ഉ​ണ്ണി അ​മ്മ​യ​മ്പ​ലം

ബാ​ല​സാ​ഹി​ത്യ​ത്തി​ന്റെ അ​ൽ​ഗോ​രി​തം

കേ​ര​ള ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച ‘അ​ൽ​ഗോ​രി​ത​ങ്ങ​ളു​ടെ നാ​ട്’ എ​ന്ന സ​യ​ൻ​സ് ഫി​ക്ഷ​നി​ലൂ​ടെ ബാ​ല​സാ​ഹി​ത്യ​ത്തി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ കേ​​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം നേ​ടി​യ ഉ​ണ്ണി അ​മ്മ​യ​മ്പ​ലം സം​സാ​രി​ക്കു​ന്നു

ആ​ദ്യ ചോ​ദ്യം സ​മ്പ​ത്തി​നു കി​ട്ടി. അ​വ​ൻ ഉ​ത്ത​രം പ​റ​ഞ്ഞു. പ​ക്ഷേ പി​ന്നീ​ടു​ള്ള എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം പ​റ​ഞ്ഞ​ത് വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. ഒ​രു മി​നി​റ്റുകൊ​ണ്ട് പ​റ​യേ​ണ്ട ഉ​ത്ത​ര​ങ്ങ​ൾ​ക്ക് 30 സെ​ക്ക​ൻ​ഡുകൊ​ണ്ട് അ​വ​ർ ഉ​ത്ത​രം പ​റ​ഞ്ഞു. എ​ങ്ങ​നെ ഇ​ത്ര വേ​ഗ​ത്തി​ൽ ഉ​ത്ത​രം പ​റ​യാ​നാ​കും? എ​ന്തോ പ​ന്തി​കേ​ടു​ള്ള​തുപോ​ലെ സ​മ്പ​ത്തി​നു തോ​ന്നി.

‘‘അ​വ​ർ ഞൊ​ടി​യി​ടകൊ​ണ്ട് ഉ​ത്ത​രം പ​റ​ഞ്ഞ​ത് എ​ങ്ങ​നെ​യെ​ന്ന​റി​യാ​മോ?’’ സ​മ്പ​ത്തി​ന്റെ കൂ​ട്ടു​കാ​ര​ൻ ലോ​പ്പ​സ് ചോ​ദി​ച്ചു. ‘ഇ​ല്ല’ എ​ന്ന് സ​മ്പ​ത്ത് ത​ല​കു​ലു​ക്കി. ‘‘അ​വ​ർ ബ്രെ​യ്ൻ അ​പ് ലോ​ഡ് ചെ​യ്തു.’’

ഉ​ണ്ണി അ​മ്മ​യ​മ്പ​ല​ത്തി​ന്റെ ‘അ​ൽ​ഗോ​രി​ത​ങ്ങ​ളു​ടെ നാ​ട്’ എന്ന സ​യ​ൻ​സ് ഫി​ക്ഷ​നി​ലെ ഒ​രു സ​ന്ദ​ർ​ഭ​മാ​ണി​ത്. ദാ​രി​ദ്ര്യ​ത്തി​ന്റെ എ​ല്ലാ ക​ഷ്ട​പ്പാ​ടു​ക​ളും നി​സ്സ​ഹാ​യ​ത​യും അ​നു​ഭ​വി​ക്കു​ന്ന സ​മ്പ​ത്ത് എ​ന്ന കു​ട്ടി​യു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും ക​ഥ​യാ​ണ് വാ​യ​ന​ക്കാ​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന​, 31 അ​ധ്യാ​യ​ങ്ങ​ളു​ള്ള ഈ ​നോ​വ​ൽ. കേ​ര​ള സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച ഈ ​കൃ​തി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ബാ​ല​സാ​ഹി​ത്യ​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ​ത്.

കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി അ​മ്പ​തി​ലേ​റെ പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി​യ ഉ​ണ്ണി അ​മ്മ​യ​മ്പ​ല​ത്തി​ന് സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​രം അ​ട​ക്കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​നാ​യും പ്ര​ഭാ​ഷ​ക​നാ​യും, ന​ഴ്സ​റി പ്രൈ​മ​റി അ​ധ്യാ​പ​ക ട്രെ​യി​ന​റാ​യും സ​ജീ​വ​മാ​ണ് ഉ​ണ്ണി. ഉ​ണ്ണി അ​മ്മ​യ​മ്പ​ലം സം​സാ​രി​ക്കു​ന്നു

അ​ൽ​ഗോ​രി​ത​ങ്ങ​ളു​ടെ നാ​ട്ടി​ൽ

നി​ത്യ​ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​റി​യ ​േമാ​ഡേ​ൺ ഡി​വൈ​സു​ക​ൾ എ​ങ്ങ​നെ ന​മ്മ​ളെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​ന്റെ അ​ന്വേ​ഷ​ണ​മാ​ണ് ‘അ​ൽ​ഗോ​രി​ത​ങ്ങ​ളു​ടെ നാ​ട്’. ഒ​രു ചി​പ്പ് ഘ​ടി​പ്പി​ച്ച് ലോ​ക​ത്തു ന​ട​ക്കു​ന്ന​തും ന​ട​ക്കാ​നി​രി​ക്കു​ന്ന​തു​മാ​യ സ​ക​ല അ​റി​വു​ക​ളും ത​ല​ച്ചോ​റി​ലേ​ക്ക് അ​പ് ലോ​ഡ് ചെ​യ്യാം എ​ന്നൊ​രു സ​ങ്ക​ൽ​പ​നം ആ ​കൃ​തി​യി​ൽ കൊ​ണ്ടു​വ​രു​ന്നു​ണ്ട്. മ​നു​ഷ്യ​രെ യ​ന്ത്ര​ങ്ങ​ൾ ഭ​രി​ക്കു​ന്ന കാ​ലം. അ​പ്പോ​ൾ മ​നു​ഷ്യ​രി​ലു​ണ്ടാ​കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളും വേ​ദ​ന​ക​ളും നോ​വ​ൽ ആ​വി​ഷ്‍ക​രി​ക്കു​ന്നു. ‘മാ​ധ്യ​മം’ പ​ത്ര​ത്തി​ന്റെ കു​ട്ടി​ക​ൾ​ക്കുള്ള പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘വെ​ളി​ച്ച’​ത്തി​ലാ​ണ് നാ​ലുവ​ർ​ഷം മു​മ്പ് ‘അ​ൽ​ഗോ​രി​ത​ങ്ങ​ളു​ടെ നാ​ട്’ ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പാ​ഠ​പു​സ്ത​ക​മാ​യ ഗ്രാ​മീ​ണ​ജീ​വി​തം

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ത​മി​ഴ്നാ​ടി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന കു​ള​ത്തൂ​പ്പു​ഴ​ക്കും കൊ​ച്ചു​ക​ലു​ങ്കി​നു​മ​ടു​ത്ത് അ​മ്മ​യ​മ്പ​ല​മാ​ണ് ജ​ന്മ​ദേ​ശം. ഗ്രാ​മം വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട് ജീ​വി​ത​ത്തി​ൽ. മാ​താ​പി​താ​ക്ക​ളോ​ടാണ് എന്നും ക​ട​പ്പാ​ട്. അ​തേ​സ​മ​യം, ക​ഥ​പ​റ​ഞ്ഞും പാ​ട്ടുപാ​ടി​യും എ​ഴു​ത്തി​ന്റെ മാ​യി​ക​ലോ​ക​ത്തേ​ക്കാ​ന​യി​ച്ച ഒ​രു മ​നു​ഷ്യ​നു​ണ്ട് –ഷാ​ജ​ഹാ​ൻ. ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ള്ള ആ​ളാ​ണ്. സ്കൂ​ളി​ൽ പോ​യി​ട്ടി​ല്ല. പ​ക്ഷേ, തി​ക​ഞ്ഞ ക​ലോ​പാ​സ​ക​ൻ. അ​ക്കാ​ല​ത്ത് നാ​ട്ടി​ലെ ക്ല​ബി​നു വേ​ണ്ടി ഞാ​ൻ നാ​ട​കം എ​ഴു​തു​മാ​യി​രു​ന്നു. ഷാ​ജി​ ചേ​ട്ട​നാ​ണ് അ​ത് വാ​യി​ച്ചു തി​രു​ത്ത​ലു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​ത്. പി​ന്നെ​യും വ​ർ​ഷ​ങ്ങ​ളെ​ടു​ത്തു എ​ഴു​ത്തി​ൽ സ​ജീ​വ​മാ​കാ​ൻ.

