ചാലക്കുടി: കാൻസറിൽ നിന്നും പൂർണമായി മോചിതനായെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും ഇന്നസെന്‍റ് എം.പി. രോഗം മാറി എല്ലാവർക്കും മുന്നിലെത്താൻ സാധിച്ചതിൽ സന്തോഷം. രണ്ടാമതും കാൻസർ ബാധിതനായപ്പോൾ ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോ എന്ന് സംശയിച്ചിരുന്നു. അവസാനം നടത്തിയ സ്കാനിങിന്‍റെ ഫലത്തിൽ ശരീരത്തിൽ കാൻസറിന്‍റെ അംശം പോലും ബാക്കിയില്ലെന്നാണ് പറയുന്നത്. രോഗം മൂലം മാസങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ട് നിന്ന ഇന്നസെന്‍റ് ചാലക്കുടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
രോഗിയായ തന്‍റെ മുന്നിൽ വെച്ച് നടത്തുന്ന പ്രാർഥനകൾ ആത്മവിശ്വാസത്തേക്കാൾ തനിക്ക് നിരാശയാണ് നൽകുന്നത്. എന്‍റെ സന്തോഷവും ആത്മവിശ്വാസവും വീണ്ടെടുക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടത്. ഡൽഹി എയിംസിൽ നിന്ന് ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്ന തന്‍റെ മടിയിൽ ആറുമാസം പോലും തികയാത്ത കുട്ടികളെ ഇരുത്തി ഫോട്ടോയെടുപ്പിക്കാനായിരുന്നു മാതാപിതാക്കൾക്ക് താൽപര്യം. എന്‍റെ രോഗാവസ്ഥയെക്കുറിച്ചോ രോഗം അതിജീവിച്ചാണ് വരുന്നത് എന്നതിനെക്കുറിച്ചോ അവർ ചിന്തിച്ചില്ല എന്നും ഇന്നസെന്‍റ് പറഞ്ഞു.
രാഷ്ട്രീയ, കുടുംബ വിഷയങ്ങളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും ലോക്സഭ നടപടികളെക്കുറിച്ചും ഹാസ്യാത്മകമായാണ് അദ്ദേഹം വിവരിച്ചത്. ഒരു കോടി രൂപയുടെ വികസന പദ്ധതികൾ ചാലക്കുടി മണ്ഡലത്തിൽ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. ജോസ് തെറ്റയിൽ എം.എൽ. എ, ചാലക്കുടി നഗരസഭ ചെയർ പേഴ്സൺ എം.എ ഗ്രേസി, വിവിധ കക്ഷി രാഷട്രീയ നേതാക്കൾ എന്നിവരും വാർത്താസമ്മേളനത്തിൽ ഇന്നസെന്‍റിനൊപ്പം പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.