തിരുവനന്തപുരം: ഇന്ത്യയിൽ കാണപ്പെടുന്ന 11തരം വവ്വാലുകൾക്ക് നിപ വൈറസ് വാഹകരാകാൻ കഴിയുമെന്ന് പഠനങ്ങൾ. ഇതിൽ കേരളത്തിൽ പൊതുവെ കാണുന്ന ഏഴിനം വവ്വാലുകളും ഉൾപ്പെടുന്നു. പഠനങ്ങൾ പുരോഗമിക്കുന്നതിനാൽ നിപ വാഹകരുടെ ഇനത്തിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്.
നിപ വൈറസിെൻറ ഉറവിടം പുതിയ പ്രദേശങ്ങളിൽ കണ്ടെത്തുക വെല്ലുവിളിയാണെന്നും പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നിപക്ക് വവ്വാലുകൾക്കു പുറമെ മറ്റ് ജീവിവർഗങ്ങളിലും വസിക്കാൻ കഴിയുമെന്നതാണ് പുതിയ ഉറവിടം കണ്ടെത്തുന്നതിനെ ദുഷ്കരമാക്കുന്നത്. ജീവികളുടെ സ്രവ പരിശോധന (സിറോളജി) വഴി ഉറവിടം കൃത്യമായി കണ്ടെത്തുകയും പ്രയാസകരമാണ്.
വരണ്ട കാലാവസ്ഥയിൽ ഒരു കൂട്ടം വവ്വാലുകൾ പുതിയ താമസസ്ഥലം തേടുേമ്പാഴും നിപ വൈറസ് വ്യാപിക്കാൻ സാധ്യതയുണ്ട്. ഉറവിടം കണ്ടെത്തുന്നതിനൊപ്പം വൈറസ് പുറത്തുവിടുന്ന രീതിയും നിപ രോഗത്തെ പ്രതിരോധിക്കുന്നതിൽ പ്രധാനമാണെന്ന് വനശാസ്ത്ര കോളജിലെ വന്യജീവി പഠന കേന്ദ്രം പ്രഫസർ പി.ഒ. നമീർ ഉൾപ്പെടെ ഒമ്പത് ശാസ്ത്രജ്ഞരുടെ പഠനം ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുമായി അടുത്ത് പെരുമാറുന്ന വളർത്തുമൃഗങ്ങൾ വൈറസ് ബാധക്ക് ഒരു പാലമാകാം.
1998ൽ മലേഷ്യയിലും 2001, 2007 വർഷങ്ങളിൽ കിഴക്കേ ഇന്ത്യയിലും 2001ന് ശേഷം വർഷം തോറും ബംഗ്ലാദേശിലും നിപ ബാധ റിപ്പോർട്ട് ചെയ്തു. മേലഷ്യയിൽ വവ്വാലുകൾ കടിച്ച ഫലങ്ങൾ കഴിച്ച പന്നികളിലൂടെയാണ് മനുഷ്യർക്ക് നിപ ബാധിച്ചത്. ബംഗ്ലാദേശിൽ വവ്വാൽ ഭക്ഷിച്ച ഇൗന്തപ്പഴം കഴിച്ചവർക്കാണ് വൈറസ് പിടിപെട്ടത്. കേരളത്തിൽ 2018ൽ നിപ റിപ്പോർട്ട് ചെയ്തശേഷം ഷഡ്പദഭോജികളായ 'മെഗാഡെർമ സ്പാസ്മ' വവ്വാലുകളിലാണ് ആദ്യകാല പഠനം കേന്ദ്രീകരിച്ചത്. ശേഷം 'പെട്രോപസ് മേഡിയസ്' വവ്വാലുകളിൽ നടത്തിയ പഠനത്തിൽ പരിശോധന നടത്തിയതിൽ 19 ശതമാനത്തിലും നിപ വൈറസ് കണ്ടെത്തി. എന്നാൽ, വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് പകർന്നത് എങ്ങനെയെന്നത് അജ്ഞാതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.