻലി അഭീഷ് കെ. ബോസുമായി അനുഭവങ്ങൾ പങ്കിടുന്നു.
ലോക വ്യാപകമായി രാഷ്ട്രീയ പാർട്ടികൾ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുകളുടെ സേവനം കൂടുതൽ വ്യാപകമായി ഉപയോഗിച്ചുവരികയാണ്. അതായത് പൊതുജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന രാഷ്ട്രീയ നേതാക്കൾ ചെയ്തിരുന്ന പരമ്പരാഗത റോൾ പ്രഫഷനലുകൾ ഏറ്റെടുക്കുകയാണ്. ഈ മാറ്റം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എന്തു പരിവർത്തനങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്?
തീർച്ചയായും ഇതൊരു വിലോഭനീയമായ അവസരമാണ്. ഒപ്പം പ്രചോദനപരമായ സന്ദർഭവും. ചിലപ്പോൾ നമുക്ക് സ്ഥാനാർഥികളുമായി വളരെ അടുത്തു പ്രവർത്തിക്കേണ്ടിവരും. മറ്റു ചിലപ്പോൾ അവരുടെ ഉപദേശകരുമായും. ആ അവസരത്തിൽ നാമും ഈ ഉപദേശകരിലൊരാളായി മാറുകയാണ്. സ്വഭാവികമായും അതിന് ഏറ്റക്കുറച്ചിൽ ഉണ്ടാകാമെന്നു മാത്രം. അതെല്ലാം പ്രചാരണത്തിന്‍റെ സവിശേഷതയ്ക്കനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനേക്കാൾ പലപ്പോഴും ഏകോപനം ആയിരിക്കും സ്ട്രാറ്റജിസ്റ്റ് (രാഷ്ട്രീയ തന്ത്രജ്ഞൻ) ചെയ്യേണ്ടിവരിക. സ്ഥാനാർഥിയുടെ കാഴ്ചപ്പാടുകൾക്ക് അപ്പുറത്തേക്കു പോകാൻ നമുക്ക് കഴിയില്ല. അവരുടെ ആശയങ്ങളും താൽപര്യങ്ങളും സ്ട്രാറ്റജിസ്റ്റും മാനിച്ചേ മതിയാവൂ. അതിവിശ്വസ്ത പട്ടികയിലേക്കു വന്നാൽ പൊതുജനങ്ങളിലേക്കു സന്ദേശം എത്തിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴി നിശ്ചയിക്കാനും അതിൽ അവർക്കു ദിശാബോധം പകരാനും കൂടുതൽ വിശാലമായ റോൾ കൈവരും.
90കളുടെ തുടക്കത്തിൽ അമേരിക്കയിലേക്കു കുടിയേറിയ മലയാളി എന്ന നിലയിൽ പ്രവാസ ജീവിതത്തിന്‍റെ തുടക്കകാലത്തെ എങ്ങനെയായിരുന്നു എന്നു പറയാമോ?
വളരെയേറെ വെല്ലുവിളികൾ നിറഞ്ഞ ആ പരിവർത്തന കാലഘട്ടത്തിലെ യാതനകൾ ആയിരിക്കും നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത്. തീർച്ചയായും അത് അങ്ങനെതന്നെ ആയിരുന്നു. അനിശ്ചിതത്വത്തിന്‍റെ നാളുകൾ ഏറെയായിരുന്നു. പക്ഷേ, ഈശ്വരാനുഗ്രഹത്താൽ ആ വെല്ലുവിളികളെയൊക്കെ തരണം ചെയ്യാനായി. മൂന്നര പതിറ്റാണ്ടു പിന്നിടുമ്പോൾ അമേരിക്കയും അതിന്‍റെ രാഷ്ട്രീയവും ഗണ്യമായ മാറ്റങ്ങൾക്കു വിധേയമായിരിക്കുന്നു. ആധുനീകരണത്തിലും സാംസ്കാരിക പരിണാമങ്ങളിലും കേരളത്തിൽ സംഭവിച്ച പരിവർത്തനങ്ങളോട് ഒരു പരിധിവരെ ചേർന്നു നിൽക്കുന്നതാണ് അമേരിക്കയിലുണ്ടായ മാറ്റങ്ങളും.
