കോഴിക്കോട് : നാഷണൽ ഹെൽത്ത് മിഷൻ ( എൻ.എച്ച്.എം) സംസ്ഥാന ഓഫീസിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിഷ് ക്രിയമായി 35 കോടിയലധികം രൂപ കണ്ടെത്തിയെന്ന് ധനകാര്യ റിപ്പോർട്ട്. എൻ.എച്ച്.എമ്മിന്റെ ആസ്ഥാന കാര്യാലയത്തിലും തിരുവനന്തപുരം ജില്ലാ ഓഫിസിലുമാണ് പരിശോധന നടത്തിയത്. നാഷണൽ ഹെൽത്ത് മിഷൻ ( എൻ.എച്ച്.എം) ഓഫീസിൻറെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 3,99,58,896 രൂപയും തിരുവനന്തപുരം ജില്ലാ എൻ.എച്ച്.എം ഓഫീസിലെ വിവിധ ബാങ്ക് 6,97,291 അക്കൗണ്ടുകളിൽ പലിശയിനത്തിൽ സൂക്ഷിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.
നിഷ്ക്രിയമായ തുകയിന്മേൽ ലഭിച്ച പലിശയിൽ ധനകാര്യ വകുപ്പിൻറെ 2022ലെ സർക്കുലർ പ്രകാരം കേന്ദ്ര സർക്കാർ വിഹിതത്തിൻറെ പലിശ ബന്ധപ്പെട്ട കേന്ദ്ര വകുപ്പിന്റെ എൻ.ടി.ആർ.പി പോർട്ടലിലേക്കും സംസ്ഥാന സർക്കാർ വിഹിതത്തിന്റെ പലിശ ശീർഷകത്തിലേക്കും അടക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. ആശാവർക്കേഴ്സ് മിനിമം കൂലി ലഭിക്കുന്നതിനായി സമരം ചെയ്യുമ്പോഴാണ് ഈ റിപ്പോർട്ട് പുറത്ത് വന്നത്.
സംസ്ഥാനത്ത് അവശേഷിക്കുന്ന 13 ജില്ലാ എൻ.എച്ച്.എം ഓഫീസുകളുടെയും ബാങ്ക് അക്കൗണ്ടുകളിൽ പലിശയിനത്തിലുള്ള തുക കണ്ടെത്തി അത് പിൻവലിച്ചു സർക്കാരിലേക്ക് അടക്കാൻ സംസ്ഥാന മിഷൻ ഡയറക്ടർക്ക് നിർദേശം നൽണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
എൻ.എച്ച്.എമ്മിന്റെ സംസ്ഥാന മിഷൻ ഓഫീസിലും തിരുവനന്തപുരം ജില്ലാ ഓഫീസിലും ഇ.സി.ആർ.പി (അടിയന്തര കോവിഡ് പ്രതികരണ പാക്കേജ് ഫണ്ടുകൾ) ഇനത്തിൽ ബാങ്ക് അക്കൗണ്ടുകളിൽ യഥാക്രമം 30,87,16,915 രൂപയും 58,14,985 രൂപയും അവശേഷിക്കുന്നവെന്ന് പരിശോധനയിൽ കണ്ടെത്തി.
അതോടൊപ്പം മറ്റു ജില്ലാ ഓഫീസുകളിൽ ഈ ഇനത്തിൽ സൂക്ഷിച്ചിരിക്കുന്ന തുകകളും ഭരണ വകുപ്പ് പരിശോധിച്ചു നിഷ്ക്രിയമാണെന്ന് വിലയിരുത്തുന്ന പക്ഷം അത് ധനകാര്യ വകുപ്പിന്റെ സർക്കുലറിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം തിരിച്ചടക്കണം. നാഷണൽ ഹെൽത്ത് മിഷൻറെ എസ്.എൻ.എ അക്കൗണ്ടുകളിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതം സംസ്ഥാനത്തിൻറെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് തിരിച്ചടക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
2022-23, 2023-24 സാമ്പത്തിക വർഷങ്ങളിലായി തിരുവനന്തപുരം ജില്ലാ ഓഫീസിലുള്ള ട്രെയിനിംഗ് ഹാൾ വാടകക്ക് നൽകിയതിലൂടെ ലഭിച്ച 79,901 രൂപ സർക്കാരിലേക്ക് അടവാക്കാൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർക്ക് നിർദേശം നൽകണം. എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന പദ്ധതികളുടെ പുരോഗതി ഭരണവകുപ്പ് കാലികമായി വിലയിരുത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
എൻ.എച്ച്.എം ആസ്ഥാന കാര്യാലയത്തിൽ പരിശോധന നടത്തിയതിൽ എൻ.എച്ച്.എമ്മിന്റെ കീഴിൽ നടപ്പിലാക്കുന്ന പല പദ്ധതികളും മന്ദഗതിയിലാണെന്ന പരിശോധനയിൽ വ്യക്തമായി. 2018-19 സാമ്പത്തിക വർഷങ്ങളിൽ കേരളത്തിലുടനീളം ആരംഭിച്ച പല പദ്ധതികളും പൂർത്തീകരിക്കുവാൻ സാധിക്കാത്ത നിലയിലാണ്. ഇതു സംബന്ധിച്ച് എൻ.എച്ച്.എമ്മിൽ ആരാഞ്ഞപ്പോൾ പല പദ്ധതികളിലും മുൻ കരാറുകാർ ജോലി വളരെ മന്ദഗതിയിലാണ് നടപ്പിലാക്കിയതെന്നാണ് മറുപടി ലഭിച്ചത്. അതിനാൽ അവരെ മാറ്റി പുതിയ കരാറുകാരെ നിയമിച്ചാണ് നിലവിൽ പണികൾ തുടരുന്നുണ്ടെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.