നെല്‍വയല്‍ നികത്തല്‍ ക്രമപ്പെടുത്തല്‍: ചട്ടം നിയമവിരുദ്ധമെന്ന് ആക്ഷേപം

തിരുവനന്തപുരം: 2008ന് മുമ്പുള്ള നെല്‍വയല്‍ നികത്തല്‍ ക്രമപ്പെടുത്താന്‍ റവന്യൂവകുപ്പ് പുറത്തിറക്കിയ ചട്ടം നിയമവിരുദ്ധമെന്ന് ആക്ഷേപം. ഇത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പുതിയ ചട്ടം നിയമവിരുദ്ധമെന്നും  നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്നതാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, വി.ഡി. സതീശന്‍ എന്നിവര്‍ ചട്ടത്തിനെതിരെ രംഗത്തുവന്നിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് ഇത് ശ്രദ്ധയില്‍പെടുത്തിയിരുന്നതായി മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി അറിയിച്ചു. നിയമപ്രകാരമുള്ള ഡാറ്റാബാങ്കില്ലാത്തതിനാല്‍ 2008ന് ശേഷമുള്ള നിലംനികത്തലും അംഗീകരിക്കപ്പെടുമെന്ന  ആരോപണമാണ്  ഉയരുന്നത്. വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് 2008ലെ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണനിയമം കഴിഞ്ഞസര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ നിയമപ്രകാരം വര്‍ഷത്തിലൊരിക്കലെങ്കിലും നെല്‍കൃഷിയിറക്കുന്നത്, നെല്‍കൃഷിയോഗ്യമെങ്കിലും തരിശായിട്ടിരിക്കുന്നത്, വയലിനോട് അനുബന്ധിച്ച ബണ്ട്, കുളം,തോട് എന്നിവയെയാണ് വയല്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
ഈ നിയമത്തെ ആധാരമാക്കി  2015 നവംബര്‍ 28 ന് റവന്യൂവകുപ്പ് പുറത്തിറക്കിയ ചട്ടത്തില്‍ വില്ളേജ് രേഖകളില്‍ നിലമെന്ന് കാണുന്നതും എന്നാല്‍ ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ നെല്‍വയല്‍ അല്ളെങ്കില്‍ തണ്ണീര്‍ത്തടമായി  രേഖപ്പെടുത്താത്തതുമായ സ്ഥലം എന്നാണ് വയലിനെ നിര്‍വചിച്ചിരിക്കുന്നത്.  
ഏകദേശം 37 ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ മാത്രമേ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുള്ളു. ഇതിന്‍െറ കൃത്യതയെക്കുറിച്ചും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ നിലംനികത്തല്‍ ക്രമപ്പെടുത്തല്‍ ചട്ടം നിലനില്‍ക്കില്ളെന്നാണ് ആക്ഷേപം. 2008 ആഗസ്റ്റ് 12ന് മുമ്പ് നികത്തിയ വയലുകള്‍ ന്യായവിലയുടെ 25 ശതമാനം ഫീസ് ഈടാക്കി ക്രമപ്പെടുത്താമെന്നാണ്  ഭേദഗതി. വിജ്ഞാപനം വന്നതിന് തൊട്ടുപിന്നാലെ പല ജില്ലകളിലും  ഇതിനായി നിര്‍ദേശിച്ച 500 രൂപ  ഫീസ് വാങ്ങി അപേക്ഷ സ്വീകരിച്ചുതുടങ്ങി. നിയമത്തില്‍ നെല്‍വയലിന് നല്‍കിയ നിര്‍വചനത്തില്‍ നിന്ന് വ്യത്യസ്തമാണ് ചട്ടത്തില്‍ നല്‍കിയ നിര്‍വചനമെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. നിയമസഭ പാസാക്കിയ നിയമത്തിന് വിരുദ്ധമാണിത്. ഭരണനേതൃത്വം അറിയാതെ ഇങ്ങനെ സംഭവിക്കില്ല. കെ.പി.സി.സി യുടെ തീരുമാനത്തിന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടി. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ മാത്രം പഴിപറയാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധ ചട്ടം ഭൂമാഫിയയെ സഹായിക്കാന്‍ -വി.എസ്
തിരുവനന്തപുരം: നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായി ചട്ടങ്ങള്‍ ഉണ്ടാക്കിയത് ഭൂമാഫിയയെ സഹായിക്കാനും ഭൂമി കച്ചവടത്തിലൂടെ കോടികള്‍ തട്ടാനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. നിയമപരമായി നിലനില്‍പ്പില്ലാത്ത ഈ ചട്ടം  പിന്‍വലിക്കണം. നെല്‍വയലിന്‍െറ നിര്‍വചനംതന്നെ പാടെ മാറ്റിമറിച്ചാണ് ചട്ടമുണ്ടാക്കിയിരിക്കുന്നത്.
കൃഷിയോഗ്യമായതും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൃഷി ചെയ്യുന്നതുമായ സ്ഥലം എന്ന നിര്‍വചനം മാറ്റി. വില്ളേജ് രേഖകളില്‍ കാണുന്നതും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതുമായ സ്ഥലം എന്ന് നെല്‍വയലിനെ നിര്‍വചിച്ചിരിക്കുകയാണ്. എന്നാല്‍, നിയമപരമായി നിലനില്‍ക്കുന്ന ഡാറ്റാ ബാങ്കുകളൊന്നും പ്രാദേശികമായി തയാറാക്കിയിട്ടില്ല.
ചട്ടത്തില്‍ റവന്യൂ വകുപ്പ് വരുത്തിയ മാറ്റത്തില്‍ മുതലെടുപ്പ് നടത്തുക ഭൂമാഫിയയും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരും ആയിരിക്കും. എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 2008ലെ നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള നീക്കമാണിത്.  അതിനാലാണ് നിയമസഭയിലോ സഭാസമിതികള്‍ക്കോ മുന്നില്‍ കൊണ്ടുവരാതെ രഹസ്യമായി ഇത്തരമൊരു മാറ്റം കൊണ്ടുവന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.