കണ്ണൂർ: കഴിഞ്ഞ ദിവസം സുധിയുടെ ഫോണിൽ ആലപ്പുഴയിൽനിന്നൊരു കോൾ. 'സർ, എെൻറ പഞ്ചായത്തിൽ ഞാൻ മാത്രമാണ് എസ്.എസ്.എൽ.സി തോറ്റത്. എനിക്കിവിടെ നിൽക്കാൻ വയ്യ. ഞാൻ അങ്ങോട്ട് വണ്ടി കയറുകയാണെന്ന്'..... ഇതു കേട്ട സുധി അവനെ ആശ്വസിപ്പിച്ചു. നീ തനിച്ച് വരേണ്ട, മാതാപിതാക്കളെയും കൂട്ടിക്കോ. കൊടൈക്കനാലിലേക്കൊരു യാത്രപോകാമെന്ന് പറയൂ.
അവന് മാത്രമല്ല എസ്.എസ്.എൽ.സി തോറ്റവർക്കെല്ലാം സുധിയുടെ വക കൊടൈക്കനാലിൽ രണ്ട് ദിവസത്തെ സൗജന്യ താമസവും ഭക്ഷണവും ഒരുക്കുകയാണ്. പക്ഷെ, രണ്ട് നിബന്ധനകളുണ്ട്. മാർക്ക് ലിസ്റ്റിെൻറ കോപ്പി കരുതണം. മാതാപിതാക്കളെയും ഒപ്പു കൂട്ടണം. കൊടൈക്കനാലിൽ ഹോം സ്റ്റേയും കോട്ടേജും നടത്തുകയാണ് കോഴിക്കോട് വടകര മടപ്പള്ളിയിലെ സുധി.
സമൂഹ മാധ്യമങ്ങളിൽ ഈ വിവരം പങ്കുവെച്ച് പോസ്റ്റിട്ടതോടെ കേരളത്തിനകത്തും പുറത്തുനിന്നുമായി രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ട ഫോൺകാളുകളാണ്. രണ്ടു ദിവസത്തിനകം നൂറോളം വിദ്യാർഥികൾ യാത്ര ഉറപ്പാക്കി.
എല്ലാവരും എസ്.എസ്.എൽ.സി തോറ്റവർ. വിജയം ആഘോഷിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്ന കാലത്ത് തോറ്റവർക്ക് ഒരു ഇടമുണ്ടെന്നും അവരാണ് നാളത്തെ ലോകത്തിെൻറ ശിൽപികളെന്നുമുള്ള തിരിച്ചറിവിൽനിന്നാണ് ഇത്തരമൊരു വ്യത്യസ്ത വഴി ഈ യുവ വ്യവസായി തെരഞ്ഞെടുക്കുന്നത്. ജൂലൈ 31വരെയാണ് ബുക്കിങ്. രണ്ട് ദിവസത്തെ അടിച്ചുപൊളി യാത്ര കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ അവർക്ക് പറയാനെന്തെങ്കിലുമുണ്ടാകണം. തോറ്റതിെൻറ ആഘോഷം പങ്കുവെക്കാൻ കൊടൈക്കനാലിൽ പോയി തിരിച്ചുവരുകയാണെന്ന് പറയാൻ അവർക്ക് കഴിയണം. തോറ്റവർ സൃഷ്ടിച്ച ലോകത്തുനിന്നാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കൈയടിക്കുന്നതെന്ന വാചകമാണ് സുധിയുടെ പോസ്റ്റിലെ തന്നെ തലക്കെട്ട്.
ബിരുദവും ഹോട്ടൽ മാനേജ്മെൻറും കഴിഞ്ഞ സുധി പരീക്ഷകളിലൊന്നും തോറ്റിട്ടില്ല. പക്ഷേ തോറ്റ സുഹൃത്തുക്കളുടെ വേദനയും നിരാശയും ഏറെ കണ്ടിട്ടുണ്ട്. ഇന്ന് അവരിൽ പലരും വലിയ ഡോക്ടർമാരുംഎൻജിനീയർമാരുമൊക്കെയാണ്.
കഴിഞ്ഞ 18 വർഷമായി കൊടൈക്കനാലിൽ ഹോം സ്റ്റേ ബിസിനസ് നടത്തുകയാണ് ഇദ്ദേഹം. ഭാര്യ ഷിനിയും മക്കളായ മാധവും മനേഘയും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.