തിരുവനന്തപുരം: മഹാമാരിയുടെ മൂന്നാം തരംഗം പിന്നിടുമ്പോൾ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത് 18 വയസ്സിന് താഴെയുള്ള 166 പേർ. 59 ആരോഗ്യപ്രവർത്തകരും കോവിഡിന് കീഴടങ്ങിയതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കുട്ടികളുടെ മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കോഴിക്കോട്ടാണ് -20 പേർ. അഞ്ച് മരണം റിപ്പോർട്ട് ചെയ്ത പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്.
ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം തിരുവനന്തപുരത്താണ്. നെടുങ്കാട് തളിയിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ആരോഗ്യപ്രവർത്തകരുടെ മരണത്തിൽ മുന്നിൽ തിരുവനന്തപുരമാണ്. 14 പേരാണ് തലസ്ഥാനത്ത് കോവിഡിന് കീഴടങ്ങിയത്.
ഇടുക്കി ഒഴികെ മറ്റ് ജില്ലകളിലെല്ലാം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 27 വരെ സംസ്ഥാനത്ത് ഇതുവരെ ആകെ 65,223 മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതിൽ 51,108 കുടുംബങ്ങൾക്ക് കോവിഡ് ധനഹായം നൽകി.
കോവിഡ് മരണ നിർണയം തുടക്കത്തിൽ സംസ്ഥാന സർക്കാറിന് കടുത്ത തലവേദനയായിരുന്നു. പരാതി വ്യാപകമായതോടെ രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യഘട്ടത്തിലെ 3779 മരണം കൂടി കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി.
നെഗറ്റിവായി ഒരുമാസത്തിനകം മരിച്ചാലും കോവിഡ് മരണമായി പരിഗണിക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്ന് 24,474 മരണം പുതുതായി ഉൾപ്പെടുത്തി. അതേ സമയം പഴയ കണക്ക് കൂട്ടിച്ചേർക്കുന്നതിനിടെ, ഇരട്ടിപ്പുണ്ടായത് കണക്കുകളിലെ സുതാര്യതയുടെ കാര്യത്തിൽ വീണ്ടും സംശയമുയർത്തുകയാണ്.
2020 ജനുവരി 30നും 2021 ജൂൺ 18നും ഇടയിൽ സ്ഥിരീകരിച്ച 527 മരണങ്ങളാണ് ഇരട്ടിപ്പാണെന്ന് കണ്ടെത്തിയത്. ഉന്നതതലത്തിലുണ്ടായ വീഴ്ച ഡി.എം.ഒമാരുടെ ചുമലിൽ കെട്ടിയേൽപിക്കുന്നതിന്റെ ഭാഗമായി ഇവർക്ക് മെമ്മോ നൽകിയതോടെയാണ് വീഴ്ച പുറത്തുവന്നത്.
ജില്ല മരണം
തിരുവനന്തപുരം 13
കൊല്ലം 15
പത്തനംതിട്ട 05
ആലപ്പുഴ 10
കോട്ടയം 08
ഇടുക്കി 06
എറണാകുളം 09
തൃശൂർ 14
പാലക്കാട് 13
മലപ്പുറം 18
കോഴിക്കോട് 20
വയനാട് 07
കണ്ണൂർ 19
കാസർകോട് 09
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.