അതൊരിക്കലും ഒരു സുഗമമായ യാത്ര ആയിരുന്നില്ല. വെല്ലുവിളികൾ ഏറെയായിരുന്നു. വളരെ കണക്കുകുട്ടലുകളോടെ ശ്രദ്ധാപൂർവം നീങ്ങിയിട്ടും എനിക്കു പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലായിരുന്നില്ല പലതും സംഭവിച്ചത്. അതുകൊണ്ടുതന്നെ പലപ്പോഴും എനിക്ക് സ്വയം മെച്ചപ്പെടേണ്ടതുണ്ടായിരുന്നു. എന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടിനു പോലും രൂപപരിണാമങ്ങൾ സംഭവിച്ചു. ഒരു കാലത്ത് ഞാൻ വലിയ ബിൽ ക്ലിന്‍റൻ അനുകൂലി ആയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ജോർജ് ഡബ്ല്യു. ബുഷിനെ എനിക്ക് ഇഷ്ടമേ അല്ലായിരുന്നു. എന്നാൽ, ഒബാമയുടെ വാഗ്ദാന ലംഘനങ്ങൾ മാറി ചിന്തിക്കാൻ എനിക്ക് പ്രേരണയായി. ഹിലാരി ട്രംപ് പോരാട്ടമായിരുന്നു എന്‍റെ വഴിത്തിരിവ്. അന്ന് ട്രംപ് ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചതു പോലുമില്ലായിരുന്നു. ഇതര ഭൂരിപക്ഷത്തെപ്പോലെ ഞാനും അതു കണക്കുകൂട്ടിയിരുന്നില്ല. ട്രംപ് അധികാരമേറിയപ്പോൾ അത് ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ദശകങ്ങൾക്കിടയിലെ ഏറ്റവും മികച്ച ഭരണകൂടമായി മാറുകയായിരുന്നു. കളിയാകെ മാറി. ഒരുതരം ജനകീയ വിപ്ലവം.അഴിമതിക്കാരും പൈശാചികരുമായ ഡമോക്രാറ്റുകൾക്ക് ഗതിയില്ലാതായി. വ്യവസ്ഥിതിയുടെ ആളായി നിൽക്കാത്തതിന്‍റെ പേരിൽ മാത്രം ട്രംപിനെ നശിപ്പിക്കാനായി അവരുടെ ശ്രമം. ട്രംപിനോട് അടുത്തുനിന്ന ചില കോഴിക്കൂട്ടിലെ ചെന്നായ്ക്കളുടെ സഹായവും അവർക്കു ലഭിച്ചു. ട്രംപിന്‍റെ രണ്ടാം തെരഞ്ഞെടുപ്പിൽ പ്രചാരണ പങ്കാളിയാവാൻ കഴിഞ്ഞത് വലിയ ബഹുമതിയായാണു ഞാൻ കാണുന്നത്. ലക്ഷ്യം നേടാൻ കഴിഞ്ഞില്ല എന്നു മാത്രം.
റിപ്പബ്ലിക്കൻ പാർട്ടി ഉപദേശക സമിതി അംഗമാണല്ലോ നിങ്ങൾ. വലതുപക്ഷ ചായ്വുള്ള പാർട്ടിയായാണ് റിപ്പബ്ലിക്കൻ പാർട്ടി വിലയിരുത്തപ്പെടുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയെയും ബി.ജെ.പിയെപ്പോലെ വലതുപക്ഷ നയങ്ങൾ പിന്തുടരുന്ന ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളെയും എങ്ങനെയാണു കാണുന്നത്. നയങ്ങളുടെയും നടത്തിപ്പിന്‍റെയും കാര്യത്തിൽ ഇന്ത്യയിലെ വലതുപക്ഷ കക്ഷികളിൽനിന്ന് റിപ്പബ്ലിക്കൻ പാർട്ടി എങ്ങനെയാണു വ്യത്യസ്തമാവുന്നത്?
