ബാർ കോഴയിൽ ഹൈകോടതി വിധി ഇന്ന്

കോട്ടയം: ബാർ കോഴ വിവാദം തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയത്തിന് കാരണമായെന്ന ആക്ഷേപം ശക്തമായിരിക്കെ കേസിൽ ഹൈകോടതിയുടെ അന്തിമ വിധി തിങ്കഴാഴ്ച. ഹൈകോടതിയിൽനിന്ന് അനുകൂല ഉത്തരവിന് സാധ്യത വിരളമായതിനാൽ ധാർമികതയുടെ പേരിൽ മാണി രാജിവെക്കണമെന്ന ആവശ്യമാകും കോൺഗ്രസ് ഉന്നയിക്കുക. വിധി എന്തായാലും കോൺഗ്രസ് സമ്മർദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കേരള കോൺഗ്രസ് തീരുമാനം. രാജി ആവശ്യം തള്ളാനും കോൺഗ്രസ് നീക്കം ശക്തമായി പ്രതിരോധിക്കാനുമുള്ള നിയമസഭാ കക്ഷി തീരുമാനം മാണി ഗ്രൂപ് ശനിയാഴ്ച  മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

തോൽവിയെക്കുറിച്ച് കൂടുതലൊന്നും മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതും ഇതേതുടർന്നാണ്. ഭരണത്തിലെ വീഴ്ചയും പ്രവർത്തന വൈകല്യങ്ങളും സീറ്റ് വിഭജനത്തിലെ പ്രശ്നങ്ങളും തോൽവിക്ക് കാരണമായിരിക്കെ പഴി മുഴുവൻ തങ്ങളുടെ തലയിൽ ചുമത്താനുള്ള കോൺഗ്രസ് നീക്കം എന്തുവിലകൊടുത്തും ഒറ്റക്കെട്ടായി ചെറുക്കാനാണ് കേരള കോൺഗ്രസ് തീരുമാനം.

ഹൈകോടതി ഉത്തരവ് അനുകൂലമല്ലെങ്കിൽ തുടർനടപടി പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ അടുത്ത ദിവസങ്ങളിൽ തന്നെ പാർട്ടി ഉന്നതാധികാര സമിതിയോ കോർ കമ്മിറ്റിയോ വിളിക്കാനും ധാരണയായി. തോൽവി നേരിട്ട മുസ്ലിംലീഗിനോടും ആർ.എസ്.പിയോടും ഇതേനിലപാട് സ്വീകരിക്കുമോയെന്ന ചോദ്യമാകും പാർട്ടി കോൺഗ്രസ് നേതൃത്വത്തോട് ഉന്നയിക്കുക.  ബാർ കോഴയിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടാൽ അന്വേഷണവുമായി മുന്നോട്ട് പോകട്ടെയെന്ന നിലപാടാകും പാർട്ടിയുടേത്.

പഴയ ജോസഫ് വിഭാഗത്തിനടക്കം ഇതേ നിലപാടാണ്. മന്ത്രി പി.ജെ. ജോസഫ് മാണിക്ക് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. കഴിഞ്ഞ നാലര വർഷത്തിനിടെ എത്രപേർ ധാർമികതയുടെ പേരിൽ രാജിവെച്ചെന്നാണ് മാണി ഗ്രൂപ്പിെൻറ ചോദ്യം. മാണിക്കെതിരെ പാർട്ടിയിൽനിന്ന് തൽക്കാലം അപശബ്ദങ്ങളൊന്നും ഉയരില്ല. മാണിയുടെ നയനിലപാടുകളോട് അതൃപ്തിയുള്ളവർ നിരവധിയുണ്ടെങ്കിലും തൽക്കാലം ഒറ്റക്കെട്ടായി നിൽക്കും.

പി.സി. ജോർജ് കേരള കോൺഗ്രസ് സെക്കുലർ നേതൃത്വം ഏറ്റെടുക്കുന്നതോടെ മാണിക്ക് മുന്നിൽ വെല്ലുവിളി ഏറുകയാണ്. പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മാണി ഗ്രൂപ്പിെൻറ ശക്തയായ സ്ഥാനാർഥിയുടെ തോൽവി വരാനിരിക്കുന്ന ഏറ്റുമുട്ടലിെൻറ ആദ്യ സൂചനയാണ്. പാർട്ടിക്ക് നേരെയുണ്ടാകുന്ന ഏതുനീക്കവും ചെറുക്കാൻ സഭകളുടെ പിന്തുണയും മാണി ഗ്രൂപ് ഉറപ്പാക്കുന്നുണ്ട്. കോടതി ഉത്തരവ് എന്തായാലും ശക്തമായി മുന്നോട്ട് പോകാനുള്ള പാർട്ടി നിലപാടിന് സഭകളുടെ പിന്തുണയുണ്ടെന്ന് പാർട്ടിയുടെ പ്രമുഖ നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, മാണിയെ സംരക്ഷിച്ച് ഇനിയും മുന്നോട്ടുപോയാൽ  നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയിലാണ് കോൺഗ്രസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.