ചിലങ്കകെട്ടി ചായവുംതേച്ച് വേദിയിലേക്ക് കയറുംമുമ്പ് വെള്ളംകുടിക്കാൻ മറക്കരുത്. ചുവടുകൾ ഓർക്കുന്നതിനൊപ്പം ഇക്കാര്യവും മത്സരാർഥികളുടെ മനസ്സിൽ വേണം. നൃത്തവേദികളിൽനിന്ന് നിരവധി കുട്ടികളാണ് തളർന്നുവീഴുന്നത്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ഇല്ലാത്തതിനാൽ നിർജലീകരണമാണ് പ്രധാന വില്ലൻ. വേദികളിലെ ചൂടും പ്രശ്നമാണ്.
മേക്കപ്പ് ഇട്ടതിനാലും മത്സരത്തിൽ പങ്കെടുക്കേണ്ടതിനാലും കുട്ടികൾ വെള്ളവും ഭക്ഷണവും ഒഴിവാക്കുകയാണ്. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തത്തിൽ 40ലേറെ വിദ്യാർഥികളാണ് തലകറങ്ങി വീണത്. മത്സരം കഴിഞ്ഞശേഷം കുഴഞ്ഞുവീണവരെ സ്ട്രെച്ചർ ഉപയോഗിച്ചാണ് മാറ്റിയത്.
വേദികൾക്കു സമീപം മെഡിക്കൽ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ട്രോമാ കെയർ സെന്റർ വളന്റിയർമാരും സഹായത്തിനെത്തും.
ഡോ. കെ. കവിത (കൺസൽട്ടന്റ്, കലോത്സവ മെഡിക്കൽ സെന്റർ)
‘‘കുട്ടികൾ മത്സരത്തെ ആരോഗ്യകരമായി കാണണം. ആവശ്യത്തിന് ഭക്ഷണവും വെള്ളവും രക്ഷിതാക്കളും അധ്യാപകരും ഉറപ്പാക്കണം. മത്സരത്തിനുമുമ്പ് ചോക്ലറ്റ് പോലെ എന്തെങ്കിലും കഴിച്ചാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് തടയാം. ഉടയാടകൾ അധികം മുറുകാതെ നോക്കണം. ആശങ്കയില്ലാതെ, ആത്മവിശ്വാസത്തോടെ വേദിയിലെത്താം’’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.