കൗതുകകരമായ ദ്വിമാന തലങ്ങളുള്ള ഒരു വിഷയമാണിത്. ബി.ജെ.പിക്ക് റിപ്പബ്ലിക്കൻ പാർട്ടിയുമായി ഏറെ സാദൃശ്യങ്ങളും സമാനതകളും ഉള്ളതുപോലെ തന്നെ വൈജാത്യങ്ങളുമുണ്ട്. ഉദാഹരണത്തിന് അടുത്തിടെ അമേരിക്കയിൽ നടന്ന അതി വാശിയേറിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സിറ്റിങ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ നടന്നതുപോലെ കിരാതമായ ആക്രമണം ഇന്ത്യയിൽ കേട്ടുകേൾവി പോലുമില്ലാത്തതാണ്. നമ്മുടെ നാട്ടിൽ ഇത്തരമൊരു വിമർശനം വളരെ കുറഞ്ഞ തോതിലേ നടക്കാറുള്ളൂ. പ്രസിഡന്‍റിനെതിരെ എന്നതു പോയിട്ട്, ഇന്ത്യയിൽ ഏതെങ്കിലും എം.പിക്കെതിരെ പോലും അമേരിക്കയിലേതുപോലെ അധിക്ഷേപകരമാ അപഭാഷണങ്ങൾ ആലോചിക്കാൻ പോലും കഴിയുന്നതല്ല. അഥവാ അതിലൊരംശം സംഭവിച്ചാൽ പറയുന്നവർ ജയിലിൽ കിടക്കേണ്ടിവരുമെന്നതാണ് ഇന്ത്യയിലെ അവസ്ഥ. ബി.ജെ.പിയും റിപ്പബ്ലിക്കൻ പാർട്ടിയും കാർക്കശ്യമുള്ള ദേശീയവാദികളാണ്. ബി.ജെ.പിയുടെ ദേശീയതയിൽ ഒരുതരം സ്വേച്ഛാധിപത്യഭാവമുണ്ട്.
റിപ്പബ്ലിക്കൻ പാർട്ടിയിൽ ഇത്തരമൊരു സ്വഭാവം അവർ ആഗ്രഹിച്ചാൽ പോലും ഒരുനിലയ്ക്കും സാധിക്കുന്നതല്ല. ബി.ജെ.പിയിൽനിന്നു വ്യത്യസ്തമായി റിപ്പബ്ലിക്കനുകൾക്ക് ഇത്തരമൊരു തന്ത്രം പ്രയോഗവത്കരിക്കാനുള്ള വ്യവസ്ഥാപിതാധികാരം ഇല്ല എന്നതു തന്നെ ഇതിനു കാരണം. അതാണു ബി.ജെ.പിയും ഞങ്ങളുമായുള്ള പ്രധാന വ്യത്യാസം. മതമൂല്യങ്ങളുടെ കാര്യത്തിൽ ബി.ജെ.പിക്കുള്ള അതേ ചായ്വും യാഥാസ്ഥിതികതയും ഞങ്ങൾക്കുമുണ്ട്.
വേറൊരു തരത്തിൽ പറഞ്ഞാൽ റിപ്പബ്ലിക്കനുകളുടെ മികവും ഡെമോക്രാറ്റുകളുടെ കുറവും ഒരേപോലെയുള്ള പാർട്ടിയാണ് ബി.ജെ.പി. ഇന്ത്യൻ ജനതയുടെ പാർട്ടിയായാണ് ബി.ജെ.പി വ്യാഖ്യാനിക്കപ്പെടുന്നത്. ഡമോക്രാറ്റുകളുടെ അവകാശവാദവും ഇതുതന്നെയാണ്. യാഥാർഥ്യം അങ്ങനെയാണോ? ഡമോക്രാറ്റുകളുടെ അതേ അസഹിഷ്ണുതയാണ് ബി.ജെ.പിക്കുമുള്ളത്. മുസ്ലിംകളെ ശത്രുക്കളായി കാണുന്ന ബി.ജെ.പി ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണു ശ്രമിക്കുന്നത്. വിവിധ പ്രശ്നങ്ങളുയർത്തി ഡമോക്രാറ്റുകൾ ചെയ്യുന്നതും ഇതുതന്നെ. ഡമോക്രാറ്റുകൾ മതത്തോട് അസഹിഷ്ണുത പുലർത്തുമ്പോൾ ബി.ജെ.പി അതിനെ പുണരുന്നു എന്നു മാത്രം. ലോകത്തിലെ ഏറ്റവും വലിയ യാഥാസ്ഥിക കക്ഷിയാണു ബി.ജെ.പി.
