പാലോളി കമ്മിറ്റി: ന്യൂനപക്ഷ ജില്ലാ ഓഫിസുകൾ ഏഴു വർഷമായിട്ടും തുടങ്ങിയില്ല

കോഴിക്കോട്: ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാനത്ത് നടപ്പാക്കുന്നതിന് പാലോളി മുഹമ്മദ്കുട്ടി ചെയർമാനായ 11 അംഗ സമിതി നിർദേശിച്ച ന്യൂനപക്ഷ ക്ഷേമ ജില്ലാ ഓഫിസുകൾ ഏഴുവർഷം പിന്നിട്ടിട്ടും തുടങ്ങിയില്ല. 2008 മേയ് ആറിനാണ് സമിതിയുടെ നിർദേശങ്ങൾ സർക്കാർ അപ്പാടെ അംഗീകരിച്ചത്. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമവകുപ്പിന് രൂപംനൽകുക, വിവിധ വകുപ്പുകളിൽ നിലനിൽക്കുന്ന സമാന കാര്യങ്ങൾ ഈ വകുപ്പിലേക്ക് ഏകീകരിക്കുക, ജില്ലാതല ഭരണകേന്ദ്രങ്ങൾ ആരംഭിക്കുക എന്നിവയായിരുന്നു സുപ്രധാന 10 നിർദേശങ്ങളിൽ ഒന്നാമത്തേത്. 2011ൽ വകുപ്പ് രൂപവത്കരിച്ചു. എന്നാൽ, കലക്ടറേറ്റുകളിൽ എൽ.ഡി ക്ലർക്ക് മാത്രമുള്ള ന്യൂനപക്ഷ വിഭാഗമാണ് പ്രവർത്തിക്കുന്നത്. ജില്ലാ ഓഫിസുകൾ തുടങ്ങാൻ പൊതുഭരണ വകുപ്പ് കഴിഞ്ഞ ആഗസ്റ്റ് 10ന് ഉത്തരവായെങ്കിലും തുടർ നടപടികളായില്ല.

നിർദേശങ്ങൾ പൂർണമായി നടപ്പാക്കാനായില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി മഞ്ഞളാംകുഴി അലി എം.എൽ.എമാർക്ക് നൽകിയ മറുപടിയിലെ സൂചന.
ന്യൂനപക്ഷ പാക്കേജ് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ കൂടി ഉടൻ നടപ്പാക്കുക, ഇതിനാവശ്യമായ നടപടി കേന്ദ്രസർക്കാറുമായി ആലോചിച്ച് നടപ്പാക്കുക എന്നിവ സമിതിയുടെ നിർദേശത്തിലുൾപ്പെട്ടിരുന്നു. എന്നാൽ, 11ാം പദ്ധതിയിൽ രാജ്യത്തെ 90 ന്യൂനപക്ഷ ജില്ലകളിൽ നടപ്പാക്കുന്ന മൾട്ടി സെക്ടറൽ ഡെവലപ്മെൻറ് പ്രോഗ്രാം (എം.എസ്.ഡി.പി) പദ്ധതിയിൽ കേന്ദ്രസർക്കാർ നേരത്തേ ഉൾപ്പെടുത്തിയ വയനാട് ജില്ലയിൽ മാത്രം ഇപ്പോഴും ന്യൂനപക്ഷ പാക്കേജ് ഒതുങ്ങുകയാണ്.

സമിതി നിർദേശിച്ച ജില്ലകൾ ഉൾപ്പെടെ 12ാം പഞ്ചവത്സര പദ്ധതിയിലെ എം.എസ്.ഡി.പി പദ്ധതിയുടെ ഭാഗമായി കേന്ദ്രം അംഗീകരിച്ചിട്ടും വയനാടിനു പുറത്തേക്ക് മലപ്പുറം ജില്ലയിലെ പൊന്നാനി നഗരത്തിൽ മാത്രമാണ് വ്യാപിപ്പിക്കാനായത്.
തീരദേശങ്ങളിലും മലയോര പ്രദേശങ്ങളിലും മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് പ്രത്യേക പരിപാടികൾക്ക് രൂപംനൽകണമെന്ന സമിതി നിർദേശം നടപ്പായില്ല. തീരദേശങ്ങളിലെ സർക്കാർ സ്കൂളുകളിൽ ഗേൾസ് ഫ്രൻഡ്ലി ടോയ്ലറ്റുകളും ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ കുടിവെള്ള പദ്ധതിയും നടപ്പാക്കിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.