തിരുവനന്തപുരം: രണ്ടാംപ്രളയത്തിൽ കേരളത്തെ നടുക്കിയ ഉരുൾപൊട്ടലുണ്ടായ 32 പ്രദേശ ങ്ങളിൽ പ്രവർത്തിക്കുന്നത് 1105 ക്വാറികൾ. ഇവിടങ്ങളെല്ലാം ഒന്നുകിൽ പശ്ചിമഘട്ട വിദഗ്ധ സമിതിയോ (മാധവ് ഗാഡ്ഗിൽ കമ്മിറ്റി) ൈഹലെവൽ വർക്കിങ് ഗ്രൂപ്പോ (കസ്തൂരിരംഗൻ കമ്മിറ്റി) അതീവ പരിസ്ഥിതി ദുർബല പ്രദേശം -സോൺ ഒന്നിലോ പരിസ്ഥിതി ദുർബല പ്രദേശം -സോൺ മൂന്നിലോ ഉൾപ്പെടുത്തിയവയാണ്.
ക്വാറികളിൽ 17ഉം ഗാഡ്ഗിൽ കമ്മിറ്റി സോൺ ഒന്നിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങളിലാണ്. ഇതിൽ എട്ട് പ്രദേശങ്ങളെ കസ്തൂരിരംഗൻ കമ്മിറ്റിയും അതീവ പരിസ്ഥിതി ദുർബല പ്രദേശമായി ഉൾപ്പെടുത്തിയിരുന്നു. ഉരുൾപൊട്ടലുണ്ടായ എട്ട് പ്രദേശങ്ങൾ ഗാഡ്ഗിൽ കമ്മിറ്റിയുടെ മൂന്നാം സോണിലാണ്. പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ ക്വാറികൾ സംബന്ധിച്ച കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ (കെ.എഫ്.ആർ.െഎ) തുടർപഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ക്വാറികളുള്ള പ്രദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുതുക്കാനാണ് തുടർപഠനം. പൂർത്തിയായാലുടൻ റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്ന് പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. ടി.വി. സജീവൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
മൂന്നാം സോണിലെ മലപ്പുറം കോട്ടക്കുന്നിലാണ് കൂടുതൽ ക്വാറികൾ -129. കോട്ടക്കുന്നിെൻറ ഒന്നര കിലോമീറ്ററിൽ ഒന്നും അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 26 ഉം 10 കിലോമീറ്ററിൽ 102ഉം ക്വാറികളുണ്ട്. പാലക്കാട് പല്ലശന കുറ്റിപ്പുള്ളിയിൽ 123ഉം കോട്ടയം പള്ളിപ്പടിമലയിൽ 109ഉം വടക്കാഞ്ചേരി, ഒാടൻതോട് 106ഉം ക്വാറികളുണ്ട്.
ഒന്നാം സോണിലാണ് പല്ലശന. 500 മീറ്ററിനുള്ളിൽ നാലും ഒരു കിലോമീറ്റർ, ഒന്നര കിലോമീറ്റർ, രണ്ട് കിലോമീറ്റർ ചുറ്റളവിൽ അഞ്ച് വീതവും ക്വാറികളുണ്ട്. അഞ്ച് കിലോമീറ്ററിൽ 34ഉം 10 കിലോമീറ്ററിൽ 70ഉം ക്വാറിയുണ്ട്. പള്ളിപ്പടിമലയുടെ ഒന്നര കിലോമീറ്ററിൽ ഒന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ 22ഉം 10 കിലോമീറ്ററിനുള്ളിൽ 83 ഉം ക്വാറികൾ പ്രവർത്തിച്ചിരുന്നു. വയനാട് പുത്തുമലയിൽ ഒരു കിലോമീറ്ററിനുള്ളിൽ ഒരു ക്വാറിയുണ്ട്. മലപ്പുറം കവളപ്പാറയിൽ 21 ക്വാറികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.