റിപ്പബ്ലിക്കൻ പാർട്ടിയിലെ വ്യക്തിഗത അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു രാഷ്ട്രീയ തന്ത്രജ്ഞന്‍റെ പ്രവർത്തന രീതി വിശദമാക്കാമോ.?
നേരത്തേ സൂചിപ്പിച്ചതുപോലെ സ്ട്രാറ്റജിസ്റ്റ് നേതാവിന്‍റെ ടീമിന്‍റെ ഉപദേശങ്ങൾക്കും താൽപര്യങ്ങൾക്കുമനുസരിച്ചാണു മുന്നോട്ടുനീങ്ങുക. ആ താൽപര്യങ്ങളെ ലക്ഷ്യത്തിലെത്തിലെത്തിക്കുന്നതിനുള്ള തന്ത്രങ്ങളാണു പരുവപ്പെടുത്തേണ്ടത്. ഏതു പ്രചാരണത്തിലായാലും മുന്നോട്ടുവെക്കേണ്ട സൂക്ഷ്മാംശങ്ങൾക്ക് സ്ഥാനാർഥിയുടെ അടുത്ത കേന്ദ്രങ്ങൾ ചേർന്നു രൂപം നൽകും. അതിൽ ഓരോരുത്തരും നിർവഹിക്കേണ്ട റോളുകളുണ്ടാവും. ആ പോരിൽ ജയിക്കുന്നതിന് ഈ ആശയങ്ങളിലൂന്നിയ വിജയതന്ത്രം ആവിഷ്കരിക്കുകയാണു സ്ട്രാറ്റജിസ്റ്റിന്‍റെ ജോലി. അടിസ്ഥാന ആശയവും അതിന്‍റെ ഡിജിറ്റൽ ഓപറേഷൻ പ്ലാനും തയാറാക്കേണ്ടതുണ്ട്. പ്രാഥമിക രൂപകൽപനയ്ക്കു ശേഷം പ്രത്യേക മേഖലകളിലെ വിദഗ്ധർക്കു കൈമാറും. ഒരേസമയം സ്വതന്ത്ര ദൗത്യവും കൂട്ടായ ജോലിയുമാണിത്. ഒറ്റയാനായും കുട്ടത്തിലൊരുവനായും ഗിയറുകൾ മാറിമാറി കളിക്കേണ്ടിവരും ഒരു സ്ട്രാറ്റജിസ്റ്റിന്. രണ്ടിലും ഒരേപോലെ മികവ് കാട്ടാനായില്ലെങ്കിൽ നമ്മൾ കളത്തിനു പുറത്താവും.
ട്രംപ് ഭരണകൂടത്തിനു മുൻതൂക്കം നൽകാൻ നടത്തിയ അതിതീവ്രമായ പ്രചാരണ തന്ത്രങ്ങൾക്കൊടുവിലും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് പരാജയപ്പെടുകയായിരുന്നല്ലോ. ഈ തോൽവിയെ എങ്ങനെയാണു വിലയിരുത്തുന്നത്.
വളരെ സങ്കീർണമാണ് ഇതിനുള്ള മറുപടി. അനായാസേന അതു പറഞ്ഞുതീർക്കാനാവില്ല. എന്തുകൊണ്ടെന്നാൽ, പ്രതിപക്ഷം ഒളിമറയത്തിരുന്ന് അത്രയേറെ കാര്യങ്ങൾ ചെയ്തിരുന്നു. ചരിത്രത്തിലൊരു പ്രസിഡന്‍റ് സ്ഥാനാർഥിയും നേരിട്ടിട്ടില്ലാത്തത്ര നീചവും മലീമസവുമായ പ്രതിപക്ഷത്തെയാണ് ട്രംപിനു നേരിടേണ്ടിവന്നത്. അത്രയ്ക്ക് വക്രവും നിന്ദ്യവുമായിരുന്നു അവരുടെ തന്ത്രം. ആ ക്രമക്കേടുകൾ ഇപ്പോഴും തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം ആസൂത്രിതമായിരുന്നു എന്നു വിഖ്യാതമായ ടൈം മാഗസിൻ പോലും എഴുതിയിട്ടുണ്ട്.