ബാ​ല​സാ​ഹി​ത്യ​ത്തി​ലേ​ക്ക്

മു​ട്ട​ത്തു​വ​ർ​ക്കി​യു​ടെ ‘ഒ​രു കു​ട​യും കു​ഞ്ഞുപെ​ങ്ങ​ളും’, പി. ​ന​രേ​ന്ദ്ര​നാ​ഥി​ന്റെ പു​സ്ത​ക​ങ്ങ​ളു​മാ​ണ് ആ​ദ്യം വാ​യി​ച്ച ബാ​ല​സാ​ഹി​ത്യ കൃ​തി​ക​ൾ. പ്ര​ഫ. എ​സ്. ശി​വ​ദാ​സ്, ഡോ. ​കെ. ശ്രീ​കു​മാ​ർ, പ്രി​യ എ.​എ​സ് തുടങ്ങിയവരുടെ പു​സ്ത​ക​ങ്ങ​ൾ... എ​ല്ലാം ഇ​പ്പോ​ഴും വാ​യി​ക്കു​ം.

ഒ​രു ന​ല്ല അ​ധ്യാ​പ​ക​ൻ ഒ​രു ന​ല്ല വാ​യ​ന​ക്കാ​ര​നും ന​ല്ല എ​ഴു​ത്തു​കാ​ര​നും കൂ​ടി​യാ​ക​ണം. പു​സ്ത​കം അ​ച്ച​ടി​ച്ചി​റ​ക്ക​ണം എ​ന്ന​ല്ല ഉ​ദ്ദേ​ശി​ച്ച​ത്. ഭാ​വ​നാ​സ​മ്പ​ന്ന​രാ​വ​ണം. കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​മ്പോ​ൾ ഒ​രു എ​ഴു​ത്തു​കാ​ര​ന്റെ അ​വ​ബോ​ധ​വും നി​രീ​ക്ഷ​ണ​ബു​ദ്ധി​യും ഒ​ക്കെ അ​ധ്യാ​പ​ക​നു വേ​ണ്ടി വ​രും. ഭാ​വ​നാ​ര​സം ചേ​ർ​ത്ത് പാ​ഠ​ഭാ​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ ഇ​ഷ്ട​മാ​വും. ആ ​അ​നു​ഭ​വ​ത്തി​ൽ​നി​ന്നാ​ണ് ഞാ​ൻ എ​ഴു​ത്തു​കാ​ര​നാ​യ​ത്.

എ​ന്തു​കൊ​ണ്ട് ശാ​സ്ത്ര​കൃ​തി​ക​ൾ?

മ​ല​യാ​ള​മാ​ണ് പ​ഠി​ച്ച​ത്. ശാ​സ്ത്ര​ത്തോ​ട് വ​ലി​യ ഇ​ഷ്ട​വും വി​ശ്വാ​സ​വു​മു​ണ്ട്. ലോ​ക​ത്തെ മാ​റ്റി​ത്തീ​ർ​ക്കു​ന്ന​ത് ശാ​സ്ത്ര​മാ​ണ്. ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച് അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ൽ​നി​ന്നും അ​നാ​ചാ​ര​ങ്ങ​ളി​ൽ​നി​ന്നും ശാ​സ്ത്രം മ​നു​ഷ്യ​നെ മോ​ചി​പ്പി​ച്ച​തോ​ടെ​യാ​ണ് ലോ​കം പു​രോ​ഗ​തി​യി​ലേ​ക്ക് കു​തി​ച്ച​ത്. കു​ട്ടി​ക​ൾ ശാ​സ്ത്ര​ബോ​ധ​ത്തോ​ടെ വ​ള​ര​ണം. ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും ത​ർ​ക്കിക്കാ​നും കു​ട്ടി​ക​ൾ​ക്ക് സാ​ധി​ക്ക​ണം. നാ​ള​ത്തെ ലോ​കം പ​ണി​യേ​ണ്ട​വ​രാ​ണ് കു​ട്ടി​ക​ൾ. എ​ങ്ങ​നെ ജീ​വി​ക്ക​ണമെ​ന്ന് പ​ഠി​പ്പി​ക്കു​ക​യ​ല്ല, ക​ഥ​ക​ളി​ലൂ​ടെ​യും സാ​ഹി​ത്യ​ത്തി​ലൂ​ടെ​യും ഒ​ട്ട​ന​വ​ധി വ​ഴി​ക​ൾ അ​വ​രു​ടെ മു​ന്നിൽ തു​റ​ന്നുവെക്കുക​യാ​ണ്. അ​ന്ധ​മാ​യ വി​ശ്വാ​സ​വും അ​ന്ധ​വി​ശ്വാ​സ​വും പാ​ടി​ല്ല. അ​തി​ന​വ​ർ ശാ​സ്ത്ര​ബോ​ധം ഉ​ള്ള​വ​രാ​യി വ​ള​ര​ണം. അ​തി​നു​വേ​ണ്ടി​യാ​ണ് ശാ​സ്ത്രക​ഥ​ക​ൾ എ​ഴു​തു​ന്ന​ത്.

