കൊച്ചി: കോഴിക്കോട്, തിരുവനന്തപുരം കോർപറേഷനുകൾ വിഭജിച്ച് നാല് നഗരസഭകൾ രൂപവത്കരിച്ച നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. തിരുവനന്തപുരം കോർപറേഷനിലെ കഴക്കൂട്ടം, കോഴിക്കോട് കോർപറേഷനിലെ ബേപ്പൂർ, എലത്തൂർ, ചെറുവണ്ണൂർ–നല്ലളം നഗരസഭകളുടെ രൂപവത്കരണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജികൾ തള്ളിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
വലിയ നഗരമേഖലയായ കോർപറേഷെൻറ ഭാഗങ്ങൾ അടർത്തിമാറ്റി ചെറിയ നഗരസഭകൾ ഉണ്ടാക്കാൻ സർക്കാറിന് അധികാരമുണ്ടെങ്കിലും അതിന് വ്യക്തമായ കാരണങ്ങളുണ്ടാകണമെന്നും അത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. സർക്കാർ നടപടി ശരിയല്ലെന്നും വലിയ നഗരമെന്ന പദവി മാറ്റി ചെറിയ നഗരമാക്കിയത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് നേരത്തേ സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. ഗവർണർ വിജ്ഞാപനമിറക്കി നടപടിക്രമങ്ങൾ പാലിച്ചാണ് വിഭജനം നടത്തിയതെന്നും വലിയ നഗരപ്രദേശങ്ങളെ ചെറിയ നഗരപ്രദേശങ്ങളാക്കുന്നത് നിയമപരമായി തെറ്റല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. ഈ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം.
കോർപറേഷെൻറ ഭാഗങ്ങൾ അടർത്തി മുനിസിപ്പാലിറ്റികളാക്കി വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇത് നിയമപരവുമാണ്. നഗരസഭയെന്ന ഒരു നിർവചനത്തിനുകീഴിലാണ് കോർപറേഷനുകളും മുനിസിപ്പാലിറ്റികളും വരുന്നത്. എന്നാൽ, ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമുമ്പ് ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വസ്തുതകൾ പഠിച്ച് വിശദ പരിശോധന നടത്തിവേണം വിഭജനം സംബന്ധിച്ച തീരുമാനമെടുക്കാൻ. വീണ്ടും മനസിരുത്തി വേണം വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്. ഇത്തരം നടപടിക്രമങ്ങൾ വിജ്ഞാപനത്തിനുമുമ്പ് പൂർത്തിയാക്കിയതിന് തെളിവില്ല. വിജ്ഞാപനത്തിനുശേഷം വോട്ടർമാരിൽനിന്ന് പരാതി സ്വീകരിക്കൽ അടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നത് അതിനുമുമ്പ് നടക്കേണ്ട നടപടികൾക്ക് പകരമാകില്ല.
സർക്കാറിെൻറ വിജ്ഞാപനം വേണ്ട നടപടിക്രമങ്ങൾ പാലിക്കാത്തതും അധികാരപരിധി ലംഘിച്ചുള്ളതും വേണ്ടത്ര മനസിരുത്താത്തതും ദുരുദ്ദേശ്യപരവുമാണെന്ന് കണ്ടാൽ കോടതിയുടെ ഇടപെടലിന് തടസ്സമില്ല. ഈ സാഹചര്യത്തിൽ പഠനം നടത്താതെയും മനസിരുത്താതെയും പുറപ്പെടുവിച്ച വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിൽ കോർപറേഷനുകൾ വിഭജിച്ച് മുനിസിപ്പാലിറ്റിയാക്കിയ നടപടി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.