എന്‍റെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല. 2021 ഫെബ്രുവരി 15ന്‍റെ ടൈം വാരിക പരിശോധിച്ചു നോക്കിയാൽ മതി. ഇപ്പോഴും ഓൺലൈനിൽ അത് ലഭ്യമാണ്. ആർക്കും പരിശോധിച്ചുനോക്കാവുന്നതേയുള്ളൂ. ഇപ്പോൾ അവർ മറ്റു ചില പ്രയോഗങ്ങളിൽ അതിനെ അവ്യക്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്നതു വേറെ കാര്യം. ട്രംപിനെ വൈറ്റ്ഹൗസിൽനിന്നു പുറന്തള്ളാൻ ശ്രമിച്ചവർ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയല്ല അതിനെ പരുവപ്പെടുത്തിയതേയുള്ളൂ എന്നു പറഞ്ഞു ലഘൂകരിക്കാനാണു ശ്രമം. ടൈം അടക്കം മാധ്യമങ്ങൾ ഈ ഹീനതന്ത്രങ്ങൾക്കു പുറകെയായിരുന്നു. ജോ ബൈഡന്‍റെ മകനെതിരായ റിപ്പോർട്ട് ട്വിറ്റർ മുക്കുക വരെ ചെയ്തു. അച്ഛനെയും മകനെയും ഒരേസമയം പ്രതിക്കൂട്ടിലാക്കുന്ന ഒരു ലാപ്ടോപ്പിനെക്കുറിച്ചുള്ളതായിരുന്നു ആ വാർത്ത. യഥാർഥത്തിൽ അമേരിക്കയിലെ ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമ സ്ഥാപനമായ ന്യുയോർക്ക് ടൈംസ് പുറത്തുകൊണ്ടുവന്നതായിരുന്നു ആ വാർത്ത. പക്ഷേ, ട്വിറ്റർ അത് മുക്കി. ട്രംപ് അടക്കം അതേക്കുറിച്ചു പരാമർശിച്ച ആളുകൾക്കെല്ലാം വിലക്ക് നേരിടേണ്ടിവന്നു. റഷ്യയുടെ അപവാദ പ്രചാരണം എന്നതായിരുന്നു ന്യായം. ചൈനയും ബൈഡൻമാരുമായുള്ള ബന്ധം പുറത്തുവന്നിരുന്നെങ്കിൽ കഥയാകെ മാറിയേനെ. അമേരിക്ക മാറരുതെന്നായിരുന്നു ഇക്കൂട്ടരുടെ ആഗ്രഹം. സമൂഹത്തിൽ സാധാരണക്കാർക്കും സ്ഥാനം ഉറപ്പിക്കുന്ന വിപ്ലവകരമായ പരിവർത്തനങ്ങളായിരുന്നു ട്രംപ് ലക്ഷ്യമിട്ടിരുന്നത്. രാജ്യാന്തര സൈനിക ഇടപെടൽ തുലോം കുറഞ്ഞ സുരക്ഷിതമായ അതിർത്തികളായിരുന്നു ട്രംപിന്‍റെ ലക്ഷ്യം.
അമേരിക്കൻ തെരഞ്ഞെടുപ്പിലെ നിങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് ഇസ്രായേലിലെ ലിക്വിഡ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ബിന്യാമിൻ നെതന്യാഹു അവിടുത്തെ തെരഞ്ഞെടുപ്പിൽ സഹായം തേടി ബന്ധപ്പെട്ടിരുന്നതായി കേട്ടിരുന്നല്ലോ. അത്തരത്തിലൊരു ചർച്ച നടന്നിട്ടുണ്ടോ. ഏതു രൂപത്തിലാണ് ലിക്വിഡ് പാർട്ടിക്ക് നിങ്ങളുടെ സേവനം ലഭ്യമാവുക?
ശരിയാണ്. ഇതൊരു പുതിയ കൂട്ടുകെട്ടാണ്. കൂടുതൽ വിശദമായി പറയാൻ സമയം ആയിട്ടില്ല. ചർച്ചകൾ നടക്കുന്നതേയുള്ളൂ. മറ്റൊരു രാജ്യത്ത് കൂടുതൽ വിശാലമായ ദൗത്യം ഏറ്റെടുക്കാൻ പോകുന്നതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ബി.ജെ.പി കൂടുതൽ ശക്തമായി വരികയും കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന വർത്തമാനകാല രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഭാവിയെ ഒരു രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിൽ എങ്ങനെയാണു വിലയിരുത്തുന്നത്?