എ​ഴു​ത്തി​ലെ ശാ​സ്ത്ര​ വി​സ്മ​യം

‘മ​നു​ഷ്യ​ൻ പാ​റ്റ​ക​ളാ​കു​ന്ന കാ​ലം’ എ​ന്റെ ആ​ദ്യ സ​യ​ൻ​സ് ഫി​ക്ഷ​നാ​ണ്. ശാ​സ്ത്രം ക​ണ്ടെ​ത്തി​യ പ​ല സ​ത്യ​ങ്ങ​ളെ​ അ​തി​നെ​തി​രാ​യി ചി​ന്തി​ച്ച് വി​ശ​ക​ല​ന​വി​ധേ​യ​മാ​ക്കു​ന്ന കൃ​തി. മൈ​ക്രോ ബ​യോ​ബ്സി​നെ കു​റി​ച്ചു പ​റ​യു​ന്ന ‘സൂ​ക്ഷ്മ​ജീ​വി സൂ​പ്പ​ർ​ജീ​വി’, കോ​ടി​ക്ക​ണ​ക്കി​ന് സൂ​ക്ഷ്മ​ജീ​വി​ക​ൾ​ക്ക് പാ​ർ​ക്കാ​നു​ള്ള ഇ​ട​മാ​ണ് ന​മ്മു​ടെ ശ​രീ​രമെ​ന്നു പ​റ​യു​ന്ന പു​സ്ത​ക​മാ​ണ്. 2018ൽ ​ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ മി​ക​ച്ച ശാ​സ്ത്രഗ്ര​ന്ഥ​ത്തി​നു​ള്ള പു​ര​സ്കാ​രം ഇ​തി​നാ​യി​രു​ന്നു. ‘ഹാ​രി​യും പോ​ർ​ട്ട​റും’ സ​സ്യ​ത്തി​ന്റെ കോ​ശ​ത്തി​ൽ ഒ​രു വൈ​റ​സ് ക​യ​റി അ​തി​ന്റെ ഡി.​എ​ൻ.​എ സ്വ​യം എ​ഡി​റ്റ് ചെ​യ്ത് ദോ​ഷ​ക​ര​മാ​യ മ​റ്റൊ​രു വൈ​റ​സ് രൂ​പ​പ്പെ​ട്ടാ​ലു​ണ്ടാ​വു​ന്ന ഭ​വി​ഷ​ത്തു​ക​ൾ പ്ര​മേ​യ​മാ​ക്കു​ന്നു.

