തൃശൂർ: കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ റവന്യൂ റിക്കവറി നടപടികൾ തീരുമാനിച്ച കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളിൽനിന്ന് ഇതുവരെ തിരിച്ചുപിടിച്ചത് 4449 രൂപമാത്രം. കരുവന്നൂരിൽ ഇ.ഡി 150 കോടി രൂപയുടെയും ക്രൈംബ്രാഞ്ച് 300 കോടിയോളം രൂപയുടെയും ക്രമക്കേട് കണ്ടെത്തിയപ്പോൾ 125.84 കോടി മാത്രമാണ് തട്ടിയതെന്നാണ് സഹകരണ വകുപ്പ് നിലപാട്.
മുൻ സെക്രട്ടറിയും മുൻ മാനേജറും മുൻ അക്കൗണ്ടന്റുമടങ്ങുന്ന അഞ്ച് ജീവനക്കാരെയും 20 മുൻ ഭരണസമിതി അംഗങ്ങളെയും പ്രതികളാക്കി ഇവരിൽനിന്ന് 125.84 കോടി തിരിച്ചുപിടിക്കാനായിരുന്നു സഹകരണ വകുപ്പ് തീരുമാനിച്ചിരുന്നത്. ഇതിൽ 25ാം പ്രതിയായി ചേർത്തിരുന്ന കെ.എം. മോഹനനാണ് തിരിച്ചടക്കാൻ നിർദേശിച്ച 4449 രൂപ കഴിഞ്ഞദിവസം ഒടുക്കിയത്. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ബാങ്കിലെ വളം ഡിപ്പോയിലെ ജീവനക്കാരനായിരുന്ന ഇയാളെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു.
റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി ഓരോരുത്തരിൽനിന്നും ഈടാക്കേണ്ട തുകകൾ സഹകരണ ജോ.രജിസ്ട്രാർ നിശ്ചയിച്ച് നൽകിയിരുന്നു. ഉദ്യോഗസ്ഥരെ നിയോഗിച്ച് റവന്യൂ റിക്കവറി നടപടികളിലേക്ക് കലക്ടർ കടന്നുവെങ്കിലും മാനേജർ ബിജു കരീമിന്റെ മാത്രം പേരിനുമാത്രമുള്ള വസ്തുക്കളാണ് ജപ്തി ചെയ്യാനായത്.
സെക്രട്ടറി സുനിൽകുമാറിന് പിന്നാലെ മറ്റുള്ളവരും ഹൈകോടതിയെ സമീപിച്ച് ജപ്തിക്ക് സ്റ്റേ വാങ്ങി. പണം തിരിച്ചുപിടിക്കേണ്ടവരുടെ പട്ടികയിൽനിന്ന് ഇപ്പോൾ ഇ.ഡി അറസ്റ്റ് ചെയ്ത പി.പി. കിരണിനെയും സൂപ്പർമാർക്കറ്റിന്റെ ചുമതലയുണ്ടായിരുന്ന റെജി അനിലിനെയും ഒഴിവാക്കിയിരുന്നു. അതേസമയം, ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതി ബിജു കരീം, ജിൽസ്, ബിജോയ്, റെജി അനിൽകുമാർ എന്നിവരുടെ വാഹനങ്ങളും ഭൂമിയുമടക്കം കണ്ടുകെട്ടാൻ ഉത്തരവിെട്ടങ്കിലും ഇതിന്റെ തുക സർക്കാറിലേക്ക് വരവുവെച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.