കോൺഗ്രസിന് അതിന്‍റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു എന്നു പറയാം. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ പാർട്ടിയാണത്. മതകീയ വശം തന്ത്രപരമായി ഉപയോഗിക്കുന്ന ബി.ജെ.പിക്കു മുന്നിൽ അവർ അധികാരത്തിൽനിന്നും ഒരു പരിധിവരെ കളത്തിൽനിന്നു തന്നെയും പുറന്തള്ളപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കോൺഗ്രസ് പുനരുജ്ജീവനത്തിന്‍റെ വഴികൾ തേടേണ്ടത് അനിവാര്യമായിരിക്കുന്നു. അതിനു നാശത്തിന്‍റെ കാരണങ്ങൾ ആദ്യം സ്വയം തിരിച്ചറിയേണ്ടതുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ ജനവിശ്വാസം വീണ്ടെടുക്കാൻ കഴിയുന്ന തന്ത്രങ്ങൾ രൂപപ്പെടുത്തണം. തിരിച്ചടിക്കു കാരണമായ അഴിമതിയുടെ ശേഷിക്കുന്ന അംശങ്ങളും തുടച്ചുനീക്കാൻ കഴിയണം. ഒരു അർബുദ രോഗിക്കു നൽകുന്ന കീമോതെറാപ്പി പോലെ കോൺഗ്രസ് പാർട്ടി തീവ്രമായ ചികിത്സയ്ക്ക് സ്വയം വിധേയമാകണം. എന്തുകൊണ്ടെന്നാൽ അഴിമതിയാണ് അവരെ ഇത്ര ദുർബലമാക്കിയ മാരകരോഗം. അഴിമതിയുടെ കറ തുടച്ചുനീക്കി ക്ലീൻ സ്ലേറ്റിൽ പുതിയ തുടക്കത്തിനു സജ്ജരായിരിക്കുന്നു എന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ പാർട്ടിക്കു കഴിയണം. അതിനു വേണ്ട നടപടികൾ എന്തൊക്കെയാണോ അതെല്ലാം സ്വീകരിക്കണം. താഴേത്തട്ടിൽനിന്നു പുനരുജ്ജീവനത്തിനു ശ്രമങ്ങൾ തുടങ്ങണം.
സ്വയം ശുദ്ധീകരണം പൂർത്തിയായ ശേഷം പാർട്ടി ശരിക്കും എവിടെയാണോ നിൽക്കുന്നത് അതു ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കുന്ന സർവപ്രധാനമായ രണ്ട് ആശയങ്ങൾ ജനങ്ങളുടെ മുന്നിലേക്കു വെക്കണം. വിലക്കയറ്റവും തൊഴിലില്ലായ്മയും പിടിച്ചുനിർത്തുന്നതിനുള്ളതാവണം ഈ ആശയങ്ങൾ. അത് ബി.ജെ.പിക്ക് ഒരു വിഷഗുളിക തന്നെയായിരിക്കും. ഫിനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽനിന്നു കുതിച്ചുയരാൻ കോൺഗ്രസിന് ഇതിലും നല്ലൊരു വഴിയില്ല എന്നാണ് എന്‍റെ സുചിന്തിതമായ അഭിപ്രായവും വിലയിരുത്തലും. സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും ആ നിലയ്ക്കുള്ള പ്രചാരണ പ്രവർത്തനങ്ങളുമായി കോൺഗ്രസ് മുന്നോട്ടുപോകണം.