സൂ​ര്യ​നി​ൽനി​ന്നു​ള്ള സൗ​ര​കൊ​ടു​ങ്കാ​റ്റ് ഭൂ​മി​യി​ലെ​ത്തി​യാ​ൽ ന​മ്മു​ടെ ഇ​ല​ക്ട്രോ​ണി​ക് ഡി​വൈ​സു​ക​ളെ​ല്ലാം ന​ശി​ക്കും. എ​ല്ലാം ന​ശി​ച്ച ഒ​രു​ലോ​ക​മാ​ണ് ‘വ​രൂ ന​മു​ക്ക് സൂ​ര്യ​നെ തൊ​ടാം’ എ​ന്ന കു​ഞ്ഞു പു​സ്ത​ക​ത്തി​ലെ പ്ര​തി​പാ​ദ്യം. കേ​ര​ളീ​യാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ക​ഥ പ​റ​യു​ന്ന​ത്. മി​ക്ക ക​ഥ​ക​ളും അ​ങ്ങ​നെ​ത​ന്നെ.

വി​ഷ​യ​വൈ​വി​ധ്യം

‘വ​രൂ കു​ട്ടി​ക​​ളേ ബാ​പ്പു​ജി വി​ളി​ക്കു​ന്നു’ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജീ​വി​തം കൊ​ച്ചു ക​വി​ത​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നതാണ്. ‘അ​ക്ഷ​ര​പ്പെ​ട്ടി’ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മ​റ്റൊ​രു ക​വി​താ സ​മാ​ഹാ​ര​മാ​ണ്. ‘ആ​ദ്യ​കാ​ല സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ൾ’ ഒ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​നും മു​മ്പ് ആ​ദി​വാ​സി​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​രു​ടെ പോ​രാ​ട്ടം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. ‘ദ​യാ​ലു’ പാ​ലാ കെ.​എം. മാ​ത്യു പു​ര​സ്കാ​രം നേ​ടി. കാ​യ​ൽ പ​രി​സ്ഥി​തി​യും ആ​വാ​സ​വ്യ​വ​സ്ഥ​യും ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ മി​ക​ച്ച പ​രി​സ്ഥി​തി ഗ്ര​ന്ഥ​ത്തി​നു​ള്ള അ​വാ​ർ​ഡ് നേ​ടി.

‘മ​ഴ​യ​ത്ത്’ ആ​ണ് ആ​ദ്യം എ​ഴു​തി​യ ബാ​ല​സാ​ഹി​ത്യ കൃ​തി. മ​ഴ വി​ഷ​യ​മാ​യ ക​ഥ, ക​വി​ത, നാ​ട​കം, മ​ഴ​ക്കു​റി​പ്പു​ക​ൾ എ​ല്ലാം ചേ​ർ​ന്ന​താ​ണ് ആ ​പു​സ്ത​കം. 2000ലാ​ണ് ഇ​റ​ങ്ങി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ ബാ​ല​സാ​ഹി​ത്യ​ സ​മി​തി​യു​ടെ പി.​ടി. ഭാ​സ്ക​ര​പ്പ​ണി​ക്ക​ർ സ്മാ​ര​ക അ​വാ​ർ​ഡ് ഇ​തി​നു ല​ഭി​ച്ചു.

പു​രസ്കാ​ര​പ്പെ​രു​മ

കേ​ര​ള ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ ക​ഥ, നോ​വ​ൽ വി​ഭാ​ഗ​ത്തി​ലും വൈ​ജ്ഞാ​നി​ക സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ലും പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചു. ഒ​രു വ​ർ​ഷംതന്നെ (2016) ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിന്റെ ര​ണ്ട് പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

25 വ​ർ​ഷ​ത്തോ​ള​മാ​യി അ​ധ്യാ​പ​ക​നാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്രോ​ജ​ക്ടാ​യ ‘ചൈ​ൽ​ഡ് ലൈ​നി’​ന്റെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​റാ​ണ്. ഇ​പ്പോ​ൾ ആ​ക്കു​ളം എം.​ജി.​എം സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​ണ്. 52 പു​സ്ത​ക​ങ്ങ​ൾ ഇ​തി​ന​കം പു​റ​ത്തി​റ​ങ്ങി. മാ​താ​വ് സ​ര​സ്വ​തി​യ​മ്മ. പി​താ​വ് ഗം​ഗാ​ധ​ര​ൻ പി​ള്ള. മ​ക​ൻ അ​ർ​പ്പി​ത് ഉ​ണ്ണി എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു. മ​ക​ൾ അ​ൻ​ഷി ഉ​ണ്ണി അ​ഞ്ചാം​ ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു.

Tags:    
News Summary - Unni Ammayambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT