നെല്ല് സംഭരണം: കര്‍ഷകര്‍ക്ക്  50 കോടി കുടിശ്ശിക



കോട്ടയം: സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് നെല്ലിന്‍െറ വര്‍ധിപ്പിച്ച സംഭരണ വിലയായി സര്‍ക്കാര്‍ നല്‍കാനുള്ള 50 കോടി  ജനുവരി 15നകം വിതരണം ചെയ്യുമെന്ന് സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍. ആലപ്പുഴ,കോട്ടയം,പാലക്കാട് ജില്ലകളിലെ കര്‍ഷകര്‍ക്ക് തുക വിതരണം ചെയ്യാന്‍ എല്ലാ നടപടിയും പൂര്‍ത്തിയായതായി കോര്‍പറേഷന്‍െറ ഉന്നത വക്താവ് മാധ്യമത്തോടു പറഞ്ഞു. 
പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം തുക നല്‍കാനുള്ളത് 23 കോടി. കോട്ടയത്ത് 11 കോടിയും ആലപ്പുഴയില്‍ 10 കോടിയും നല്‍കാനുണ്ട്. നെല്ല് സംഭരണം അവതാളത്തിലാകുകയും വിലയിടിവില്‍ കര്‍ഷകര്‍ നട്ടം തിരിയുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംഭരണ വില വര്‍ധിപ്പിച്ചത്. എന്നാല്‍, സംഭരിച്ച നെല്ലിന്‍െറ വില കൃത്യസമയത്ത് നല്‍കാത്തതിനാല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ദുരിതത്തിലായിരുന്നു. തുക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷകരും ജനപ്രതിനിധികളും നിരന്തരം സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ധനവകുപ്പിന്‍െറ നിഷേധാത്മക നിലപാടിനെ തുടര്‍ന്ന് ഫണ്ട് കൈമാറുന്നതില്‍ കാലതാമസം ഉണ്ടായി. ഇതേച്ചൊല്ലി ധന-ഭക്ഷ്യവകുപ്പുകള്‍ തമ്മില്‍ ഭിന്നതയും ഉടലെടുത്തു. നെല്ല് സംഭരിച്ച വകയില്‍ നേരത്തേ സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍  കര്‍ഷകര്‍ക്ക് 350 കോടിയുടെ കുടിശ്ശിക നല്‍കാനുണ്ടായിരുന്നത് അടുത്തിടെയാണ് വിതരണം ചെയ്തത്. 
ഈ തുകയുടെ കൈമാറ്റത്തിനും ധനവകുപ്പ് എതിരുനിന്നത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭ്യമാക്കിയത്. നെല്ല് സംഭരണം പൂര്‍ത്തിയാക്കി വര്‍ഷം ഒന്നുകഴിഞ്ഞിട്ടും തുക നല്‍കാത്തത് കര്‍ഷകരില്‍ വന്‍ പ്രതിഷേധത്തിനും വഴിയൊരുക്കിയിരുന്നു. തുക കൃത്യമായി കിട്ടാതായതോടെ  പല കര്‍ഷകരും സ്വകാര്യമില്ലുകള്‍ക്കാണ് നെല്ല് വിറ്റത്. 
കിലോക്ക് 19 രൂപയായിരുന്ന സംഭരണ വില 21.50 രൂപയായാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. അടുത്ത നെല്ല് സംഭരണം നടക്കുന്നതിനിടെയാണ് പോയ വര്‍ഷത്തെ തുക കര്‍ഷകര്‍ക്ക് ലഭിക്കാനിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.