ഇന്ത്യൻ ജനതയുടെ ഏകത്വമാണ് ബി.ജെ.പിയുടെ സിദ്ധാന്തം. അതു വളരെ പ്രധാന കാര്യമാണ്. രാഷ്ട്രീയ ദാഹത്തിൽ അവർ വർഗീയ സംഘർഷങ്ങൾ ആസൂത്രണം ചെയ്യുകയാണ്. ബി.ജെ.പിയുടെ തലയറുപ്പ് രാഷ്ട്രീയം ഡമോക്രാറ്റുകളുടേതിനു സമാനമാണ്. എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊണ്ട് എല്ലാവർക്കും നന്മ വരുത്തുന്ന ദേശീയ ബോധം വീണ്ടെടുക്കാൻ കോൺഗ്രസിനു കഴിയണം. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തേക്കാൾ ഒരുമയുടെ രാഷ്ട്രീയം പുണരാൻ ആഗ്രഹിക്കുന്നവരാണ് ഇന്ത്യൻ ജനത.
അമേരിക്കൻ ജനതയുമായി വളരെ അടുത്ത് ഇടപഴകാൻ അവസരം ലഭിക്കുന്ന ഒരു പ്രഫഷനൽ എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ അവരുടെ മൂൻഗണനകളെയും പ്രതീക്ഷകളെയും എങ്ങനെയാണു കാണുന്നത്?
വളരെ ലളിതമാണ് ഉത്തരം. തെരഞ്ഞെടുപ്പിലെ സത്യസന്ധതയാണ് അമേരിക്കൻ ജനത ആഗ്രഹിക്കുന്നത്. ലളിതവും ആധികാരികവും സമഗ്രവും അതേസമയം സത്യസന്ധവുമായ തെരഞ്ഞെടുപ്പ്. വോട്ട് അട്ടിമറിക്കപ്പെടുന്നില്ല എന്ന് അറിയാൻ അവർ ആഗ്രഹിക്കുന്നു. 2020 തെരഞ്ഞെടുപ്പിനു ശേഷം ഇത് കൂടുതൽ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിരിക്കുന്നു എന്നു രാജ്യത്തെ പകുതി ജനങ്ങളും വിശ്വസിക്കുന്നു. തീർത്തും ശരിയാണിതെന്നാണു പ്രാഥമികമായി പറയാനാവുന്നത്. ഇതിൽനിന്നു തിരിച്ചുവരാൻ അനേക വർഷങ്ങളെടുക്കും. തങ്ങളുടെ വോട്ടും എണ്ണപ്പെടണമെന്നു സാധാരണ ജനം ആഗ്രഹിക്കുന്നു. മരിച്ചുപോയവർ വോട്ടർപട്ടികയിൽ ഉണ്ടാകാൻ പാടില്ലെന്നും വ്യാജവോട്ടർമാർ പാടില്ലെന്നും അവർ ആഗ്രഹിക്കുന്നു. പോളിങ്ങിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്നും ക്രമക്കേടിനുള്ള ഏതു സാധ്യതയും തടയപ്പെടണമെന്നും അതിനു ശ്രമിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അവർ ആഗ്രഹിക്കുന്നു.
വോട്ടർമാരുടെ മനസ്സ് വായിക്കാനും രാഷ്ട്രീയത്തിന്‍റെ കാറ്റ് ഏതു ദിശയിലേക്കാണു വീശുന്നതെന്ന് അറിയാനും അമേരിക്കയിൽ രാഷ്ട്രീയ സ്ട്രാറ്റജിസ്റ്റുകൾ സ്വീകരിക്കുന്ന രീതിശാസ്ത്രങ്ങൾ ഏതൊക്കെയെന്നു വിശദീകരിക്കാമോ?
നല്ലൊരു വിഭാഗം ആളുകളും അവർ ഏതു രാഷ്ട്രീയ സിദ്ധാന്തങ്ങൾ പിന്തുടരുന്നവരായാലും തെരഞ്ഞെടുപ്പിന്‍റെ ആധികാരികത പിന്തുടരുന്നവരാണ്. മാധ്യമങ്ങളുടെ വ്യാജ ആഖ്യാനങ്ങൾ അടിസ്ഥാനപ്പെടുത്തിയാൽ ഇത് ഒരിക്കലും തിരിച്ചറിയാൻ കഴിയില്ല. അതൊരു സോപ് ഓപറ തിരക്കഥയാണ്.
