തൃശൂർ: രാജ്യത്തെ പൊതുമേഖല ബാങ്കുകൾ 13 വർഷത്തിനിടെ ഉണ്ടാക്കിയ ലാഭമത്രയും 'കാർന്നുതിന്നത്' കോർപറേറ്റുകൾക്ക് കൊടുത്ത് കിട്ടാതായ വായ്പ. കിട്ടാക്കടമായി തുടരുന്നതും ഇത്തരക്കാരുടെ വായ്പ എഴുതിത്തള്ളുന്നതും വായ്പയെടുത്ത സ്ഥാപനം പ്രതിസന്ധിയിലായപ്പോൾ മറ്റൊരു സ്ഥാപനം ഏറ്റെടുക്കാൻ നൽകിയ ഇളവും വഴി പൊതുമേഖല ബാങ്കുകളുടെ ലാഭം ചോർന്ന വഴി പുറത്തായി.
ഇപ്പോഴും തുടരുന്ന 'ഹെയർ കട്ട്' സമ്പ്രദായം പൊതുമേഖല ബാങ്കുകളുടെ നിലനിൽപിനുതന്നെ ഭീഷണിയാവുന്ന വിധത്തിലാണ് പുരോഗമിക്കുന്നതെന്ന് കണക്കുകൾ കാണിച്ചുതരുന്നു. പൊതുമേഖല ബാങ്കുകൾ നഷ്ടത്തിലാണെന്ന പ്രചാരണം അവാസ്തവമാണെന്ന് മാത്രമല്ല, ഭേദപ്പെട്ട ലാഭം നേടുന്നുണ്ട്. അതേസമയം, ഈ ലാഭം മുഴുവൻ കോർപറേറ്റ് വായ്പകൾ സൃഷ്ടിച്ച കിട്ടാക്കടത്തിന്റെ പേരിൽ ഇല്ലാതാവുകയാണ്.
2008-'09 സാമ്പത്തിക വർഷം മുതൽ 2020-'21 വരെയുള്ള വർഷങ്ങളിൽ പൊതുമേഖല ബാങ്കുകൾ ഉണ്ടാക്കിയ പ്രവർത്തന ലാഭം 15,97,458 കോടി രൂപയാണ്. ഇതിൽ 14,42,001 കോടിയും കിട്ടാക്കടം സൃഷ്ടിച്ച ബാധ്യത തീർക്കാൻ മാറ്റിവെക്കുകയായിരുന്നു. ഇതോടെ ചില വർഷങ്ങളിൽ ബാങ്കുകൾ യഥാർഥത്തിൽ ലാഭം നേടിയിട്ടും കണക്കിൽ നഷ്ടം കാണിച്ചു. നേടിയ ലാഭത്തെക്കാൾ തുക കിട്ടാക്കടത്തിലേക്ക് നീക്കിവെച്ചതാണ് നഷ്ടത്തിന് ഇടയാക്കിയത്. 2015-'16 മുതൽ 2019-'20 വരെയുള്ള വർഷങ്ങളിലാണ് ബാങ്കുകൾ ഇത്തരത്തിൽ നഷ്ടത്തിലായത്. പിന്നിടുന്ന സാമ്പത്തിക വർഷം കിട്ടാക്കടത്തിലേക്ക് നീക്കിവെക്കുന്ന തുകയിൽ കുറവ് വന്നതായി ബാങ്കിങ് വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും മുമ്പുള്ള 13 വർഷത്തെയും അനുഭവം മറിച്ചാണ്.
സാമ്പത്തിക വർഷം, കിട്ടാക്കടത്തിലേക്ക് നീക്കിവെക്കുന്നതിന് മുമ്പുള്ള ലാഭം (തുക കോടിയിൽ), കിട്ടാക്കടത്തിലേക്ക് നീക്കിവെച്ചത് (തുക കോടിയിൽ), ലാഭം എന്ന ക്രമത്തിൽ താഴെ:
2008-'09 4549 11121 34373
2009-'10 57293 18036 39257
2010-'11 74731 29830 44901
2011-'12 87691 38177 45514
2012-'13 93684 43102 50582
2013-'14 127652 63389 37018
2014-'15 137817 76837 37540
2015-'16 136926 160303 17993 (നഷ്ടം)
2016-'17 158982 168469 11388 (നഷ്ടം)
2017-'18 155585 270953 85371 (നഷ്ടം)
2018-'19 149804 216410 66606 (നഷ്ടം)
2019-'20 174336 200353 26016 (നഷ്ടം)
2020-'21 197463 145021 31780
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.