പാലക്കാട്: പട്ടയം ലഭിച്ച മിച്ചഭൂമി അനധികൃതമായി സ്വന്തമാക്കിയവർക്ക് 12 വർഷം കഴിഞ്ഞാൽ ഇടപാട് നിയമപരമായി സാധൂകരിക്കുന്നതിൽ തടസ്സമില്ലെന്ന് സർക്കാർ മാർഗരേഖ. മിച്ചഭൂമി വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ കഴിഞ്ഞ ദിവസമിറങ്ങിയ മാർഗരേഖയിലാണ് 2009 മാർച്ച് 11ന് മുമ്പ് മിച്ചഭൂമി ലഭിച്ചവർ നടത്തിയ ‘അകാല മിച്ചഭൂമി’ കൈമാറ്റങ്ങൾ (കൈമാറ്റം ചെയ്യാൻ പാടില്ലാത്ത കാലയളവിൽ നടത്തിയ ഭൂകൈമാറ്റം) സാധൂകരിക്കുന്നതിൽ തടസ്സമില്ലെന്ന് വ്യക്തമാക്കുന്നത്. ഇതോടെ ആ കാലയളവിലെ അകാല മിച്ചഭൂമി കൈമാറ്റങ്ങൾ മുഴുവനും സാധൂകരിക്കപ്പെടും. 1963 ലെ കേരള ഭൂപരിഷ്കരണ നിയമപ്രകാരവും 1970 ലെ കേരള ഭൂ പരിഷ്കരണ സീലിങ് ചട്ടങ്ങൾ പ്രകാരവുമാണ് മിച്ചഭൂമി പതിച്ച് നൽകാൻ നടപടി സ്വീകരിക്കേണ്ടത്.
‘അകാല മിച്ചഭൂമി’ കൈമാറ്റങ്ങളുടെ രജിസ്ട്രേഷനോ ആധാരമോ നിയമപ്രകാരം അസാധുവല്ലെന്ന് മാർഗരേഖയിൽ ചൂണ്ടിക്കാട്ടി. കാരണം 1963ലെ കേരള ഭൂപരിഷ്കരണ നിയമത്തിൽ അക്കാര്യം പറയുന്നില്ല. പക്ഷേ അത്തരം കൈമാറ്റം നടത്തിയ വ്യക്തിക്ക് പിന്നീട് സർക്കാർ ഭൂമിയോ, മിച്ചഭൂമിയോ പതിച്ചുകിട്ടില്ല. 12 വർഷം കൈമാറാൻ പാടില്ലെന്നിരിക്കെ മിച്ചഭൂമി ‘നിയമാനുസൃതം’ രജിസ്ട്രേഷൻ നടത്തി കൈമാറ്റം നടത്തിയവരുടെ കരമടവ്, പോക്കുവരവ് സർട്ടിഫിക്കറ്റുകൾ നൽകൽ എന്നിവ റവന്യൂ ഓഫിസുകളിൽ വിലക്കുന്നെന്ന പരാതി വ്യാപകമാണ്.
ഇങ്ങനെ വിലക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും മാർഗരേഖയിൽ പറയുന്നു. മിച്ചഭൂമി അനധികൃതമായി സ്വന്തമാക്കിയവർക്ക് സംരക്ഷണം നൽകുകയും നിശ്ചിത കാലയളവിന് ശേഷം പതിച്ച് നൽകാമെന്ന ഉറപ്പുമാണ് ഇതിലൂടെ നൽകുന്നതെന്ന ആരോപണവുമുയരുന്നുണ്ട്.
• 2009 മാർച്ച് 11ന് മുമ്പ് പതിച്ച് നൽകിയ മിച്ചഭൂമി 12 വർഷവും ശേഷമുള്ളവ 20 വർഷവും കൈമാറാൻ പാടില്ല. എന്നാൽ, കൈമാറേണ്ട സാഹചര്യമുണ്ടെങ്കിൽ സർക്കാറിന് അനുമതി നൽകാം.
• പതിച്ച് നൽകേണ്ട ഭൂമിയിൽ കൈവശക്കാരുണ്ടെങ്കിൽ അവർ ഭൂമി മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിൽ അർഹത പരിശോധിച്ച് അവർക്ക് തന്നെ നൽകാം.
• മിച്ചഭൂമി പട്ടയത്തിന് മുൻഗണന ഇപ്രകാരം: കൈവശക്കാരില്ലാത്ത ഭൂമിയുടെ 87.5 ശതമാനം ഭൂരഹിതരായ കർഷക തൊഴിലാളികൾക്കും 12.5 ശതമാനം ചെറുകിട കൈവശക്കാർക്കും യാതൊരു ഭൂമി വീണ്ടെടുക്കാനില്ലാത്ത ജന്മിമാർക്കും പതിച്ച് കൊടുക്കാം. ഈ 87.5 ശതമാനത്തിന്റെ 50 ശതമാനം ഭൂമി പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ട അപേക്ഷകർക്കാണ്. അർഹത ലിസ്റ്റിൽ പതിച്ച് നൽകേണ്ട ഭൂമിയിലെ കുടികിടപ്പുകാരുണ്ടെങ്കിൽ അവർക്ക് മുൻഗണന.
• ഒരു വ്യക്തിക്ക് ഒരു ഏക്കർ വരെ മാത്രമേ പതിച്ച് നൽകാവൂ. കൈവശം ഭൂമിയുള്ള ആളും ഗുണഭോക്താവാണ്. ഭൂരഹിതർ അപേക്ഷകരായുണ്ടെങ്കിൽ മുൻഗണന.
• മിച്ചഭൂമി മക്കൾക്കോ അനന്തരാവകാശികൾക്കോ കൈമാറ്റം ചെയ്യാം.
• മിച്ചഭൂമി പണയം വെക്കാൻ തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.