ആറു കോർപറേഷനുകളാണ് അമേരിക്കയിൽ മാധ്യമങ്ങൾ കൈയാളുന്നത്. അതുകൊണ്ടുതന്നെ ഒരു കഥയുണ്ടാക്കാനും അതു വ്യാപകമായി പ്രചരിപ്പിക്കാനും അവർക്ക് വളരെ എളുപ്പം സാധിക്കും. പക്ഷേ, പ്രത്യേക തരത്തിലുള്ള ബ്ലാങ്കറ്റ് കവറേജ് സത്യം പറയുന്നതാവില്ല. മാധ്യമങ്ങളെ വിശ്വസിച്ചാൽ ആകാശത്തിന്‍റെ നിറം ഇളം ചുവപ്പാണെന്നു നാം വിശ്വസിക്കേണ്ടിവരും. അതുകൊണ്ടുതന്നെ നേരിട്ടു ജനങ്ങളിലേക്കിറങ്ങുകയാണു വേണ്ടത്.
അമേരിക്കൻ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ, ഡമോക്രാറ്റിക് പാർട്ടികളുടെ ഫണ്ട് സമാഹരണ രീതികൾ വിശദീകരിക്കാമോ?
എല്ലാം നിങ്ങൾക്കു പ്രതീക്ഷിക്കാം. അല്ലെങ്കിൽ ഒന്നും നിങ്ങൾ പ്രതീക്ഷിക്കുന്നതായിരിക്കില്ല. കളിയുടെ മങ്ങിയതും വിചിത്രവുമായ വശമാണത്. കള്ളപ്പണമാണ് യഥാർഥ പ്രശ്നം. ഇരു പാർട്ടികളുടെയും സമവാക്യങ്ങൾ തെറ്റിക്കുന്ന ഇതിനെ പുറന്തള്ളാൻ ഒരു മാർഗം ഉണ്ടാവേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളും സുതാര്യതയും സാധ്യമായാൽ അമേരിക്കൻ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ശക്തമായ സംവിധാനമായി മാറും. ആരതിനെ ശുദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുഎന്നതിൽ ചർച്ചയൊന്നും കാര്യമായി നടക്കുന്നില്ല. രാഷ്ട്രീയത്തിൽ മറ്റു പലതുമെന്നതുപോലെ ഉയർച്ചയാണു താഴ്ച, ഇടതാണു വലത്. നല്ലതാണു ചീത്ത, ചീത്തയാണു നല്ലത്. ജനാധിപത്യ വിരുദ്ധവും വിചിത്രവുമായ ഫണ്ടിങ്ങിലൂടെ വൻകിട കോർപറേഷനുകൾ തെരഞ്ഞെടുപ്പിൽ അതിവിപുലമായ സ്വാധീനമാണു ചെലുത്തുന്നത്.
രാഷ്ട്രീയ ചിത്രം പ്രവചിക്കുന്നതിൽ സർവേകൾ എത്രമാത്രം ശാസ്ത്രീയമാണ്?
തമാശ പറയല്ലേ. അങ്ങനെയൊന്നുണ്ടോ? സത്യം പറഞ്ഞാൽ ഇതൊരു ഊഹക്കണക്കാണ്. തിരിച്ചടിയും ഭീഷണിയും തുറന്നുകാട്ടലും പ്രത്യേകിച്ച് ഇപ്പോൾ പ്രതികാരവും ഭയക്കുന്നതിനാൽ അഭിപ്രായ വോട്ടിൽ ജനം നുണയേ പറയൂ. സർവേയിൽ പറയുന്നതിന് നേർ വിപരീത രീതിയിലായിരിക്കും യഥാർഥത്തിൽ വോട്ട് ചെയ്യാൻ അവസരം കിട്ടുമ്പോൾ അവർ പ്രവർത്തിക്കുക. 2016 ലെ തെരഞ്ഞെടുപ്പ് എടുക്കൂ. ഏതാണ്ട് എല്ലാ സർവേയും ഹിലരി ക്ലിന്‍റന് അനുകൂലമായിരുന്നില്ലേ. ആ പ്രവചനങ്ങൾ പ്രകാരം ട്രംപിന്‍റെ ജയം അസാധ്യമായിരുന്നു. വെള്ളത്തിൽ മുങ്ങിമരിച്ച പോലെയായിരുന്നു അവസ്ഥ. എന്നിട്ടും അദ്ദേഹം ജയിച്ചുകയറി. 2024ലും അതുതന്നെ സംഭവിക്കുമെന്നു ഞാൻ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.