കോട്ടക്കൽ ആയുർവേദ സൊസൈറ്റിയിലെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറിൽ നിന്ന് 11.35 ലക്ഷം തിരിച്ചു പിടിക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട്: മലപ്പുറം കോട്ടക്കലിലെ ആയുർവേദ പഠന-ഗവേഷണ സൊസൈറ്റിലെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന കെ. ശ്രീകൃഷ്ണനിൽ നിന്ന് 11,35,109 രൂപ തിരിച്ചു പിടിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. ഗവേഷണ സൊസൈറ്റിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ വിവിധ അലവൻസുകൾ ഒരേ സമയം കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടത്തി. ഈ തുക തിരിച്ചു പിടിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന കെ. ശ്രീകൃഷ്ണനെ 2017ലാണ് ആയുർവേദ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചത്. 2017 ജൂൺ 15ന് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോലിയിൽ പ്രവേശിച്ച കെ. ശ്രീകൃഷ്ണൻ 2020 സെപ്തംബർ 23 വരെ ഈ തസ്തികയിൽ സേവനമനുഷ്ഠിച്ചു. സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ, 2017 ആഗസ്റ്റ് മൂന്ന് മുതൽ 2019 ജൂലൈ വരെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും അദ്ദേഹം നിർവഹിച്ചു. സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ വിവിധ അലവൻസുകളും കൈപ്പറ്റി.

എച്ച്.ആർ.എ ഇനത്തിൽ സർക്കാർ ഫണ്ടിൽ നിന്നും തുക കൈപ്പറ്റിയ കാലയളവിൽ തന്നെ സൊസൈറ്റിയിൽ നിന്നും അതേ വീട്ടുവാടകയിനത്തിൽ 4,37,500 രൂപ കൈപ്പറ്റി. ഈ തുക കെ. ശ്രീകൃഷ്ണനിൽ നിന്നും ഈടാക്കി സൊസൈറ്റി ഫണ്ടിലേക്ക് വകയിരുത്തുന്നതിനുള്ള നടപടികൾ ആയുഷ് വകുപ്പ് സ്വീകരിക്കണമെന്നാണ് ശിപാർശ. വീട്ടുവാടകയിനത്തിൽ ചെലവഴിക്കുന്ന തുക സൊസൈറ്റിയിൽ നിന്നും നൽകണമെന്നാവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന കെ. ശ്രീകൃഷ്ണൻ ഗവേണിങ്ങ് ബോഡിക്ക് കത്തു നൽകിയിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ, പ്രാബല്യത്തിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി, യോഗ്യതക്കനുസൃതമായി വീട്ടുവാടക അനുവദിക്കുന്നതിന് ഗവേണിങ് ബോഡി യോഗം തീരുമാനിച്ചു. തുടർന്ന് ഈ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഔദ്യോഗിക വസതിയായി കണക്കാക്കി 2017- 18 സാമ്പത്തിക വർഷം മുതൽ മുൻകാല പ്രാബല്യത്തോടെ സൊസൈറ്റി ഫണ്ടിൽ നിന്നും പ്രതിമാസ വാടക അനുവദിച്ചു. ഈയൊരു തീരുമാനം മാത്രം അടിസ്ഥാനമാക്കിയാണ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന കാലയളവിൽ കെ. ശ്രീകൃഷ്ണൻ പ്രതിമാസം 12,500 രൂപ വീട്ടുവാടക നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വാടക നിശ്ചയിച്ചത് സംബന്ധിച്ച വിവരങ്ങളായ വീട്ടുടമയുമായുള്ള വാടക കരാർ, വാടകച്ചീട്ട് എന്നിവയൊന്നും സൊസൈറ്റിയിൽ ലഭ്യമല്ല.

എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശമ്പള ബില്ലുകൾ പരിശോധിച്ചതിൽ വീട്ടുവാടക ഇനത്തിൽ സൊസൈറ്റിയിൽ നിന്ന് തുക നൽകിയ അതേ കാലയളവിൽത്തന്നെ സർക്കാർ ഫണ്ടിൽ നിന്നും എച്ച്.ആർ.എ ഇനത്തിൽ തുക കൈപ്പറ്റിയതായി പരിശോധനയിൽ കണ്ടെത്തി. 2017 ജൂൺ മുതൽ 2020 മെയ് വരെയുള്ള കാലയളവിൽ സൊസൈറ്റിയിൽ നിന്നും വാടക നൽകിയ അതേ കെട്ടിടത്തിൽ താമസിച്ച് എച്ച്.ആർ.എ ഇനത്തിലും തുക കൈപ്പറ്റിയത്.

