ബാര്‍ കേസില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ നയം ചോദ്യംചെയ്ത് ബാറുടമകള്‍ നല്‍കിയ ഒരുകൂട്ടം ഹരജികളില്‍ ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് ചൊവ്വാഴ്ച വിധി പറയും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ, അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി എന്നിവര്‍ ഉള്‍പ്പെടെ മുന്‍നിര അഭിഭാഷകരെയാണ് ബാറുടമകള്‍ വാദത്തിന് ഇറക്കിയിരുന്നത്. സര്‍ക്കാറിന് വേണ്ടി കപില്‍ സിബലും വി. ഗിരിയും ഹാജരായി.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ അനുവദിച്ചത് വിവേചനമാണെന്ന് ബാര്‍ ഉടമകള്‍ വാദിക്കുന്നു. ഘട്ടങ്ങളായി മദ്യ ഉപയോഗം കുറച്ച് മദ്യനിരോധത്തിലേക്ക് നീങ്ങുന്നതിനു വേണ്ടിയാണ് ലൈസന്‍സ് പരിമിതപ്പെടുത്തിയതെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. വിനോദസഞ്ചാര വികസനം കണക്കിലെടുത്താണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.

എന്നാല്‍, ബിവറേജസ് വില്‍പനശാലകള്‍ വഴി മദ്യം വില്‍ക്കുന്നുവെന്നിരിക്കെ, മദ്യ ലഭ്യത കുറക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് ബാറുടമകള്‍ കോടതിയില്‍ ബോധിപ്പിച്ചു. സംസ്ഥാനത്തിന്‍െറ മദ്യനയം ഹൈകോടതി സിംഗ്ള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ശരിവെച്ചതോടെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മദ്യനയം പ്രകടനപത്രികയുടെ ഭാഗമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും കേസില്‍ കക്ഷിചേര്‍ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.