10 ഏക്കര്‍വരെ വയല്‍ നികത്തല്‍: ഓര്‍ഡിനന്‍സ് കരടും തയാറാക്കിയെന്ന് രേഖ

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിന് പത്തേക്കര്‍ വരെ നെല്‍വയല്‍ നികത്തുന്നത് നിയമ വിധേയമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന്‍െറ കരടും തയാറാക്കിയെന്ന് രേഖകള്‍. ഭേദഗതിക്കുള്ള ഫയലുകള്‍ വിവിധ വകുപ്പുകളിലേക്ക് നീങ്ങിയെങ്കിലും നീക്കം തകര്‍ത്തത് പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ജെ. ചിദംബര അയ്യരുടെ കുറിപ്പ്.  സെപ്റ്റംബര്‍ മൂന്നിന് നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിന്‍െറ കുറിപ്പോടെ എത്തിയ കരട് ഫയലില്‍ നാലിന് മുഖ്യമന്ത്രി ഒപ്പുവെച്ചിരുന്നു. എന്നാല്‍, ഒമ്പതിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പരിസ്ഥിതി വകുപ്പിന്‍െറ അഭിപ്രായം ആരായാന്‍ തീരുമാനിച്ചത്.

പരിസ്ഥിതി വകുപ്പിന്‍െറ അഭിപ്രായം കൂടി രേഖപ്പെടുത്തി 16ന് നടക്കുന്ന  മന്ത്രിസഭാ യോഗത്തില്‍ വെക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് അഡീഷനല്‍ സെക്രട്ടറി റെയ്ചല്‍ വര്‍ഗീസ് 14ന് പരിസ്ഥി വകുപ്പിന് കത്തെഴുതി. 16ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കേണ്ട കരടാണിതെന്ന പ്രത്യേക സൂചനയോടെയാണ് കത്ത് നല്‍കിയത്. പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകട്ടെ 15നുതന്നെ മറുപടി നല്‍കി. റവന്യൂ വകുപ്പ് തണ്ണീര്‍ത്തടങ്ങളുടെ ചട്ടത്തിന് രൂപംനല്‍കല്‍ നടത്തേണ്ടതില്ളെന്ന് അസന്ദിഗ്ധമായി അദ്ദേഹം രേഖപ്പെടുത്തി. ഇതു സംസ്ഥാനത്തെ നെല്‍വയല്‍ നികത്തല്‍ ചരിത്രത്തില്‍ വഴിത്തിരിവായി മാറുകയായിരുന്നു. ഇതിനത്തെുടര്‍ന്നാണ് 21ന് ഭേദഗതി പിന്‍വലിച്ചതായി മുഖ്യമന്ത്രിക്കുവേണ്ടി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രസ്താവനയിറക്കിയത്.  

നിയമനിര്‍മാണ വകുപ്പില്‍നിന്ന് ലഭിച്ച കത്തിന്‍െറ അടിസ്ഥാനത്തില്‍ 2015 ഏപ്രില്‍ 24നാണ് റവന്യൂ വകുപ്പ് നിയമഭേദഗതിക്ക് പ്രവര്‍ത്തനം തുടങ്ങിയത്. ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്‍െറ ധനകാര്യ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിന് ചട്ടത്തിന് രൂപംനല്‍കാനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍  ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് റവന്യൂ വകുപ്പ് കത്ത് നല്‍കി. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് നിയമസഭാ സെക്രട്ടേറിയറ്റും നിയമവകുപ്പുമാണ്. അതിനാല്‍ ഭരണവകുപ്പ് നടപടികള്‍ സ്വീകരിക്കേണ്ടതില്ളെന്നും റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി കുറിച്ചു. തുടര്‍ന്ന് ഭരണ നിര്‍വഹണ വകുപ്പ് ഭേദഗതി കൊണ്ടുവരുന്നതിന് നിയമപരമായി തടസ്സമില്ളെന്ന് റിപ്പോര്‍ട്ട് നല്‍കി. ‘2008ലെ കേരള നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണ നിയമം വീണ്ടും ഭേദഗതി ചെയ്യുന്നതിനുള്ള ഒരു ഓര്‍ഡിനന്‍സ്’ എന്ന പേരില്‍ കരട് സെപ്റ്റംബര്‍ എട്ടിന് ഫയലില്‍ എത്തി.

മന്ത്രിസഭായോഗത്തില്‍ അനുമതി നേടിയശേഷം കരട് ഓര്‍ഡിനന്‍സ് തുടര്‍നടപടിക്ക് മടക്കി അയക്കണമെന്ന നിര്‍ദേശത്തോടെയാണ് നിയമവകുപ്പ് സെക്രട്ടറി റവന്യൂ വകുപ്പിന് നല്‍കിയത്. ആഗസ്റ്റ് 18ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിയമ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ മന്ത്രി അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് മന്ത്രിസഭായോഗത്തില്‍ കരട് പരിഗണിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.