ധനമന്ത്രി കെ.എം മാണി രാജിവെച്ചു

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രി കെ. എം മാണി രാജിവെച്ചു. മാണിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി സമര്‍പ്പിച്ചു. ബാര്‍ കോഴയില്‍ ഏറ്റവും ഒടുവില്‍ ഹൈകോടതി നടത്തിയ രൂക്ഷ പരാമര്‍ശത്തിന്‍െറ പശ്ചാത്തലത്തില്‍ യു.ഡി.എഫില്‍ നിന്നും ഉയര്‍ന്ന ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മാണി മന്ത്രിസ്ഥാനം രാജിവെച്ചത്.

നിയമമന്ത്രി എന്ന നിലയില്‍ നിയമ വ്യവസ്ഥയെ മാനിക്കുന്നതുകൊണ്ടാണ് താന്‍ രാജിവെക്കുന്നതെന്ന് കെ. എം മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലാണ് മാണി മാധ്യമങ്ങളെ കണ്ടത്. യു.ഡി.എഫിനുള്ള കലവറയില്ലാത്ത പിന്തുണ നല്‍കും. രാജിക്കായി ഒരു സമ്മര്‍ദ്ദവും ഇല്ലായിരുന്നു. സ്വമേധയാ എടുത്ത തീരുമാനമാണെന്നും മാണി അറിയിച്ചു.

അതേസമയം മാണിയുടെ രാജിക്കത്ത് യു.ഡി.എഫ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസഫ് എം. പുതുശ്ശേരി അറിയിച്ചു. തോമസ് ഉണ്ണിയാടന്‍െറ രാജിക്കത്തും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും പുതുശ്ശേരി അറിയിച്ചു.

ഇന്ന് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മാണി രാജിവെക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന അഭിപ്രായം രൂപപ്പെട്ടിരുന്നു. മാണിയുടെ രാജിയാണ് ഏക പോംവഴിയെന്ന് പി.ജെ.ജോസഫ് വിഭാഗവും നിലപാടെടുത്തതോടെയാണ് രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

2014 ഒക്ടോബര്‍ 31ന് സ്വകാര്യ ചാനലില്‍ ചര്‍ച്ചക്കിടെ ബാര്‍ ഉടമയായ ബിജു രമേശാണ് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ വേണ്ടി കെ. എം മാണി കോഴ ആവശ്യപ്പെട്ടു എന്ന ആരോപണവുമായി രംഗത്തുവന്നത്. ആരോപണം വന്നതോടെ മാണിക്കെതിരെ പ്രതിഷേധം ശക്തമായി. ഇതിനുശേഷം ഒരു വര്‍ഷത്തിലേറെയായി ഉയര്‍ന്നുവന്ന രാജി ആവശ്യത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. പ്രതിപക്ഷത്തുനിന്നും വന്ന ശക്തമായ രാജി ആവശ്യങ്ങള്‍ക്ക് പിന്നാലെ ഭരണപക്ഷത്തുനിന്നുള്ള നേതാക്കള്‍ വരെ മാണിക്കെതിരെയുള്ള കോഴയാരോപണം ഗുരുതരമാണെന്ന് വിശ്വസിച്ചു. എന്നാല്‍ രാജിവെക്കില്ല എന്ന് മാണിയും, മാണി രാജിവെക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ സര്‍ക്കാറിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നു.

കഴിഞ്ഞ ദിവസം കോടതി മാണിക്കെതിരെയുള്ള കോഴയാരോപണത്തില്‍ ശക്തമായ നിലപാട് എടുത്തതോടെയാണ് രാജി എന്ന ഏക പോംവഴി മാണിക്ക് തേടേണ്ടിവന്നത്. മന്ത്രിസ്ഥാനത്ത് തുടരുന്ന കാര്യം മാണിയുടെ ധാര്‍മികതക്ക് വിടുന്നു എന്ന് പറഞ്ഞ കോടതി, സീസറിന്‍െറ ഭാര്യ സംശയത്തിനതീതയായിരിക്കണമെന്നും വ്യക്തമാക്കി.

കേസില്‍ കഴിഞ്ഞദിവസം കോടതിയുടെ വിധി വന്നതോടെ യു.ഡി.എഫില്‍ നിന്ന്, പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദമാണ് മാണിയുടെ രാജിക്കായി ഉണ്ടായത്. സര്‍ക്കാര്‍ വീണാലും മാണി രാജിവെക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്. മാണി രാജിവെക്കുമോയെന്ന ചോദ്യത്തിന് എല്ലാം കാത്തിരുന്നു കാണാമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ നേരത്തെ പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.