ഹോണറേറിയം വ്യവസ്ഥയിലുള്ള ഒരു തസ്തികയിൽ അധിക ചുമതല വഹിക്കുന്ന വേളയിൽ ചാർജ് അലവൻസ് അനുവദിക്കുന്നതു സംബന്ധിച്ച് നിലവിൽ മാർഗനിർദേശങ്ങളൊന്നും സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തിക വഹിക്കുന്ന കാലയളവിലെ ചാർജ് അലവൻസ് സംബന്ധിച്ച് സർക്കാർ തലത്തിൽ മാത്രമേ തീരുമാനമെടുക്കാനാകൂ. ചാർജ് അലവൻസ് ഇനത്തിൽ 4,78,065 രൂപയാണ് കെ. ശ്രീകൃഷ്ണൻ കൈപ്പറ്റിയത്. ഈ തുകയായ കെ. ശ്രീകൃഷ്ണനിൽ നിന്നും തിരിച്ചു പിടക്കാനും നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

ശ്രീ കൃഷ്ണന് അനുവദനീയമായ ദിനബത്ത 400 രൂപയായിരുന്നു. എന്നാൽ ഈ നിരക്കിൽ നിജപ്പെടുത്തി യാത്രാബത്ത ബില്ലുകൾ നിർദിഷ്ട മാതൃകയിൽ സമർപ്പിക്കുന്നതിന് പകരം, ഹോട്ടലുകളിൽ താമസിച്ചതിന്റെ ബില്ലുകൾ ടാക്‌സി വാഹനത്തിൻ്റെ ട്രിപ് ഷീറ്റ് എന്നിവ മാത്രം സമർപ്പിച്ച് ഈയിനത്തിൽ അധിക നിരക്കിലുള്ള തുക കൈപ്പറ്റി. സൊസൈറ്റി ഫണ്ടിൽ നിന്നും യാത്രാബത്തക്കായി എക്സിക്യൂട്ടീവ് ഡയറക്ടർ സമർപ്പിക്കുന്ന ബില്ലുകൾ പരിശോധിച്ച് തുക അനുവദിക്കുന്നത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതലയാണ്.

എന്നാൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായ കെ. ശ്രീകൃഷ്ണൻ സമർപ്പിച്ച അമിത നിരക്കിലുള്ള യാത്രാബത്ത ബില്ലുകൾ അതേപടി പാസാക്കി നൽകിയത് ഇദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന കാലയളവിലാണ്. ബിൽ സമർപ്പിക്കുന്നതും, അത് പരിശോധിച്ച് അംഗീകരിച്ചതും ഒരേ വ്യക്തി തന്നെയായതിനാലാണ് സൊസൈറ്റി ഫണ്ട് ദുരുപയോഗം ചെയ്യാനുള്ള സാഹചര്യമുണ്ടായത്. യാത്രയുടെ വ്യക്തമാക്കുന്ന രേഖകൾ ക്ലെയിമിനോടൊപ്പം സമർപ്പിച്ചരുന്നില്ല. ഒരു മാസത്തെ യാത്രകൾ ഒറ്റ ബില്ലായി നിർദിഷ്ട മാതൃകയിൽ സമർപ്പിക്കാതെ ഓരോ യാത്രകൾക്കും ചെലവഴിച്ച തുക പ്രത്യേകമായി അനുവദിച്ച് നൽകിയത് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഭാഗത്തുള്ള വീഴ്ച്ചയാണ്. കോട്ടക്കൽ നിന്നും ഓദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തേക്ക് യാത്ര നടത്തിയായി ലോഗ് ബുക്ക് രേഖപ്പെടുത്തുകയും ഹോട്ടൽ ബില്ലുകളോടൊപ്പം സ്വകാര്യ കാറിന്റെ ട്രിപ്പ് ഷിറ്റുൾപ്പെടെ സമർപ്പിച്ചതായും പരിശോധനയിൽ കണ്ടെത്തി.

യാത്രാബത്ത ഇനത്തിൽ ശ്രീകൃഷ്ണൻ 1,63,401 രൂപ അധികമായി കൈപ്പറ്റിയെന്ന പരിശോധനയിൽ കണ്ടെത്തി. ഇതും സൊസൈറ്റി ഫണ്ടിലേക്ക് അടക്കുന്നതിന് നടപടികൾ ആയുഷ് വകുപ്പ് സ്വീകരിക്കണം. ട്രാൻസ്ഫർ ടി.എ ഇനത്തിൽ സർക്കാർ ഗ്രാൻറിൽ നിന്നും ശ്രീകൃഷ്ണന് 8,224 രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതേയിനത്തിൽ സൊസൈറ്റി ഫണ്ടിൽ നിന്നും (തനതുഫണ്ടിൽ നിന്നും) 11,539 രൂപ കൈപ്പറ്റി. ഈ തുക അദ്ദേഹത്തിൽ നിന്ന് ഈടാക്കി സൊസൈറ്റിഫണ്ടിൽ അടക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. ഔദ്യോഗിക യാത്രകൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിലുള്ള യാത്രാബത്തക്ക് അർഹതയുള്ളതിനാൽ ഈ ഇനത്തിൽ സർക്കാർ ഫണ്ടിൽ നിന്നും കൈപ്പറ്റിയ തുക അനുവദിക്കാം. എന്നാൽ ഇതേ യാത്രകൾക്ക് സൊസൈറ്റി ഫണ്ടിൽ നിന്നും 44,604 രൂപ കൈപ്പറ്റി. ഈ തുകയും കെ. ശ്രീകൃഷ്ണനിൽ നിന്നും ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

Tags:    
News Summary - 11.35 lakhs to be recovered from ex-executive director of Kottakal Ayurveda Society, report says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.