വ്യാവസായികരംഗത്തെ താരിഫ് നിരക്ക് കൂട്ടേണ്ടിവരും –മന്ത്രി

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ വ്യാവസായികരംഗത്തെ താരിഫ് നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് വ്യവസായികളുടെ ഭാഗത്തുനിന്ന് ശ്രദ്ധയുണ്ടാകുന്നില്ല. വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതിയുടെ നിരക്ക് കുറവാണോ എന്ന് സംശയമുണ്ട്. ഉപഭോഗം കൂടിയാല്‍ പുറത്തുനിന്ന് വൈദ്യുതി കാശുകൊടുത്ത് വാങ്ങേണ്ടിവരും. സംസ്ഥാന ഊര്‍ജ സംരക്ഷണ അവാര്‍ഡുദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതി കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതിനെക്കാള്‍ പ്രധാനം ഉപഭോഗം കുറയ്ക്കലാണ്. ഉല്‍പാദനത്തിന് പരിസ്ഥിതി പ്രശ്നങ്ങള്‍ കൂടി കണക്കിലെടുക്കണം. വൈദ്യുതി ഉപഭോഗത്തില്‍ കുറവുണ്ടായില്ളെങ്കില്‍ ലോഡ് ഷെഡിങ്ങും പവര്‍കട്ടും വേണ്ടിവരും. താരിഫ് നിരക്ക് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടിവരും. 2020- 21 ആകുമ്പോള്‍ 6100 മെഗാവാട്ട് വൈദ്യുതി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കല്‍ക്കരിയില്‍നിന്നും ഗ്യാസില്‍നിന്നും വൈദ്യുതി ഉണ്ടാക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്നാണ് വിലയിരുത്തല്‍. ഊര്‍ജ സംരക്ഷണം ലക്ഷ്യമിട്ട് ഒന്നരക്കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്ന പദ്ധതി ജനുവരിയില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോഗം കൂടിയ സമയങ്ങളില്‍ പ്രത്യേക താരിഫ് നിര്‍ണയിച്ച് പണം ഈടാക്കുന്നരീതി സ്വീകരിക്കാവുന്നതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ വൈദ്യുതി റെഗുലേറ്ററി കമീഷന്‍ ചെയര്‍മാന്‍ ടി.എം. മനോഹരന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.